കാസര്‍കോട്: മുത്തലാഖ് വഴി വിവാഹമോചനം നേടുന്ന മുസ്ലിങ്ങളെ മാത്രം ജയിലിലടക്കുന്നത് തെറ്റാണെന്ന പ്രസ്താവന പിണറായി വിജയന് പിന്‍വലിക്കണമെന്ന് പൗര-മനുഷ്യാവകാശ പ്രവര്‍ത്തക ബ്രിന്ദ അഡിഗെ.
“മറ്റ് മതങ്ങളില്‍ നടക്കുന്ന വിവാഹമോചനം കോടതി വഴി നടക്കുന്നതാണെന്ന് പിണറായി മനസ്സിലാക്കണമെന്ന് പൗര-മനുഷ്യാവകാശ പ്രവര്‍ത്തക ബ്രിന്ദ അഡിഗെ പറഞ്ഞു. കോടതി എന്നത് ഭരണഘടനാപരമായി രൂപീകരിക്കപ്പെട്ട സ്ഥാപനമാണ്. അവിടെ കൃത്യമായ നിയമാനുസൃത പ്രക്രിയയാണ് വിവാഹമോചനത്തിന് പിന്തുടരേണ്ടത്. ആ ഒരു പ്രക്രിയ മറ്റ് മതക്കാര്‍ പിന്തുടരുന്നു. കോടതില്‍ വിവാഹമോചനത്തില്‍ ഇരുപക്ഷത്തിന്റെയും വാദം കേള്‍ക്കും. അതില്‍ ഓരോ പക്ഷത്തിനും അവരുടേതായ വാദങ്ങളുണ്ട്. തലാഖ് എന്ന വാക്ക് മൂന്ന് വട്ടം ചൊല്ലുന്നതോടെയാണ് മുസ്ലീം സമുദായത്തില്‍ വിവാഹമോചനം നടക്കുന്നത്. അത് ഒരു പരിഷ്കൃത സമൂഹത്തിന് ചേര്‍ന്നതല്ല. പിണറായി തന്റെ പ്രസ്താവന പിന്‍വലിക്കണം”. – ബ്രിന്ദ അഡിഗെ പിണറായിക്ക് താക്കീത് നല്കി.
എം.വി. ഗോവിന്ദന് നയിക്കുന്ന സംസ്ഥാന തല മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് കാസര്‍കോഡ് പ്രസംഗിക്കവേ ആണ് പിണറായി വിജയന് മുത്തലാഖ് നിരോധന നിയമത്തിന്റെ പേരില്‍ മോദി സര്‍ക്കാരിനെ വിമര്‍ശിച്ചത്.
“വിവാഹമോചനം എല്ലാ സമുദായത്തിലും നടക്കുന്നുണ്ട്. അതില്‍ മുത്തലാഖ് മാത്രം എന്തിനാണ് ക്രിമിനല്‍ കുറ്റമാക്കി മാറ്റിയത്? മറ്റ് മതത്തില്പ്പെട്ടവര്ക്കാര്ക്കും ഇതുപോലെ കഠിനമായ ശിക്ഷ നല്കുന്നില്ലല്ലോ?വിവാഹമോചനം നേടുന്നതിന് മുസ്ലിങ്ങള്‍ക്ക് മാത്രം ജയില്‍ ശിക്ഷ നല്കുന്നു”- ഇതായിരുന്നു പിണറായി വിജയന്റെ വിവാദ പ്രസംഗം.
മുത്തലാഖ് നിരോധനത്തെ എതിര്‍ത്തുകൊണ്ടുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന ഇതോടെ വിവാദമാവുകയാണ്. സിപിഎം നേതാവും സ്ത്രീവിമോചന പ്രവര്‍ത്തകയുമായ ബ്രിന്ദ കാരാട്ടിനെപ്പോലുള്ളവര്‍ പിണറായിയെ പിന്തുണയ്ക്കാന്‍ കഴിയാതെ മൗനം പാലിക്കുകയാണ്.
മൂന്ന് തവണ തലാഖ് എന്ന വാക്ക് ചൊല്ലുക വഴി ഭാര്യയുമായി വിവാഹബന്ധം വേര്‍പ്പെടുത്തുന്നതാണ് മുത്തലാഖ്. ഈ സമ്പ്രദായം തടഞ്ഞുകൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ ഈ മുത്തലാഖ് നിരോധന ബില്‍ കൊണ്ടുവന്നത്. ഇതിനെ സ്ത്രീസമത്വത്തിനായി വാദിക്കുന്ന സംഘടനകളെല്ലാം സ്വാഗതം ചെയ്തപ്പോള്‍ ന്യൂനപക്ഷ വോട്ടില്‍ കണ്ണും നട്ട് കോണ്‍ഗ്രസും സിപിഎമ്മും ഇതിനെ എതിര്‍ത്തിരുന്നു.
മോദി സര്‍ക്കാരിന്റെ മുത്തലാഖ് നിരോധന നിയമം ഒട്ടേറെ മുസ്ലിം യുവതികള്‍ക്ക് വിവാഹ ജീവിതത്തില്‍ ആശ്വാസം ലഭിച്ചിരുന്നു. മുത്തലാഖ് ചൊല്ലി ഭാര്യയെ വിവാഹമോചനം ചെയ്യുന്ന മുസ്ലിം പുരുഷന്മാര്ക്ക് രണ്ട് വര്‍ഷത്തെ തടവ് വരെ ഈ നിയമം മുന്നോട്ട് വെയ്ക്കുന്നു.
എന്നാല്‍ കഴിഞ്ഞ ദിവസം ഇതിന്റെ പേരില്‍ മോദി സര്‍ക്കാരിനെ കടുത്ത ഭാഷയിലാണ് പിണറായി വിജയന് വിമര്‍ശിച്ചത്. എന്തുകൊണ്ട് മുത്തലാഖ് മുസ്ലിം സമുദായത്തിനെതിരെ ഒരു ക്രിമിനല്‍ കുറ്റമാക്കി മാറ്റിയെന്നാണ് പിണറായി വിജയന് ചോദിച്ചത്. ന്യൂനപക്ഷ വോട്ടുബാങ്ക് സമാഹരിക്കാന്‍ പിണറായി വിജയന് നടത്തുന്ന ശ്രമത്തിന്റെ ഭാഗമായിരുന്നു ഈ പ്രസംഗം. മുത്തലാഖ് നിരോധന നിയമം ഇനി പിന്‍വലിക്കാന്‍ സാധിക്കില്ലെന്ന് പിണറായിക്കും അറിയാം. എങ്കിലും കയ്യടി കിട്ടാനും ന്യൂനപക്ഷങ്ങളുടെ രക്ഷകനാണ് താനെന്ന പരിവേഷമുണ്ടാക്കാനുമാണ് പിണറായിയുടെ ശ്രമം.
മുത്തലാഖും സാധാരണ വിവാഹമോചനവും തമ്മില്‍ അന്തരമുണ്ടെന്ന് പിണറായി അറിയണം- ടോം വടക്കന്‍
മുത്തലാഖും സാധാരണ കോടതിയില്‍ നടക്കുന്ന വിവാഹമോചനത്തിനുള്ള പ്രക്രിയയും തമ്മില്‍ വ്യത്യാസമുണ്ടെന്ന് പിണറായി മനസ്സിലാക്കണമെന്ന് ബിജെപി വക്താവ് ടോം വടക്കന്‍. മുത്തലാഖും സാധാരണ കോടതിവഴി മറ്റ് മതക്കാര്‍ നടത്തുന്ന വിവാഹമോചനവും തമ്മില്‍ താരതമ്യം ചെയ്യാന്‍ പോലും കഴിയില്ല. ഇത് വോട്ട് പിടിക്കാന്‍ വേണ്ടി മാത്രം പിണറായി നടത്തുന്ന ശ്രമമാണ്. – ടോം വടക്കന്‍ പറഞ്ഞു.
കേരളത്തില്‍ പിന്നാക്കം എന്നൊരു അവസ്ഥയില്ല. കേരളത്തില്‍ എല്ലാവരും വിദ്യാസമ്പന്നരാണ്. മുഖ്യമന്ത്രി സ്വന്തമായ ഏതോ ഒരു ലോകത്താണ്. ഒരു പ്രത്യേക സമുദായത്തിന്റെ വോട്ട് പിടിക്കാനാണ് പിണറായി ശ്രമിക്കുന്നത്. – ടോം വടക്കന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: