കൊല്ലം: ചടയമംഗലം ജടായുപാറയിലേക്ക് പണിയുന്ന 1008 പടികളുടെ നിർമാണ ജോലികൾ മാർച്ച് 3 ന് സമാരംഭിക്കും. പാറയുടെ അടിവാരത്ത് ഉച്ചയ്ക്കുശേഷം 3 മണിക്ക് നടക്കുന്ന ചടങ്ങിൽ ആദ്യത്തെ പടവ് ഉഡുപ്പി പേജവാർ മഠാധിപതിയും അയോധ്യ ശ്രീരാമജന്മഭൂമി ക്ഷേത്ര ട്രസ്റ്റിയുമായ സ്വാമി വിശ്വപ്രസന്ന തീർത്ഥ സമർപ്പിക്കും. ആധാരശില ഋഷി ജ്ഞാന സാധനാലയം അധ്യക്ഷ ദേവി ജ്ഞാനാഭനിഷ്ഠ സ്ഥാപിക്കും. പൊതുസമ്മേളനം കേന്ദ്ര സാംസ്കാരിക വകുപ്പ് സഹമന്ത്രി അർജുൻ റാം മേഘ് വാൾ ഉദ്ഘാടനം ചെയ്യും. അദ്ധ്യാത്മരാമായണത്തിലെ ജടായുസ്തുതി ചൊല്ലി കൊണ്ടാണ് ചടങ്ങുകൾ ആരംഭിക്കുക. തുടർന്ന് ശീർഷക ഗാനത്തിന്റെ നൃത്താവിഷ്കാരവും തിരുവാതിരയും അവതരിപ്പിക്കും. പടവുനിർമ്മാണത്തിന്റെ പ്രചരണാർത്ഥം തയ്യാറാക്കിയ കുത്തിയോട്ട ചുവടുകളുടെ ദൃശ്യാവിഷ്കാരമായ “രാമതാനം” പ്രദർശിപ്പിക്കും.
എൻ.കെ.പ്രേമചന്ദ്രൻ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ലതിക വിദ്യാധരൻ, പഞ്ചായത്ത് പ്രസിഡൻറ് ജെ.വി ബിന്ദു, ചലച്ചിത്ര സംവിധായകൻ രാജീവ് അഞ്ചൽ തുടങ്ങിയവർ പ്രസംഗിക്കും.
സീതാദേവിയെ രക്ഷിക്കുന്നതിന് സ്വന്തം ജീവൻ ബലികൊടുത്ത ജടായുവിൻറെ വീരേതിഹാസം നിറഞ്ഞ ജീവത്യാഗത്തിന്റെ വ്യത്യസ്ത കലാരൂപങ്ങൾ അവതരിപ്പിക്കും. തുടർന്ന് നർത്തകി മഹാലക്ഷ്മിയുടെ സദാ രാമം ഭജേ എന്ന നൃത്തസന്ധ്യയും സ്വാമി കൃഷ്ണമയാനന്ദ തീർത്ഥ പാദരുടെ സോപാന നൃത്തവും ഉണ്ടായിരിക്കും.
കന്യാകുമാരി ജില്ലയിലുള്ള മൈലാടിയിൽ നിന്നും കൊണ്ടുവരുന്ന ശിലകൾ ഉപയോഗിച്ചാണ് പടവുകൾ നിർമ്മിക്കുന്നത്. 6 ഇഞ്ച് ഘനവും ഒരു അടി വീതിയുമുള്ള ശിലാപടവുകളുടെ നിർമ്മാണ ജോലികൾക്ക് ചെങ്ങന്നൂർ ബാലു ശില്പി നേതൃത്വം നൽകുന്നു. ജടായുപ്പാറ കോദണ്ഡ രാമ ക്ഷേത്രത്തിൽ നിന്നും ആധാരശിലയുടെ എഴുന്നള്ളിപ്പ് മാർച്ച് ഒന്നിന് ആരംഭിക്കും. വിവിധ ക്ഷേത്രങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങും. രണ്ടാം തീയതി വൈകുന്നേരം അഞ്ചിന് തന്ത്രി മുഖ്യൻ സതീശൻ ഭട്ടതിരിപ്പാടിന്റെ നേതൃത്വത്തിൽ വനദേവതാരാധന, യോഗീശ്വര പൂജ, വാസ്തുബലി ഭഗവതിസേവ തുടങ്ങിയവ നടക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: