കണ്ണൂര്‍ : കണ്ണൂരില്‍ ക്വാറിയോട് ചേര്‍ന്നുള്ള ഭൂമിയില്‍ വിള്ളല്‍ കണ്ടെത്തി. പാത്തന്‍പാറയില്‍ ഒന്നര ഏക്കറോളം സ്ഥലത്താണ് വിള്ളല്‍ കണ്ടെത്തിയിരിക്കുന്നത്. ക്വാറിയോട് അടുത്ത പ്രദേശമായതിനാല്‍ മലയും കൂറ്റന്‍ പാറക്കഷ്ണങ്ങളും ഏതു നിമിഷവും നിലംപതിക്കാമെന്ന അവസ്ഥയിലാണ്. നാട്ടുകാരാണ് ഈ വിള്ളല്‍ കണ്ടെത്തിയത്.
ക്വാറിക്ക് മുകളില്‍ ഒരു കിലോ മീറ്ററോളം നീളത്തിലും അഞ്ച് മീറ്ററോളം ആഴത്തിലുമാണ് വിള്ളല്‍ വീണിരിക്കുന്നത്. പ്രദേശത്ത് വിള്ളല്‍ രൂപപ്പെട്ടതോടെ അര ഏക്കറോളം സ്ഥലത്തെ മണ്ണും പാറക്കഷ്ണങ്ങളും ക്വാറിയിലേക്ക് പതിച്ചു കഴിഞ്ഞു. ഭൂമിയില്‍ വിള്ളല്‍ വീണത് പ്രദേശവാസികളെ ഏറെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.
അതീവപരിസ്ഥിതി ലോല പ്രദേശങ്ങളിലാണ് ക്വാറി സ്ഥിതി ചെയ്യുന്ന ഈ പ്രദേശം ഉള്‍പ്പെട്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ ക്വാറിക്ക് അനുമതി ലഭിച്ചത് സംബന്ധിച്ച് ആരോപണങ്ങളും ഉയരുന്നുണ്ട്. 2008-മുതലാണ് ഇത്തരത്തില്‍ ഒരു ക്വാറി പ്രവര്‍ത്തിച്ചു തുടങ്ങിയത്. ക്വാറിക്ക് മുകളില്‍ ഒരു കിലോ മീറ്ററോളം നീളത്തിലും അഞ്ച് മീറ്ററോളം ആഴത്തിലുമാണ് വിള്ളല്‍ വീണിരിക്കുന്നത്. നിലവില്‍ ക്വാറി പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരിക്കുകയാണ്.
മഴക്കാലത്ത് നീര്‍ച്ചാലില്‍ വെള്ളമുണ്ടാകുകയും മല ഒന്നാകെ താഴോട്ട് പതിച്ചേക്കുമെന്ന ആശങ്കയിലാണ് പ്രദേശവാസികള്‍. കരുവഞ്ചാല്‍, വെള്ളാട് അടക്കമുള്ള പരിസര പ്രദേശങ്ങളില്‍ ആയിരത്തോളം കുടുംബങ്ങളാണ് താമസിക്കുന്നത്. ഇവരുടെ ജീവനും കൃഷിയിടങ്ങള്‍ക്കും ഭീഷണിയാകുന്ന തരത്തിലാണ് ക്വാറിക്ക് ചുറ്റും വിള്ളല്‍ വീണിരിക്കുന്നത്.
ജിയോളജി വകുപ്പും പരിസ്ഥിതി വകുപ്പും ക്വാറിക്ക് നേരത്തെ അനുമതി നല്‍കിയിരുന്നു. അതീവ പരിസ്ഥിതി ലോല മേഖല, എപ്പോള്‍ വേണമെങ്കിലും ഉരുള്‍പൊട്ടാനുള്ള സാധ്യത നിലനില്‍ക്കുന്ന സ്ഥലത്ത് ക്വാറിക്ക് എങ്ങനെയാണ് അനുമതി ലഭിച്ചതെന്നും ചോദ്യമുയരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: