കൊച്ചി: നേരത്തെ പ്ലേ ഓഫ് ഉറപ്പിച്ച ബ്ലാസ്റ്റേഴ്സിന് നാളെ ഐഎസ്എല്ലില്‍ ലീഗ് റൗണ്ടിലെ അവസാന മത്സരം. കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടക്കുന്ന പോരാട്ടത്തില്‍ എതിരാളികള്‍ ഷീല്‍ഡ് പോരാട്ടത്തില്‍ രണ്ടാം സ്ഥാനം നേടിയ ഹൈദരാബാദ് എഫ്സി. ലീഗ് റൗണ്ടിലെ അവസാന മത്സരം കൂടിയാണിത്. രണ്ടാം സ്ഥാനക്കാരായി ഹൈദരാബാദ് എഫ്സി മുംബൈക്കൊപ്പം നേരത്തെ തന്നെ സെമിഫൈനലും, ആദ്യ ആറ് സ്ഥാനങ്ങളിലെത്തി ബ്ലാസ്റ്റേഴ്സ് പ്ലേഓഫും ഉറപ്പാക്കിയെങ്കിലും ബ്ലാസ്റ്റേഴ്സിന് ഇന്നത്തെ മത്സരം നിര്‍ണായകമാണ്.
നിലവില്‍ 19 മത്സരങ്ങളില്‍ നിന്ന് 10 ജയവുമായി 31 പോയിന്റുള്ള ബ്ലാസ്റ്റേഴ്സ് അഞ്ചാം സ്ഥാനത്താണ്. കൊച്ചിയില്‍ പ്ലേ ഓഫ് മത്സരം കളിക്കണമെങ്കില്‍ ഇന്ന് ഹൈദരാബാദിനെ വന്‍ മാര്‍ജിനില്‍ ബ്ലാസ്റ്റേഴ്സ് തോല്‍പ്പിക്കണം. ലീഗില്‍ മൂന്നും നാലും സ്ഥാനക്കാര്‍ക്കാണ് ഹോം ഗ്രൗണ്ടില്‍ പ്ലേ ഓഫ് കളിക്കാനാവുക.
കഴിഞ്ഞ ഏഴ് മത്സരങ്ങളില്‍ രണ്ടെണ്ണം മാത്രം ജയിച്ച ബ്ലാസ്റ്റേഴ്സിന് അവസാന രണ്ട് മത്സരങ്ങളിലും തോല്‍വിയായിരുന്നു ഫലം. ഹോം ഗ്രൗണ്ടില്‍ കഴിഞ്ഞ ആറ് മത്സരങ്ങളിലും തോല്‍വി അറിയാത്ത ബ്ലാസ്റ്റേഴ്സ്, സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തുന്ന മഞ്ഞപ്പടയ്ക്ക് മുന്നില്‍ തകര്‍പ്പന്‍ വിജയത്തോടെ ലീഗ് റൗണ്ട് പോരാട്ടങ്ങള്‍ക്ക് അവസാനം കുറിക്കാനാണ് ഇറങ്ങുന്നത്.
രണ്ട് പ്ലേഓഫ് മത്സരങ്ങളിലെ വിജയികളാണ് ഇനി സെമിയില്‍ പ്രവേശിക്കുക. നിലവില്‍ മൂന്നാം സ്ഥാനക്കാരായ ബെംഗളൂരു എഫ്സിക്ക് 34 പോയിന്റുണ്ട്. ഇന്നലെ എടികെ മോഹന്ബഗാന് ഈസ്റ്റ് ബംഗാളിനെ തോല്‍പ്പിച്ചതോടെ അവര്‍ക്കും 34 പോയിന്റായി. ഇന്ന് ബ്ലാസ്റ്റേഴ്സും ജയിച്ചാല്‍ മൂന്ന് ടീമുകള്‍ക്കും തുല്യ പോയിന്റാവും. അങ്ങനെ വന്നാല്‍ പരസ്പരം കളിച്ചതിന്റെ മുന്‍തൂക്കത്തില്‍ ബഗാന് മൂന്നാം സ്ഥാനക്കാരാവും.
പരസ്പരം മത്സരിച്ച കണക്കുകളില്‍ ബ്ലാസ്റ്റേഴ്സും ബെംഗളൂവും തുല്യമായതിനാല്‍ ഗോള്‍ വ്യത്യാസം കണക്കാക്കിയാവും നാലാം സ്ഥാനക്കാരെ നിര്‍ണയിക്കുക. എല്ലാ മത്സരങ്ങളും പൂര്‍ത്തിയാക്കിയ ബെംഗളൂരു ഗോള്‍ ശരാശരിയില്‍ ബ്ലാസ്റ്റേഴ്സിനേക്കാള്‍ മുന്നിലാണ്. ഇന്ന് മൂന്ന് ഗോള്‍ വ്യത്യാസത്തില്‍ ഹൈദരാബാദിനെ തോല്പിച്ചാല് ബാസ്റ്റേഴ്സിന് നാലാം സ്ഥാനക്കാരാവാം. അങ്ങനെ വന്നാല്‍ ബ്ലാസ്റ്റേഴ്സും ബെംഗളൂരുവും തമ്മിലായിരിക്കും ആദ്യ പ്ലേഓഫ് പോരാട്ടം. എടികെ ബഗാനും
ഒഡീഷ എഫ്സിയും തമ്മിലാവും രണ്ടാം പ്ലേഓഫ്. മാര്‍ച്ച് 3, 4 തീയതികളിലാണ് പ്ലേ ഓഫ്. 7ന് മുംബൈ എഫ്സിയും ആദ്യ പ്ലേഓഫിലെ ജേതാക്കളും ആദ്യ സെമിഫൈനല്‍ കളിക്കും. 9ന് രണ്ടാം സെമിയില്‍ ഹൈദരാബാദ് എഫ്സി രണ്ടാം പ്ലേഓഫിലെ വിജയികളെ നേരിടും. മാര്‍ച്ച് 18ന് ഗോവയിലാണ് കലാശക്കളി.
അതേസമയം അവസാന രണ്ട് എവേ മത്സരങ്ങളില്‍ ഈസ്റ്റ് ബംഗാളിനോടും എടികെ മോഹന്‍ബഗാനോടും പരാജയപ്പെട്ടതിനുശേഷമാണ് ബ്ലാസ്റ്റേഴ്സ് ലീഗ് റൗണ്ടിലെ അവസാന പോരാട്ടത്തിനിറങ്ങുന്നത്. ഇരു ടീമുകളും തമ്മില്‍ ഈ സീസണില്‍ നേരത്തെ ഏറ്റുമുട്ടിയപ്പോള്‍ ബ്ലാസ്റ്റേഴ്സിനായിരുന്നു ജയം. ഇന്ന് കൊച്ചിയില്‍ സ്വന്തം കാണികള്‍ക്ക് മുന്നില്‍ അതിലും മികച്ച വന്‍ വിജയമാണ് വുകുമനോവിച്ചും സംഘവും പ്രതീക്ഷിച്ചിരിക്കുന്നത്. ദിമിത്രിയോസ് ഡിയമന്റകോസ്, ഇവാന് കലിയൂഷ്നി, സഹല്‍ അബ്ദുള്‍ സമദ് തുടങ്ങിയ താരനിര അവസരത്തിനൊത്തുയര്‍ന്നാല്‍ ബ്ലാസ്റ്റേഴ്സിന് മികച്ച വിജയം സ്വന്തമാക്കാന്‍ കഴിഞ്ഞേക്കും.
മുന്‍ ബ്ലാസ്റ്റേഴ്സ് താരവും ഇപ്പോള്‍ ഹൈദരാബാദിന്റെ കുന്തമുനയുമായ ബര്‍ത്തലോമിയോ ഒഗ്ബച്ചെയെ പൂട്ടുന്നതില്‍ ബ്ലാസ്റ്റേഴ്സ് പ്രതിരോധം വിജയിക്കുകയും വേണം. നിലവില്‍ 10 ഗോളടിച്ച് മികച്ച ഫോമിലാണ് ഒഗ്ബച്ചെ. ബ്ലാസ്റ്റേഴ്സിന്റെ ദിമിത്രിയോസും പത്ത് ഗോളുകള്‍ നേടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: