ന്യൂദല്‍ഹി : ലോകം വലിയ പ്രതിസന്ധികള്‍ നേരിടുമ്പോള്‍ ഇന്ത്യ വലിയ പ്രശ്നങ്ങള്‍ ഒറ്റയടിക്ക് പരിഹരിക്കും. ഭാവിയുടെ പ്രതീക്ഷയാണ് ഇന്ത്യയെന്ന് മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്സ്. തന്റെ ബ്ലോഗായ ‘ഗേറ്റ്സ് നോട്ട്സില്‍’ ബില്‍ഗേറ്റ്സ് നല്കിയ ഈ പ്രസ്താവന. പ്രധാനമന്ത്രി നരേന്ദ്ര മോദിയും പങ്കുവെച്ചിട്ടുണ്ട്.
ശരിയായ ആശയങ്ങളും അവ കൃത്യമായി എത്തിക്കാനുള്ള മാര്‍ഗങ്ങളുമുണ്ടെങ്കില്‍ ഏതു വലിയ പ്രശ്നവും ഒറ്റയടിക്ക് പരിഹരിക്കാമെന്നാണ് തന്റെ വിശ്വാസം. ഇന്ത്യ തനിക്ക് ഭാവിയുടെ പ്രതീക്ഷയാണ്. ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി ഇന്ത്യ മാറുകയാണ്. അതിനര്‍ഥം അവിടുത്തെ പ്രശ്നങ്ങള്‍ ചെറിയ രീതിയില്‍ പരിഹരിക്കാനാകില്ല. എന്നാല്‍ വലിയ വെല്ലുവിളികള്‍ പരിഹരിക്കാനാകുമെന്ന് ഇന്ത്യ തെളിയിച്ചു. രാജ്യം പോളിയോ നിര്‍മാര്‍ജനം ചെയ്തു, എച്ച്ഐവി പടരുന്നത് കുറച്ചു, ദാരിദ്ര്യം കുറച്ചു, ശിശു മരണനിരക്ക് കുറച്ചു, ശുചീകരണം, ധനകാര്യ സേവനങ്ങള്‍ തുടങ്ങിയവ കുറച്ചുകൂടി പ്രാപ്യമാക്കുന്നരീതിയിലാക്കി. നവീന ആശയങ്ങളെ പുണരുന്നതില്‍ ഇന്ത്യ ലോകത്തെ നയിക്കുന്ന മാതൃകയാണ് നല്‍കുന്നത്. ആവശ്യക്കാര്‍ക്ക് പരിഹാരം ഉറപ്പുനല്‍കുന്ന മാതൃകയാണിത്.
റോട്ടോവൈറസ് വാക്സിന് ചെലവേറിയതായപ്പോള്‍ ഇന്ത്യ അത് സ്വയം നിര്‍മിക്കാന്‍ തീരുമാനിച്ചു. വിവിധ വാക്സിനുകള്‍ ആവശ്യക്കാരിലേക്ക് എത്തിക്കാന്‍ ഫാക്ടറികള്‍ നിര്‍മിക്കുകയും അവ ഓരോരുത്തരിലും എത്തിക്കാനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കുകയും ചെയ്തു. 2021 ആയപ്പോള്‍ ഒരു വയസ്സുള്ള 83% പേരിലും ഈ വാക്സിന് കുത്തിവച്ചു. ചെലവ് കുറഞ്ഞ ഇന്ത്യയുടെ വാക്സിന് ഇപ്പോള്‍ മറ്റു രാജ്യങ്ങളും ഉപയോഗിക്കുന്നുണ്ടെന്നും ബില്‍ഗേറ്റ്സിന്റെ ബ്ലോഗില്‍ പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: