കണ്ണൂര്‍ : കണ്ണൂരില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയില്‍ നിന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന് വിട്ടു നിന്നു. നേതൃത്വത്തിനോടുള്ള അതൃപ്തി തുടരുന്നതിനാലാണ് ജാഥയില്‍ ഇ.പി. പങ്കെടുക്കാതിരുന്നതെന്നാണ് സൂചന. ഇ.പി. ജാഥയില്‍ പങ്കെടുക്കുമെന്നാണ് എം.വി. ഗോവിന്ദന് നേരത്തെ അറിയിച്ചിരുന്നത്.
എന്നാല്‍ താന്‍ ജനകീയ പ്രതിരോധ ജാഥയുടെ ഭാഗമല്ല താന്‍. മുന്‍കൂട്ടി നിശ്ചയിച്ച ചില പരിപാടികള്‍ ഉള്ളതിനാലാണ് ജാഥയില്‍ പങ്കെടുക്കാത്തതെന്നുമാണ് ഇ.പി. ജയരാജന് വിശദീകരണം നല്‍കിയിരിക്കുന്നത്. സംസ്ഥാന സെക്രട്ടറി നയിക്കുന്ന ജാഥയുടെ ഉദ്ഘാടന ചടങ്ങില്‍ തന്നെ ഇപി പങ്കെടുത്തിരുന്നില്ല. എന്നാല്‍ ജാഥ കണ്ണൂരില്‍ എത്തിയിട്ടും ഒരു വേദിയിലും ഇപി വരാതിരുന്നതോടെയാണ് ഇത് പുറത്തുവരികയും പാര്‍ട്ടിക്കുള്ളിലെ ചേരി തിരിവ് വാര്‍ത്തയാവുകയും ചെയ്തത്. ഇ.പിയുടെ നാട്ടിലൂടെയടക്കം സിപിഎം ജാഥ കടന്നു പോകുമ്പോള്‍ മുതിര്‍ന്ന നേതാവ് വിട്ടുനില്‍ക്കുന്നതിന് കൃത്യമായ വിശദീകരണം നല്കാന് പാര്‍ട്ടിക്ക് സാധിക്കുന്നില്ല. കോടിയേരി ബാലകൃഷ്ണന്റെ മരണത്തിനുശേഷം തന്നെ തഴഞ്ഞു ഗോവിന്ദനെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയാക്കിയതില്‍ ഉള്‍പ്പടെ ഇപി അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. പിന്നാലെയാണ് പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍നിന്ന് വിട്ടുനില്‍ക്കാന്‍ തുടങ്ങിയത്.
അതേസമയം ഇ.പി. ജയരാജന് മനപ്പൂര്‍വ്വം ജാഥയില്‍ നിന്നും വിട്ടു നില്ക്കുന്നതല്ല, എവിടെ വെച്ചും പങ്കെടുക്കാം. വരും ദിവസങ്ങളില്‍ പങ്കെടുക്കും. ഇപിക്ക് ഒരു അതൃപ്തിയും ഇല്ലെന്ന് എം.വി. ഗോവിന്ദന് അറിയിച്ചു. കഴിഞ്ഞദിവസം കാസര്‍കോട്ട് നിന്നാരംഭിച്ച ജാഥ മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്. കണ്ണൂരിലുണ്ടായിട്ടും ജയരാജന് ഉദ്ഘാടനത്തിന് എത്തിയില്ല. സംസ്ഥാന കമ്മിറ്റിയംഗം പി.ജയരാജന്റെ പരാതിയെ തുടര്‍ന്ന് റിസോര്‍ട്ട് വിവാദം പാര്‍ട്ടിയിലും പുറത്തും വലിയ ചര്‍ച്ചയായിരുന്നു. ഗൂഢാലോചനയാണ് ഇതിനു പിന്നിലെന്നും, ഇതിനെ കുറിച്ച് അന്വേഷിക്കണമെന്നും ഇപി ആവശ്യപ്പെട്ടിട്ടും പാര്‍ട്ടി അനുകൂലമായി പ്രതികരിച്ചിരുന്നില്ല. ഇതാണ് അതൃപ്തിക്ക് കാരണമെന്നാണ് പറയപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: