ന്യൂദല്‍ഹി : ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറ് വയസ്സാക്കുന്നത് സംബന്ധിച്ച് വിശദീകരണം തേടിയിട്ടും കേരളം ഇതുവരെ മറുപടി നല്‍കിയിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറ് വയസ്സാക്കുന്നത് സംബന്ധിച്ചുള്ള കേന്ദ്ര നിര്‍ദ്ദേശം അറിഞ്ഞില്ലെന്നാണ് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി പ്രതികരിച്ചത്. ഇത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം തന്നെ തള്ളുകയായിരുന്നു.
ഒന്നാം ക്ലാസ് പ്രവേശനവുമായി ബന്ധപ്പെട്ട് 2021ല്‍ തന്നെ അതാത് സംസ്ഥാനങ്ങളെ അറിയിച്ചതാണെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. എന്നാല്‍ കേരളം ഉള്‍പ്പടെയുള്ള എട്ട് സംസ്ഥാനങ്ങള്‍ വിഷയത്തില്‍ മറുപടി നല്‍കാതിരുന്നത് കൊണ്ടാണ് നിര്‍ദ്ദേശങ്ങള്‍ വീണ്ടും ആവര്‍ത്തിച്ചത്. ഈ വര്‍ഷം ഫെബ്രുവരി 9നാണ് കേന്ദ്രം സര്‍ക്കുലര്‍ വീണ്ടും പുറത്തിറക്കിയത്.
രാജ്യത്ത് ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായപരിധി ആറ് വയസ്സാക്കണമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങളില്‍ പറയുന്നത്. ഇത് നിര്‍ബന്ധമാക്കണമെന്നും സംസ്ഥാനങ്ങള്‍ക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രീ പ്രൈമറിതലത്തില്‍ ഡിപ്ലോമ ഇന്‍ പ്രീ സ്കൂള്‍ എജുക്കേഷന്‍ കോഴ്സ് പ്രത്യേകമായി രൂപകല്പന ചെയ്തു നടപ്പാക്കണമെന്നും കേന്ദ്രം നിര്‍ദ്ദേശിച്ചിട്ടുണ്ട്.
കേന്ദ്രീയ വിദ്യാലങ്ങളും ഏതാനും സംസ്ഥാനങ്ങളും ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറ് വയസ് മാനദണ്ഡം കഴിഞ്ഞവര്‍ഷം മുതല്‍ നടപ്പാക്കിയിട്ടുണ്ട്. തുടക്കത്തില്‍ ഇത് നടപ്പാക്കാന്‍ കേരളം അടക്കമുള്ള ചില സംസ്ഥാനങ്ങള്‍ തീരുമാനിച്ചെങ്കിലും പിന്നീട് ഇതില്‍നിന്ന് പിന്നോട്ടുപോകുകയായിരുന്നു. ഇതോടെയാണ് ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള പ്രായപരിധി നിര്‍ബന്ധമാക്കാന്‍ നിര്‍ദേശിച്ച് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചത്.
ആദ്യ മൂന്നുവര്‍ഷം പ്രീ പ്രൈമറി (നഴ്സറി, എല്‍കെജി, യുകെജി) തുടര്‍ന്നുള്ള രണ്ടുവര്ഷങ്ങള് ഗ്രേഡ് ഒന്ന്, രണ്ട് എന്നിവയിലുമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു. എല്‍കെജി, യുകെജി ക്ലാസുകള്‍ക്കുവേണ്ടി ആരംഭിക്കുന്ന, ഡിപ്ലോമ ഇന്‍ പ്രീ സ്കൂള്‍ എജുക്കേഷന്‍ കോഴ്സ് എസ്സിഇആര്ടി രൂപകല്പന ചെയ്യണമെന്നും കേന്ദ്രം നിര്‍ദ്ദേശിച്ചിട്ടുണ്ട്.
അതേസമയം ഒന്നാം ക്ലാസ് പ്രവേശനത്തിലെ ആറു വയസ് മാനദണ്ഡമെന്ന കേന്ദ്ര നിര്‍ദ്ദേശം അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്നും, ഔദ്യോഗികമായി അറിയിപ്പ് കിട്ടിയിട്ടില്ലെന്നുമാണ് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പ്രതികരിച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ ഈ നിര്‍ദ്ദേശം പാടെ തള്ളുന്നില്ല. സംസ്ഥാനത്ത് കൂടിയാലോചനകള്‍ക്ക് ശേഷം മാത്രം നടപ്പിലാക്കും. കേന്ദ്ര നിര്‍ദേശം നടപ്പിലാക്കണമെങ്കില്‍ പാഠപുസ്തകങ്ങളില്‍ അടക്കം മാറ്റം വരുത്തണം. കേരളത്തിന്റെ സാഹചര്യം കൂടി പരിഗണിക്കും. വിദഗ്ധ സമിതി, അധ്യാപക രക്ഷകര്‍തൃ സംഘടനകളുമായും ചര്‍ച്ച നടത്തിയ ശേഷം വിഷയത്തില്‍ തീരുമാനം കൈക്കൊള്ളുമെന്നുമാണ് മന്ത്രി പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: