കണ്ണൂര്‍: വേനല്‍ കനക്കുന്നതിന് മുമ്പേ സംസ്ഥാനം പകല്ചൂടില് ഉരുകുകയാണ്. കണ്ണൂരിലാണ് സംസ്ഥാനത്ത് ഏറ്റവും ചൂട് കൂടിയ ജില്ല. ഈ മാസം മൂന്നു ദിവസം 40 ഡിഗ്രി സെല്‍ഷ്യസിനു മുകളില്‍ ചൂട് രേഖപ്പെടുത്തിയതും കണ്ണൂര്‍ തന്നെ. മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളില്‍ അനുഭപ്പെടാറുള്ള ചൂടാണ് സംസ്ഥാനത്താകമാനം ഫെബ്രുവരി മാസത്തിന്റെ തുടക്കത്തില്‍ തന്നെ നേരിട്ടുകൊണ്ടിരിക്കുന്നത്.
സംസ്ഥാന കാലാവസ്ഥാ വകുപ്പിന്റെ കണക്കു പ്രകാരം പാലക്കാട്, തൃശ്ശൂര്‍, മലപ്പുറം ജില്ലകളിലും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയത്. 38 ഡിഗ്രി വരെയായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ ശരാശരി ഇവിടങ്ങളിലെ താപനില. ഇന്നലെ കണ്ണൂര്‍ എയര്‍പോര്‍ട്ട് 39.5 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് രേഖപ്പെടുത്തിയത്. ഇരിക്കൂറില്‍ ഇന്നലെ 38.5 ഡിഗ്രിയാണ് ചൂട് രേഖപ്പെടുത്തിയിരിക്കുന്നത്.
നിലവില്‍ പുലര്‍ച്ചെ തണുപ്പും പത്തുമണിക്ക് ശേഷം കനത്ത ചൂടുമായ കാലാവസ്ഥയാണുളളത്. സാധാരണ ഡിസംബര്‍ മാസംതന്നെ ശൈത്യകാലം തുടങ്ങേണ്ടതാണ്. എന്നാല്‍ ഇത്തവണ ഈ വര്‍ഷം ജനുവരി രണ്ടാംവാരമായപ്പോഴാണ് തണുപ്പ് അനുഭവപ്പെടാന്‍ തുടങ്ങിയത്. അതാണ് പുലര്കാലങ്ങളില് തണുപ്പ് കാലാവസ്ഥ അനുഭവപ്പെടാന്‍ കാരണം. വരും ദിവസങ്ങളിലും തണുപ്പും ചൂടും തുടരാനാണ് സാധ്യതയെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചിട്ടുണ്ട്.
ക്രമാതീതമായി ഉയരുന്ന ചൂട് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് തുറന്ന സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികളെയാണ്. ഇവര്‍ സൂര്യാഘാതം, നിര്‍ജ്ജലീകരണം, സൂര്യതാപം തുടങ്ങിയ പ്രശ്നങ്ങള്‍ക്കുള്ള മുന്‍കരുതലുകളെടുക്കേണ്ടത് അത്യാവശ്യമാണ്. ചൂട് കനത്തതോടെ സംസ്ഥാനത്തെ തീരപ്രദേശങ്ങള്‍ ഇതിനോടകം കുടിവെള്ളക്ഷാമത്തിന്റെ പിടിയിലമര്ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: