പാലക്കാട് : സാമ്പത്തിക തട്ടിപ്പ് കേസില്‍ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും കെടിഡിസി ചെയര്‍മാനുമായ പി.കെ. ശശിക്കെതിരെ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പുത്തലത്ത് ദിനേശന്റെ അന്വേഷണം ഇന്ന് മുതല്‍. പി.കെ ശശി ചെയര്‍മാനായ യൂണിവേഴ്‌സല്‍ കോളേജിനായി സഹകരണ ബാങ്കുകളില്‍ നിന്ന് പാര്‍ട്ടിയെ അറിയിക്കാതെ കോടികള്‍ സമാഹരിച്ചതായാണ് ആരോപണം.
പി.കെ. ശശി കൈകാര്യം ചെയ്തിട്ടുള്ള സാമ്പത്തിക ഇടപാടുകളിലെല്ലാം തിരിമറി നടന്നിട്ടുണ്ടന്നാണ് പരാതികളില്‍ ആരോപിക്കുന്നത്. യൂണിവേഴ്‌സല്‍ കോളേജിനായി സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കുകളില്‍ നിന്ന് 5 കോടി 49 ലക്ഷം രൂപ സമാഹരിച്ചു എന്നാണ് പ്രധാന പരാതി. ഈ തുക കൈകാര്യം ചെയ്തതിലും വ്യാപക ക്രമക്കേട് നടന്നതായി ആരോപണമുണ്ട്.
2017 ഡിസംബറില്‍ മണ്ണാര്‍ക്കാട് നടന്ന സിപിഎം ജില്ലാ സമ്മേളത്തില്‍ 17 ലക്ഷം ബാക്കി വന്നു. തുകയില്‍ 7 ലക്ഷം റൂറല്‍ ബാങ്കിലുള്ള ഏരിയ കമ്മിറ്റിയുടെ അക്കൗണ്ടിലിട്ടു. 10 ലക്ഷം രൂപ സ്വന്തം അക്കൗണ്ടിലും നിക്ഷേപിച്ചതായി ആരോപണമുണ്ട്. 2009 – 10 കാലത്താണ് മണ്ണാര്‍ക്കാട് ഏരിയ ഓഫീസ് ഉണ്ടാക്കിയത്. സമാഹരിച്ച തുകയില്‍ 10 ലക്ഷം ബാക്കി വന്നു. ഈ തുക റൂറല്‍ ബാങ്കിലുള്ള പി.കെ. ശശിയുടെ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയതായാണ് പരാതി. ഇത് കൂടാതെ ശശിയുടെ ഡ്രൈവറെ ബിനാമിയാക്കിയും സ്വത്ത് സമ്പാദനം നടത്തിയതായും പരാതിയില്‍ പറയുന്നുണ്ട്.
ഇക്കാര്യങ്ങളിലാണ് പുത്തലത്ത് ദിനേശന്‍ അന്വേഷണം നടത്തുന്നത്. ശനിയാഴ്ച സിപിഎം മണ്ണാര്‍ക്കാട് ഏരിയയിലാണ് അന്വേഷണം നടത്തുന്നത്. ശശിക്കെതിരെ പരാതി നല്‍കിയവരില്‍ നിന്നും കൂടുതല്‍ തെളിവുകളും രേഖകളും ദിനേശന്‍ പരിശോധിച്ച് ശേഖരിക്കും. ശശിക്കെതിരെ പീഢന പരാതി ഉള്‍പ്പടെ നിരവധി ആരോപണങ്ങളാണ് ഉയര്‍ന്നിട്ടുള്ളത്. എന്നാല്‍ ഒന്നിലും കാര്യമായ നടപടികള്‍ പാര്‍ട്ടി സ്വീകരിച്ചിട്ടില്ല. ഇപ്പോള്‍ എം.വി. ഗോവിന്ദന്‍ സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റശേഷാണ് അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: