ഭുവനേശ്വര്‍: നിലവിലെ ചാമ്പ്യന്മാരായ കേരളവും റണ്ണറപ്പ് ബംഗാളും ഇല്ലാതെ സന്തോഷ് ട്രോഫി സെമി ലൈനപ്പായി. ഇനി സെമിയും ഫൈനലും സൗദി അബേറ്യയിലാണ്. മാര്‍ച്ച് ഒന്നിനാണ് സെമി മത്സരങ്ങള്‍. ഫൈനല്‍ മാര്‍ച്ച് നാലിനും. കിങ് ഫഹദ് ഇന്റര്‍ നാഷണല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന സെമി പോരാട്ടങ്ങളില്‍ പഞ്ചാബ് മേഘാലയെയും കര്‍ണാടക മുന്‍ ചാമ്പ്യന്മാരായ സര്‍വീസസിനെയും നേരിടും.
ഫൈനല്‍ റൗണ്ടിലെ ഗ്രൂപ്പ് ഒന്നില്‍ നിന്ന് ഒന്നാമതായി പഞ്ചാബുംരണ്ടാം സ്ഥാനക്കാരായി കര്‍ണാടകയും അവസാന നാലിലേക്കെത്തിയപ്പോള് ഗ്രൂപ്പ് ബിയില്‍ നിന്നാണ് സര്‍വീസസും മേഘാലയയും സെമിയില്‍ പ്രവേശിച്ചത്. സന്തോഷ് ട്രോഫിയുടെ ചരിത്രത്തില്‍ ആദ്യമായാണ് മേഘാലയ സെമിയില്‍ എത്തുന്നത്. ഗ്രൂപ്പ് ബിയില്‍ കളിച്ച് അഞ്ചില്‍ മൂന്ന് ജയവും ഒന്നുവീതം സമനിലയും തോല്‍വിയും വഴങ്ങി 10 പോയിന്റുമായി സര്‍വീസസിന് പിന്നില്‍ രണ്ടാം സ്ഥാനക്കാരായാണ് മേഘാലയ സെമിയിലെത്തി സന്തോഷ് ട്രോഫിയുടെ ചരിത്രത്തില്‍ ഇടംപിടിച്ചത്.
13 പോയിന്റുമായി ഗ്രൂപ്പ് ചാമ്പ്യന്മാരായ സര്‍വീസസ് അഞ്ചില്‍ നാല് വിജയവും ഒരു സമനിലയുമാണ് നേടിയത്. കളിച്ച അഞ്ചില്‍ ഒരു വിജയം പോലും നേടാന്‍ കഴിയാതെ ഒരു സമനിലയും നാല് പരാജയവുമായി ബംഗാള്‍ ഗ്രൂപ്പ് ബിയില്‍ ഒരു പോയിന്റുമായി ഏറ്റവും പിന്നില്‍ ആറാം സ്ഥാനത്തായി. തിങ്കളാഴ്ച രാത്രി നടന്ന നിര്‍ണായക മത്സരത്തില്‍ ബംഗാളിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് മേഘാലയ അവസാന നാലിലേക്ക് കുതിച്ചത്.
ഗ്രൂപ്പ് എയില്‍ നിന്ന് കളിച്ച അഞ്ചില്‍ മൂന്ന് വിജയവും രണ്ട് സമനിലയുമടക്കം 11 പോയിന്റുമായാണ് മുന്‍ ചാമ്പ്യന്മാരായ പഞ്ചാബ് സെമിയിലെത്തിയത്. കര്‍ണാടക രണ്ട് വിജയവും മൂന്ന് സമനിലയുമടക്കം 9 പോയിന്റുമായി രണ്ടാം സ്ഥാനക്കാരായും. കേരളം രണ്ട് വീതം ജയവും സമനിലയും ഒരു തോല്‍വിയുടമക്കം 8 പോയിന്റുമായി മൂന്നാം സ്ഥാനത്തായി. കര്‍ണാടകയ്ക്കെതിരായ തോല്‍വിയാണ് കേരളത്തിന് തിരിച്ചടിയായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: