ന്യൂദല്‍ഹി: സ്വര്‍ണ്ണക്കടത്തില്‍ പങ്കാളിയാവുകയും പങ്ക് പറ്റുകയും ചെയ്ത ഡിവൈഎഫ്ഐ സംസ്ഥാന നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്. കള്ളക്കടത്ത് സംഘങ്ങളായി സര്‍ക്കാരിന്റെ വക്താക്കളും സിപിഎം നേതാക്കളും മാറിയെന്നും ദില്ലിയില്‍ മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നടന്ന സ്വര്‍ണ്ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും പ്രൈവറ്റ് സെക്രട്ടറിയും പങ്കാളികളായത് നമ്മള് കണ്ടതാണ്. പല മന്ത്രിമാരെയും സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്യുകയും ചെയ്തു. ഇപ്പോഴിതാ കോഴിക്കോട്, കണ്ണൂര്‍ വിമാനത്താവളങ്ങള്‍ വഴി നടത്തുന്ന കള്ളക്കടത്തില്‍ ഡിവൈഎഫ്ഐ സംസ്ഥാന നേതാവും പങ്കാളിയായിരിക്കുന്നു. എം.വി. ഗോവിന്ദന് ജാഥയുമായി തെക്ക് വടക്ക് നടന്നാല്‍ പോര, സ്വന്തം പാര്ട്ടിക്കാര് മാഫിയാ പ്രവര്‍ത്തനത്തിലും കള്ളക്കടത്തിലും പങ്കാളികളാവുന്നതിനെ പറ്റി വിശദീകരണം നല്കാന് തയ്യാറാവണം. ഇതൊന്നും പാര്‍ട്ടി അന്വേഷിച്ച് കണ്ടെത്തേണ്ട കാര്യമല്ല. പൊലീസ് അന്വേഷിച്ച് കണ്ടെത്തണം. അല്ലെങ്കില്‍ ദേശീയ അന്വേഷണ ഏജന്‍സികള്‍ക്ക് കേസ് കൈമാറണം. എന്തുകൊണ്ടാണ് ഇത്രയും ഗൗരവതരമായ പരാതി ലഭിച്ചിട്ടും അത് ഏജന്‍സികള്‍ക്ക് കൈമാറാന്‍ സിപിഎം നേതൃത്വം തയ്യാറാവുന്നില്ലെന്നും കെ.സുരേന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: