തിരുവനന്തപുരം: ഭിന്നശേഷി സൗഹൃദം ലക്ഷ്യമിട്ട് വിവിധ മാതൃകാപരമായ പദ്ധതികള്‍ സംസ്ഥാനത്ത് ആവിഷ്കരിച്ച് നടപ്പാക്കി വരുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്. ‘കെട്ടിടങ്ങള്‍ ബാരിയര്‍ ഫ്രീ ആക്കുന്ന പദ്ധതി ഭിന്നശേഷി സൗഹൃദ നടപടിയില്‍ ഏറ്റവും പ്രധാനമാണ്. നമ്മുടെ പൊതു ഇടങ്ങള്‍ ഭിന്നശേഷി സൗഹൃദമാക്കുന്നതിനുള്ള നടപടികള്‍ നടന്നു വരികയാണ്,’ ഭിന്നശേഷി കുട്ടികളുടെ പ്രഥമ ദേശീയ കലോത്സവമായ ‘സമ്മോഹന്’ തിരുവനന്തപുരം കഴക്കൂട്ടത്തെ ഡിഫറന്റ് ആര്‍ട്ട് സെന്ററില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
രാജ്യത്ത് ആദ്യമായി നടക്കുന്ന ഭിന്നശേഷി കുട്ടികളുടെ കലോത്സവത്തിന് എന്തുകൊണ്ടും വേദിയാകേണ്ടത് ഡിഫറന്റ് ആര്‍ട്ട് സെന്റര്‍ ആണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഭിന്നശേഷിക്കാര്‍ക്കായുള്ള സര്‍ക്കാരിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം സഹകരിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് സെന്റര്‍. രണ്ടു ദിവസത്തെ മേള കലാപരിപാടികളില്‍ ഒതുങ്ങാതെ ഭിന്നശേഷിക്കാര്‍ക്കുള്ള പദ്ധതികളെകുറിച്ചുള്ള ക്ലാസുകള്‍, സെമിനാര്‍, പ്രദര്‍ശനം എന്നിവ കൂടി ഉള്‍പ്പെടുത്തിയത് ശ്രദ്ധേയമാണ്.
ഭിന്നശേഷിക്കാരെ മുഖ്യധാരയുടെ ഭാഗമാക്കാന്‍ നടത്തുന്ന സമഗ്ര പ്രവര്‍ത്തനങ്ങള്‍ക്ക് ഇത്തരം മേളകള്‍ ആക്കം കൂട്ടുമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അഞ്ച് വേദികളിലായി നടക്കുന്ന കലോത്സവത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 1000 ഓളം കുട്ടികള്‍ പങ്കെടുക്കുന്നുണ്ട്.
ഉദ്ഘാടന ചടങ്ങില്‍ പ്രാര്‍ത്ഥനാഗാനം ചൊല്ലിയ ഭിന്നശേഷി കലാകാരിയും തമിഴ്നാട് സ്വദേശിയുമായ ജ്യോതികലയെ മുഖ്യമന്ത്രി പൊന്നാട അണിയിച്ചു. സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര് ബിന്ദു അധ്യക്ഷത വഹിച്ചു. സമ്മോഹന് പോലുള്ള വേദികള്‍ ഭിന്നശേഷി കുട്ടികള്‍ക്ക് ആത്മപ്രകാശനത്തിനുള്ള വഴിയൊരുക്കുന്നതാണെന്നും ആത്മപ്രകാശനം കുട്ടികളില്‍ ആനന്ദവും ആത്മവിശ്വാസവും വര്‍ദ്ധിപ്പിക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
കടകംപള്ളി സുരേന്ദ്രന് എം.എല്‍.എ, കേന്ദ്ര സാമൂഹ്യനീതിശാക്തീകരണ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി കെ.ആര് വൈദീശ്വരന്‍, സംഘാടകസമിതി ചെയര്മാന് ജിജി തോംസണ്‍, ഡിഫറന്റ് ആര്‍ട്ട് സെന്റര്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട് തുടങ്ങിയവര്‍ സംസാരിച്ചു. ഉദ്ഘാടനത്തിന് മുമ്പ് ഭിന്നശേഷി കലാകാരന്മാര് അവതരിപ്പിച്ച ഉജ്ജ്വല വീല്‍ചെയര്‍ ഡാന്‍സ് ചടങ്ങിന് മിഴിവേകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: