കോഴിക്കോട് : കാല് മാറി ശസ്ത്രക്രിയ നടത്തിയ സംഭവത്തില്‍ ഡോക്ടര്‍ പിഴവ് സംഭവിച്ചതായി കുറ്റസമ്മതം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. സജിനയുടെ കുടുംബമാണ് ഇതു സംബന്ധിച്ചുള്ള വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. ഇടത് കാലില്‍ ശസ്ത്രക്രിയ നടത്താന്‍ താന്‍ മുന്നൊരുക്കം നടത്തിയത് എന്നാല്‍ പിഴവ് സംഭവിച്ചതായും ഇതില്‍ പറയുന്നുണ്ട്.
സജ്നയുടെ ഇടത് കാലിനാണ് ശസ്ത്രക്രിയ വേണ്ടിയിരുന്നത്. എന്നാല്‍ അബന്ധം പറ്റി വലത് കാലിന് ശസ്ത്രക്രിയ ചെയ്യുകയായിരുന്നു. പിഴവ് വന്നതായി സജ്നയുടെ കുടുംബം പരാതി നല്കിയ ശേഷം മാനേജ്മെന്റ് നടത്തിയ ചര്‍ച്ചയിലാണ് ഇടത് കാലില്‍ ശസ്ത്രക്രിയ നടത്താന്‍ താന്‍ മുന്നൊരുക്കം നടത്തിയെന്ന് ഡോക്ടര്‍ പറയുന്നത്.’സത്യത്തില്‍ ഇടതു കാലിന് വേണ്ടിയാണ് ഞാന്‍ മുന്നൊരുക്കം നടത്തിയത്. നിങ്ങള്‍ പറയുന്നതെല്ലാം ശരിയാണ്. എനിക്ക് വേറൊന്നും പറയാനില്ല’ എന്നാണ് ഡോക്ടര്‍ ബെഹിര്ഷാന് പറയുന്നത്. സജ്നയുടെ കുടുംബം ഈ ദൃശ്യങ്ങള്‍ പോലീസിനും കൈമാറിയിട്ടുണ്ട്.
അതേസമയം തന്റെ ഭാഗത്ത് പിഴവ് പറ്റിയതായി ഡോക്ടര്‍ മാനേജ്മെന്റിന് മുന്നില്‍ കുറ്റസമ്മതം നടത്തിയിട്ടുണ്ട്. ഡോക്ടറുടെ പിഴവ് മറയ്ക്കാന്‍ ചികിത്സാ രേഖകള്‍ എല്ലാം ആശുപത്രി മാനേജ്മെന്റ് തിരുത്തിയെന്നും സജ്നയുടെ മകള്‍ ആരോപിച്ചു. ഓപ്പറേഷന് ശേഷം നിര്‍ബന്ധപൂര്‍വ്വം ഡിസ്ചാര്‍ജ്ജ് വാങ്ങി നിലവില്‍ സജ്നയെ തുടര്‍ചികിത്സയ്ക്കായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. അവിടെ നടത്തിയ പരിശോധനയില്‍ ശസ്ത്രക്രിയ വേണ്ടത് ഇടത് കാലിന് തന്നെയാണെന്ന് വ്യക്തമായിട്ടുണ്ട്.
എന്നാല്‍ അശ്രദ്ധമായാണ് ഓപ്പറേഷന് നടത്തിയതെന്ന് മനസ്സിലായിട്ടും നിസ്സാര വകുപ്പ് ചുമത്തിയാണ് ഡോ. ബെഹിര്‍ഷാനെതിരെ നടക്കാവ് പോലീസ് കേസെടുത്തിരിക്കുന്നത്. തുടര്‍ അന്വേഷണത്തില്‍ മാത്രമാണ് കൂടുതല്‍ വകുപ്പുകള്‍ ചേര്‍ക്കുകയെന്നും പോലീസ് അറിയിച്ചു. ആരോഗ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ഡിഎംഒയും അന്വേഷണം നടത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: