നരേന്ദ്ര മോദിയെ ഭരണാധികാരിയായി കിട്ടിയിരുന്നെങ്കില്‍ ഞങ്ങളുടെ പ്രശ്നങ്ങളെല്ലാം മാറുമായിരുന്നു എന്ന് പാക്കിസ്ഥാനിലെ ഒരു യുവാവ് പറയുന്ന വീഡിയോദൃശ്യം വലിയ ചര്‍ച്ചാവിഷയമായത് സ്വാഭാവികമാണ്. പാക്കിസ്ഥാന്റെ സാമ്പത്തികവും രാഷ്ട്രീയവുമായ ഇപ്പോഴത്തെ ദുഃസ്ഥിതിയില്‍ മനംനൊന്ത യുവാവാണ് ഒരു യൂട്യൂബറോട് ഇങ്ങനെ പ്രതികരിച്ചത്. ഞങ്ങള്‍ക്ക് ബേനസീര്‍ ഭൂട്ടോയേയും നവാസ് ഷെരീഫിനെയും ഇമ്രാന്‍ഖാനെയും പര്‍വേസ് മുഷറഫിനെയുമൊന്നും ആവശ്യമില്ലായിരുന്നുവെന്നും, പാക്കിസ്ഥാന്റെ എല്ലാ പ്രശ്നങ്ങളും കൈകാര്യം ചെയ്യാന്‍ കഴിയുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെയാണ് ആവശ്യമെന്നും ഈ യുവാവ് പറയുമ്പോള്‍ അത് ഒരാളുടെ മാത്രം അഭിപ്രായമല്ല. പാക്കിസ്ഥാനിലെ ജനങ്ങളില്‍ വലിയൊരു വിഭാഗത്തിന്റെയും മനോഭാവം ഇതാണെന്ന് ആര്‍ക്കും ഊഹിക്കാവുന്നതേയുള്ളൂ. ഉപഭൂഖണ്ഡത്തെ ഇന്ത്യയും പാക്കിസ്ഥാനുമായി വിഭജിക്കേണ്ടിയിരുന്നില്ലെന്നും, ഇത് സംഭവിക്കാതിരുന്നെങ്കില്‍ കുറഞ്ഞ വിലയ്ക്ക് അവശ്യസാധനങ്ങള്‍ വാങ്ങാന്‍ കഴിയുമെന്നുമൊക്കെ ഒരു വ്യക്തിയാണ് പറയുന്നതെങ്കിലും അത് പാക്കിസ്ഥാനിലെ പൊതുവികാരമാണ്. അള്ളാഹു ഞങ്ങള്‍ക്ക് ഒരു ഇസ്ലാമിക രാജ്യം നല്‍കിയത് ഖേദകരമാണെന്നും, നല്ലവനായ മോദി തന്റെ ജനങ്ങളോട് എത്ര ആത്മാര്‍ത്ഥമായാണ് പെരുമാറുന്നതെന്നും, രാജ്യത്തെ ശരിയായി നയിച്ച് ലോകത്തെ അഞ്ചാമത് സാമ്പത്തികശക്തിയാക്കിക്കൊണ്ടിരിക്കുന്ന മോദിയുടെ കീഴില്‍ കഴിയാനാണ് ഞങ്ങളും ആഗ്രഹിക്കുന്നതെന്നും ഒരു പാക് പൗരന് പറയുമ്പോള്‍ പല മിഥ്യകളും തകരുകയാണ്.
യൂട്യൂബറോട് പാക് യുവാവ് നടത്തുന്നത് വെറുമൊരു വൈകാരിക പ്രകടനമല്ലെന്ന് അയാളുടെ വാക്കുകളില്‍നിന്നു വ്യക്തമാണ്. പാക്കിസ്ഥാനെ സംബന്ധിക്കുന്ന കാതലായ ചില ചിന്തകളും ഈ യുവാവ് മുന്നോട്ടുവയ്ക്കുന്നു. പാക്കിസ്ഥാനിലെ ജനങ്ങളെ ഇന്ത്യാവിരുദ്ധരാക്കുന്നത് അവിടുത്തെ മാധ്യമങ്ങളാണെന്നും, ഇന്ത്യ ഒരു സുഹൃദ്രാഷ്ട്രമാണെന്ന് ഈ മാധ്യമങ്ങള്‍ അവരോട് പറഞ്ഞിരുന്നെങ്കില്‍ അന്തരീക്ഷം എത്ര നന്നാകുമായിരുന്നേനെ എന്നൊക്കെയുള്ള വാക്കുകള്‍ക്ക് തികഞ്ഞ ഗൗരവമുണ്ട്. ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ യാതൊരു താരതമ്യവുമില്ല. പാക്കിസ്ഥാനെക്കാള്‍ വലിയ രാജ്യമായ ഇന്ത്യ വല്യേട്ടനാണ്. നമ്മള് അവരെക്കാള്‍ ചെറുതാണെന്ന് സമ്മതിക്കുന്നതില്‍ ഒരു തെറ്റുമില്ല. നാം അഹങ്കാരം വെടിയണം. എല്ലാ കാര്യങ്ങളിലും അവരുമായി താരതമ്യം ചെയ്യുന്നത് അവസാനിപ്പിച്ച് അവര്‍ക്കൊപ്പം എത്താനാണ് ശ്രമിക്കേണ്ടത്. ഇന്ത്യയെക്കുറിച്ച് ഇങ്ങനെയൊക്കെ പറയാന്‍ കാണിക്കുന്ന വിവേകത്തിന്റെ നൂറിലൊരംശമെങ്കിലും പാക്കിസ്ഥാനിലെ ഭരണാധികാരികള്‍ക്ക് ഉണ്ടായിരുന്നെങ്കില്‍ ഇരുരാജ്യങ്ങളും തമ്മിലെ പ്രശ്നങ്ങള്‍ എന്നേ പരിഹരിക്കാന്‍ കഴിയുമായിരുന്നു. ഇന്നത്തെ പരിതാപകരമായ അവസ്ഥയിലേക്ക് ആ രാജ്യം കൂപ്പുകുത്തുമായിരുന്നില്ല. പക്ഷേ പറഞ്ഞിട്ടു കാര്യമില്ല, വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയപോലെ ഭീകരവാദം അടിസ്ഥാന വ്യവസായമായി കൊണ്ടുനടക്കുന്ന പാക്കിസ്ഥാന് രക്ഷപ്പെടാനുള്ള എല്ലാ വഴികളും അടയുകയാണ്. ഇന്ത്യാവിരുദ്ധ കൂട്ടാളികള്‍തന്നെ ഇപ്പോള്‍ കയ്യൊഴിഞ്ഞ മട്ടാണ്.
പാക്കിസ്ഥാന് ഇന്ത്യയോടുള്ള ശത്രുതയെ വെള്ളപൂശുകയും, ഭീകരാക്രമണങ്ങളുള്‍പ്പെടെ ആ രാജ്യം ഇന്ത്യയോട് ചെയ്യുന്ന അതിക്രമങ്ങളെ ന്യായീകരിക്കുകയും ചെയ്യുന്ന ചിലര്‍ ഇന്ത്യന്‍ പൗരന്മാരാണെന്നു പറഞ്ഞ് നടക്കുന്നുണ്ടല്ലോ. നരേന്ദ്ര മോദിയെ അധികാരത്തില്‍നിന്ന് താഴെയിറക്കാന്‍ ഒരു കോണ്‍ഗ്രസ് നേതാവ് പാക്കിസ്ഥാനില്‍ പോയി അഭ്യര്‍ത്ഥിച്ചത് ആരും മറന്നിട്ടില്ല. മറ്റൊരു കോണ്‍ഗ്രസ് നേതാവ് ഇന്ത്യാവിരുദ്ധനായ പാക് സൈനികമേധാവിയെ വാരിപ്പുണരുകയുണ്ടായി. ഇവര്‍ക്കൊക്കെ ഒരു പാഠമാണ് പാക്കിസ്ഥാനിലെ ഒരു യുവാവ് പ്രധാനമന്ത്രി മോദിയെ പ്രശംസകൊണ്ട് മൂടുന്നത്. മോദിയുടെ ഭരണത്തിന്‍കീഴില്‍ വിവിധ മേഖലകളില്‍ ഇന്ത്യ നേടുന്ന പുരോഗതിയെ കണ്ടില്ലെന്നു നടിക്കുന്നവരും ഈ വാക്കുകള്‍ കേള്‍ക്കണം. മൈക്രോസോഫ്റ്റിന്റെ സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്സ് ഇന്ത്യയെക്കുറിച്ച് പറഞ്ഞതും ഇതിനോടു ചേര്‍ത്തുവായിക്കാവുന്നതാണ്. ലോകം വന്‍ പ്രതിസന്ധികളില്‍ നട്ടംതിരിയുമ്പോഴും ഇന്ത്യയ്ക്ക് അത്തരം വെല്ലുവിളികളെ നേരിട്ട് വിജയിക്കാന്‍ കഴിയുന്നുണ്ടെന്ന് ബില്‍ ഗേറ്റ്സ് തന്റെ ബ്ലോഗില്‍ കുറിച്ചത് പ്രധാനമന്ത്രി മോദിക്കുള്ള പ്രശംസയാണ്. ബില്‍ ഗേറ്റ്സ് ചൂണ്ടിക്കാട്ടുന്ന പല വെല്ലുവിളികളും ഇന്ത്യ അതിജീവിച്ചത് മോദിയുടെ ഭരണത്തിന്‍കീഴിലാണല്ലോ. ഇന്ത്യയുടെ മുന്നേറ്റത്തില്‍ അസൂയപൂണ്ട ചില വൈദേശികശക്തികള്‍ തെറ്റായ പ്രചാരണത്തിലൂടെ രാജ്യത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ അതല്ല സത്യമെന്ന് ലോകത്തിന് തിരിച്ചറിയാനുള്ള സന്ദര്‍ഭമുണ്ടാവുന്നത് ഓരോ പൗരനും സന്തോഷകരമായ കാര്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: