തൃശ്ശൂര്‍: സഹപാഠിയുടെ വീടിന്റെ ജപ്തി ഒഴിവാക്കാന്‍ എന്‍എസ്എസ് വോളണ്ടിയര്‍മാരായ വിദ്യാര്‍ഥികള്‍ കൈകോര്‍ത്ത് രംഗത്തിറങ്ങി. ലോട്ടറി വിറ്റും ബിരിയാണി ചലഞ്ച് നടത്തിയും സോപ്പുകള്‍ വിറ്റും 3 മാസം കൊണ്ട് 2 ലക്ഷത്തിലധികം രൂപയുടെ കടബാധ്യത ഒഴിവാക്കി ആധാരം വീണ്ടെടുത്തു നല്കിയ നന്മയുടെയും കരുതലിന്റെയും നേര്‍ക്കാഴ്ച്ചയാണ് നാട്ടിക എസ്എന്‍ ട്രസ്റ്റ് ഹയര്‍ സെക്കന്ററി സ്കൂളില്‍ അരങ്ങേറിയത്.
സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയുടെ കുടുംബത്തിന് ഡിസംബറിലാണ് വായ്പാ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് ചാവക്കാട് പ്രാഥമിക ഗ്രാമവികസന ബാങ്കിന്റെ തൃപ്രയാര്‍ ശാഖയില്‍ നിന്നും ജപ്തി നോട്ടീസ് വരുന്നത്. 2,20,000 രൂപയായിരുന്നു ബാധ്യത. സാമ്പത്തിക പ്രതിസന്ധിയില്‍പ്പെട്ട കുടുംബം ജപ്തി നോട്ടീസ് ലഭിച്ചതോടെ വിഷമത്തിലായി.
ആകെയുള്ള 5 സെന്റ് സ്ഥലത്ത് ശോചനീയാവസ്ഥയിലുള്ള വീടാണ് ഇവരുടേത്. വിദ്യാര്‍ഥിയുടെ വിഷമതകള്‍ മനസിലാക്കിയതോടെ സ്കൂളിലെ എന്‍എസ്എസ് പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ ശലഭ ജ്യോതിഷും, നൂറോളം എന്‍എസ്എസ് വോളണ്ടിയര്‍മാരും ജപ്തി ഒഴിവാക്കാനുള്ള തുക കണ്ടെത്താനായി രംഗത്തിറങ്ങി.
വിദ്യാര്‍ഥികള്‍ ലോട്ടറികള്‍ വാങ്ങി നാട്ടില്‍ പരിചയക്കാര്‍ക്ക് വില്പന നടത്തി. ബിരിയാണി ചലഞ്ച് നടത്തിയും പണം സ്വരൂപിച്ചു. ഡിഷ് വാഷ്, ഹാന്‍ഡ് വാഷ്, ഫ്ളോര്‍ കഌനര്‍ തുടങ്ങിയവയും പലയിടങ്ങളായി വിറ്റഴിച്ചു. 3 മാസത്തെ ഇവരുടെ കഠിനപ്രയത്നത്തിന് കഴിഞ്ഞ ദിവസം സമാപ്തിയായി. ബാങ്ക് കുടിശിക അടച്ച് ആധാരം ശലഭ ജ്യോതിഷ് തിരിച്ചു വാങ്ങി. ഉടനെ തന്നെ സ്കൂളില്‍ നടക്കുന്ന ചടങ്ങില്‍ വിദ്യാര്‍ഥിയുടെ കുടുംബത്തിന് ആധാരം കൈമാറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: