ഡോ. പി.കെ.രാജഗോപാല്‍
കേരളത്തിലെ ക്ഷേത്രങ്ങളില്‍ ക്ഷേത്ര ആരാധനയിലും ദൈവാരാധനയിലും വിശ്വാസമില്ലാത്തവരെ നിയമിക്കരുത് എന്ന് നിരവധി കോടതി വിധികളും കമ്മീഷന് റിപ്പോര്‍ട്ടുകളും നിലവിലുണ്ട്. ക്ഷേത്രഭരണത്തിലെ രാഷ്ട്രീയം അപകടകരമായ രീതിയിലെത്തിയപ്പോഴാണ് വീണ്ടും ശ്രദ്ധേയമായ കോടതി വിധികളും നിരീക്ഷണങ്ങളും ഉണ്ടായിരിക്കുന്നത്. മലബാറിലെ ക്ഷേത്രങ്ങളുടെ ട്രസ്റ്റികളായി ക്രിമിനല്‍ പശ്ചാത്തലമുള്ളവരായ നിരീശ്വര വാദികളെ നിയമിക്കുന്നതിനെതിരെയുള്ള പരാമര്‍ശം ഏറെ ശ്രദ്ധേയമാണ്. ക്ഷേത്ര ട്രസ്റ്റികളായി പാര്‍ട്ടിക്കാരെ നിയമിക്കുന്നതില്‍ നിന്നും വിലക്കിയത് ക്ഷേത്ര ഭരണത്തില്‍ ഒരു ശുദ്ധീകരണത്തിന് തുടക്കം കുറിക്കും എന്ന കാര്യത്തില്‍ സംശയമില്ല. മലബാര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ക്ഷേത്രങ്ങളിലെ ഭരണസമിതികളില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളെ ഉള്‍പ്പെടുത്തുന്നത് ഹൈക്കോടതി തടഞ്ഞത് വിശ്വാസികള്‍ക്ക് ഏറെ ആശ്വാസകരമാണ്.
ജസ്റ്റിസ് ശങ്കരന് റിപ്പോര്‍ട്ട്
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ ഗുണനിലവാരം കുറഞ്ഞ എള്ളെണ്ണ ഉപയോഗിക്കുന്നതായി ചൂണ്ടിക്കാട്ടി ജസ്റ്റിസ് കെ.ടി.ശങ്കരന് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് അക്ഷരാര്‍ത്ഥത്തില്‍ ഭക്തജനങ്ങള്‍ക്കിടയില്‍ ആശങ്ക ഉളവാക്കിയിട്ടുണ്ട്. നിലവിളക്ക് കൊളുത്തുന്നതിന് ഗുണനിലവാരമില്ലാത്ത എണ്ണ ഉപയോഗിച്ചതിനെ തുടര്‍ന്ന് ശ്രീകോവിലിനുള്ളില്‍ പുക ഉയരുന്നതുമൂലം ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടാകുന്നത് സംബന്ധിച്ച് ഉന്നയിച്ച പരാതികള്‍ കമ്മീഷന് പരിശോധിച്ചിട്ടുണ്ട്. ‘മൃത്യുഞ്ജയ ഹോമം’ ഉള്‍പ്പെടെയുള്ള വഴിപാടുകളില്‍ അഴിമതി ആരോപിക്കപ്പെടുന്നു. ക്ഷേത്രങ്ങളില്‍ വിളക്ക് തെളിയിക്കാന്‍ വെളിച്ചെണ്ണയും നെയ്യും ഉപയോഗിക്കാമെന്ന് കാണിച്ച് ശബരിമല തന്ത്രി കണ്ഠരര് രാജീവരു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് അയച്ച കത്തും റിപ്പോര്‍ട്ടിനൊപ്പം ചേര്‍ത്തിട്ടുണ്ട്. ഇത് സംബന്ധിച്ച് മതപണ്ഡിതരുടെ അഭിപ്രായം തേടാന്‍ ജസ്റ്റിസ് ശങ്കരന് ശുപാര്‍ശ ചെയ്തു.
മിക്ക ക്ഷേത്രങ്ങളിലും പൂജയ്ക്കുള്ള സാമഗ്രികള്‍ വാങ്ങാനുള്ള ചുമതല ഓഫീസര്‍മാരെയാണ് ഏല്‍പ്പിക്കുന്നത്. പല ക്ഷേത്രങ്ങളിലും വ്യാജ കണക്കുകള്‍ രേഖപ്പെടുത്തി ഗുണനിലവാരം കുറഞ്ഞ ഉല്പന്നങ്ങള് വാങ്ങുന്നതായി റിപ്പോര്‍ട്ട് നിരീക്ഷിച്ചു. നെയ്യ്, എണ്ണ, കര്‍പ്പൂരം തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളില്‍ നിന്ന് ദേവസ്വം ബോര്‍ഡ് സംഭരിച്ച് വിതരണം ചെയ്യണമെന്ന് ജസ്റ്റിസ് ശങ്കരന്റെ റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചിട്ടുണ്ട്. പാല്, തൈര്, പച്ചക്കറികള്‍, പഴങ്ങള്‍, എന്നിവ ഉള്‍പ്പെടെ സംഭരിക്കാന്‍ കഴിയാത്ത ഉല്‍പ്പന്നങ്ങള്‍ പ്രാദേശികമായി വാങ്ങാം, ക്ഷേത്രത്തില്‍ ഉപയോഗിക്കുന്ന പൂജാ ഉല്പന്നങ്ങളുടെ ഗുണനിലവാരം നിയന്ത്രിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ശുപാര്‍ശ ചെയ്യാന്‍ ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ കീഴിലുള്ള ഡിവിഷന് ബെഞ്ച് ജസ്റ്റിസ് കെ.ടി. ശങ്കരനെ ചുമതലപ്പെടുത്തിയിരുന്നു. കേരള ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച ജസ്റ്റിസ് കെ.ടി.ശങ്കരന് നിലവില്‍ ലോകമ്മീഷന്‍ ഓഫ് ഇന്ത്യ അംഗമാണ്.
വെള്ളായണി ക്ഷേത്രത്തിലെ കാവി വിലക്ക്
അലങ്കാരവസ്തുക്കളുടെ നിറത്തെച്ചൊല്ലി അടുത്തിടെയുണ്ടായ വിവാദവുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നിയന്ത്രണത്തിലുള്ള മേജര്‍ വെള്ളായണി ഭദ്രകാളി ദേവി ക്ഷേത്രത്തിലെ ഉത്സവത്തില്‍, ‘ക്ഷേത്രങ്ങളിലെ നിത്യപൂജയും ചടങ്ങുകളും ഉത്സവങ്ങളും നടത്തുന്നതില്‍ രാഷ്ട്രീയത്തിന് ഒരു പങ്കുമില്ല’ എന്ന് കേരള ഹൈക്കോടതി അടുത്തിടെ നിരീക്ഷിച്ചു.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രത്തിലെ ഉത്സവങ്ങള്‍ക്ക് കാവി നിറങ്ങളിലുള്ള അലങ്കാരവസ്തുക്കള്‍ ഉപയോഗിക്കരുത് എന്ന് ശഠിക്കാന്‍ നിയമപരമായി അവകാശമില്ലെന്ന് ജസ്റ്റിസ് അനില്‍ കെ.നരേന്ദ്രനും ജസ്റ്റിസ് പി.ജി.അജിത്കുമാറും അടങ്ങുന്ന ഡിവിഷന് ബെഞ്ച് വ്യക്തമാക്കി. അതുപോലെ, ക്ഷേത്രോത്സവങ്ങള്‍ക്ക് രാഷ്ട്രീയമായി നിഷ്പക്ഷമായ നിറമുള്ള അലങ്കാര വസ്തുക്കള്‍ മാത്രമേ ഉപയോഗിക്കാവൂ എന്ന് ജില്ലാ ഭരണകൂടത്തിനോ പോലീസിനോ ശഠിക്കാനാവില്ല,’ ബെഞ്ച് കൂട്ടിച്ചേര്‍ത്തു. ക്ഷേത്രത്തിലെ കാളിയൂട്ട് ഉത്സവം അതിന്റെ ആചാരങ്ങള്‍, അനുഷ്ഠാനങ്ങള്‍ എന്നിവയ്ക്ക് അനുസൃതമായി നടത്തണമെന്ന് ബെഞ്ച് വ്യക്തമാക്കി. ആരാധനയ്ക്കുള്ള അവകാശം ശീലിച്ച രീതിയില്‍ പൗരാവകാശമാണെന്നും ഓരോ ക്ഷേത്രത്തിലെ ആചാരങ്ങള്‍ക്കും വിധേയമാണെന്നും കോടതി പറഞ്ഞു.
ക്ഷേത്രങ്ങളിലെ ഉത്സവങ്ങളില്‍ കാവി കൊടികളും തോരണങ്ങളും ഉപയോഗിക്കരുത് എന്ന് പറയുന്നവര്‍ എന്തുകൊണ്ട് അന്യ മത ആരാധനാലയങ്ങളില്‍ ഇത്തരത്തിലുള്ള നിര്‍ദേശങ്ങള്‍ നല്‍കുന്നില്ല. ഒരുഭാഗത്തു കാവി അന്യമാകുമ്പോള്‍ മറുഭാഗത്തു ക്ഷേത്രഭരണത്തില്‍ കടന്നു കയറാനും ഇവര്‍ മടികാട്ടുന്നില്ല. ക്ഷേത്രങ്ങള്‍ രാഷ്ട്രീയ വിമുക്തമാക്കാന്‍ കൂട്ടായ ശ്രമം ആവശ്യമാണ്. ക്ഷേത്ര വിശ്വാസികളില്‍ നിന്ന് അത്തരം ശ്രമങ്ങള്‍ ഉയര്‍ന്നു വരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: