തിരുവനന്തപുരം : സാങ്കേതിക തകരാറിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന് തിരുവനന്തപുരത്ത് സുരക്ഷിതമായി അടിയന്തിര ലാന്‍ഡിങ്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നു ദമാമിലേക്കു പുറപ്പെട്ട ഐഎക്‌സ്385 എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് അടിയന്തര ലാന്‍ഡിങ്ങിന് തിരുവനന്തപുരം വിമാനത്താവളത്തിലേക്കു തിരിച്ചുവിട്ടത്.
176 യാത്രക്കാരും ആറ് ജീവനക്കാരും ഉള്‍പ്പടെ 182 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനത്തില്‍ തകരാര്‍ സംശയിക്കുന്നതിനെ തുടര്‍ന്നാണ് വിമാനം തിരുവനന്തപുരത്ത് അടിയന്തര ലാന്‍ഡിങ്ങിന് ശ്രമിക്കുന്നത്. ടേക്ക് ഓഫിനിടെ വിമാനത്തിന്റെ പിന്‍ഭാഗം റണ്‍വേയില്‍ തട്ടിയതായി സംശയിക്കുന്നു. ഇതിനെ തുടര്‍ന്നാണ് ഹൈഡ്രോളിക് സംവിധാനത്തില്‍ തകരാറുണ്ടെന്ന സംശയം ഉടലെടുത്തത്. ഇതോടെ വിമാനത്താവള അധികൃതരുമായി അടിയന്തിരമായി ബന്ധപ്പെട്ട് അടിയന്തിര ലാന്‍ഡിങ്ങിന് അനുമതി തേടുകയായിരുന്നു.
ഇതോടെ വിമാനം ഉച്ചയ്‌ക്ക് 12.15 ഓടെ തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തിര ലാന്‍ഡിങ്ങിന് അനുമതി നല്‍കിയത്. വിഴിഞ്ഞം ഭാഗത്തിനു മുകളിലൂടെ പറന്ന് വിമാനത്തിലെ ഇന്ധനം കടലിലൊഴുക്കിയാണ് വിമാനം അടിയന്തിര ലാന്‍ഡിങ്ങിന് തയ്യാറെടുത്തത്. രണ്ടര മണിക്കൂറോളം നീണ്ടു നിന്ന ആശങ്കകള്‍ക്ക് ശേഷമാണ് വിമാനം തിരുവനന്തപുരത്ത് ഇറക്കിയത്. യാത്രക്കാരെല്ലാം സുരക്ഷിതരാണ്. വിമാനം റണ്‍വേയില്‍ നിന്നും മാറ്റി തകരാര്‍ പരിശോധിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: