മുംബൈ: ശിവസേനയിലെ ഉദ്ധവ് താക്കറെ പക്ഷത്തില്‍പ്പെട്ട എംഎല്‍എ പ്രകാശ് ഫടേര്‍പെകാറുടെ മകന് ഗായകന് സോനു നിഗത്തെ തല്ലിയതായി പരാതി. സെല്‍ഫിയെടുക്കാന്‍ നിര്‍ബന്ധിച്ചപ്പോള്‍ സോനു നിഗം വിസമ്മതിച്ചതാണ് എംഎല്‍എ പ്രകാശ് ഫടേര്‍പെകാറുടെ മകന് സ്വപ്നില്‍ ഫടേര്‍പെകാറെ പ്രകോപിതനാക്കിയത്.
“ഒരാളെ സമ്മര്‍ദ്ദം ചെലുത്തി സെല്‍ഫിയെടുക്കാന്‍ നിര്‍ബന്ധിക്കുന്നത് തെറ്റാണ്. ഒരു സെല്‍ഫിയെടുക്കണമെന്ന് എന്നോട് ചോദിച്ചു. ഞാന്‍ അത് നിരസിച്ചു. ഉടനെ അയാള്‍ എന്നെ കോപത്തോടെ കടന്നുപിടിച്ചു. പിന്നീട് അത് എംഎല്‍എയുടെ മകന് സ്വപ്നില്‍ ഫടേര്പെകാറാണെന്ന് അറിയാന്‍ കഴിഞ്ഞു”- സോനു നിഗം പറഞ്ഞു. സോനു നിഗത്തിന്റെ അനുയായികളായ റബ്ബാനി ഖാന്, ഹരി പ്രസാദ് എന്നിവര്‍ക്ക് മര്‍ദ്ദനമേറ്റു. സോനു നിഗം കോണിപ്പടിയില്‍ മറിഞ്ഞുവീഴുകയും ചെയ്തു. ഈ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
സോനു നിഗത്തിന്റെ കൂടി പരാതിയുടെ അടിസ്ഥാനത്തില്‍ 341,337, 323 വകുപ്പുകള്‍ പ്രകാരം പൊലീസ് കേസെടുത്തു.
ഉദ്ധവ് സേന ഗുണ്ടകളുടെ സേന
ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന വിഭാഗം ഗുണ്ടകളുടെ സേനയാണെന്ന് തെളിയിച്ചിരിക്കുകയാണെന്ന് ബിജെപി വക്താവ് ഷെഹ്സാദ് പൂനവാല വിമര്‍ശിച്ചു. വെറുമൊരു സെല്‍ഫിയുടെ പേരിലാണ് എംഎല്‍എയുടെ മകന് സോനു നിഗത്തെയും സഹായികളയും ആക്രമിച്ചത്. ഇത് അവരുടെ അഹങ്കാരവും ഗുണ്ടാസ്വഭാവവുമാണ് കാണിക്കുന്നത്.
ചെമ്പൂര് ഫെസ്റ്റിവലിനോടനുബന്ധിച്ച് നടത്തിയ സംഗീതപരിപാടിക്ക് ശേഷമായിരുന്നു സംഭവം. സോനുവിന്റെ ആരോഗ്യ നില തൃപ്തികരമാണെന്ന്മെഡിക്കല് സംഘം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: