ചെറുവത്തൂര്‍: കുടുംബ സ്വത്തായി ലഭിച്ച ഭൂമിയില്‍ ലൈഫ് പദ്ധതി പ്രകാരം അനുവദിച്ച വീട് കെട്ടാന്‍ അനുവദിക്കുന്നില്ലെന്ന് വയോധികയുടെ പരാതി. ചന്തേര സ്വദേശിനി വലിയവീട്ടില്‍ കുഞ്ഞിപ്പാറുവാണ് തലചായ്ക്കാന്‍ കൂരക്കുവേണ്ടി അലയുന്നത്. പ്രദേശത്തെ ഒരു അമ്പല കമ്മറ്റിയുടെ നേതൃത്വത്തില്‍ ചില ആളുകളാണ് വീട് നിര്‍മ്മാണം തടസ്സപ്പെടുത്തുന്നതെന്നാണ് കുഞ്ഞിപ്പാറു ജില്ലാ പോലീസ് മേധാവിക്ക് നല്കിയ പരാതിയില്‍ പറയുന്നത്.
അവിവാഹിതയായ കുഞ്ഞു പാറുവിന് 40 വര്‍ഷം മുമ്പാണ് കുടുംബസ്വത്തില്‍ നിന്ന് 16 സെന്റ് ഭൂമി ലഭിച്ചത്. തുടര്‍ന്ന് ഇതുവരെയും നികുതി അടച്ചു വന്നിരുന്ന ഭൂമിയില്‍ ഒരു വര്‍ഷം മുമ്പാണ് ലൈഫ് പദ്ധതി പ്രകാരം വീടും അനുവദിച്ചത്. ഇതിനായി രണ്ട് ലക്ഷം രൂപ അധികൃതര്‍ നല്‍കിയിരുന്നു. നിര്‍മ്മാണം ആരംഭിച്ചതോടെ കമ്മറ്റിക്കാരിലെ ഭരണകക്ഷി രാഷ്ട്രീയത്തില്‍പ്പെട്ട ചില ആളുകള്‍ തൊഴിലാളികളെ പിന്തിരിപ്പിക്കുകയായിരുന്നു. നിരന്തരം ഭീഷണികള്‍ തുടര്‍ന്നതിനാല്‍ വീട് നിര്‍മ്മാണത്തിന് ആരും എത്തുന്നില്ലെന്ന് കുഞ്ഞിപ്പാറു പറയുന്നു.
വീട് നിര്‍മ്മാണം തടസ്സപ്പെടുത്തുന്നതിനു പുറമേ ഇപ്പോള്‍ ക്ഷേത്രത്തിലെ വാല്യക്കാര്ക്കുള്ള പിരിവും ഈ കുടുംബത്തില്‍ നിന്നും വാങ്ങുന്നില്ല. കൂടാതെ ക്ഷേത്രത്തിലെ കളിയാട്ട ഭാഗമായുള്ള എഴുന്നള്ളത്തു സന്ദര്‍ശനം ഇവരുടെ വീടുകള്‍ ഒഴിവാക്കി. എഴുന്നള്ളത്ത് എത്തുമെന്ന് കരുതി വിളക്ക് വെച്ച് പാതിരാത്രിവരെ കാത്തു നിന്നു എങ്കിലും നിരാശരാകേണ്ടി വന്നുവെന്ന് ഇവര്‍ പറയുന്നു.അതേ സമയം, ദേവസ്വം വക ഭൂമി ആണിതെന്നും വ്യാജ രേഖ ഉണ്ടാക്കി കുടുംബം കയ്യടക്കി വച്ചിരിക്കുകയാണ് എന്നുമാണ് ക്ഷേത്ര കമ്മറ്റി ഭാരവാഹികള്‍ പറയുന്നത്.
രണ്ട് വര്‍ഷം മുമ്പ് ക്ഷേത്രഭൂമിയാണെന്ന് കാണിച്ച് കോടതിയില്‍ കേസ് കൊടുത്തെങ്കിലും തെളിയിക്കാന്‍ അവര്‍ക്ക് സാധിച്ചില്ലെന്നും കുഞ്ഞിപ്പാറുവിന്റെ കുടുംബക്കാര് പറയുന്നു. 2022-23 വര്‍ഷത്തെ ഭൂനികുതിയും അടച്ചിട്ടുണ്ട്. കുഞ്ഞിപ്പാറു പ്രൊപ്പോസല്‍ നല്കിയ സ്ഥലത്ത് തന്നെയാണ് ലൈഫ് പദ്ധതിയുടെ വീട് അനുവദിച്ചതെന്ന് വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ സുരേന്ദ്രന് പറഞ്ഞു. അവിവാഹിതയായ കുഞ്ഞിപ്പാറു സഹോദരിയുടെ വീട്ടിലാണ് ഇപ്പോള്‍ താമസിച്ചു വരുന്നത്. വരുന്ന മാര്‍ച്ചിനുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തിയായില്ലെങ്കില്‍ പണം എങ്ങനെ തിരിച്ചടക്കും എന്ന ആശങ്കയിലാണ് ഈ 65 കാരി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: