ബംഗളുരു: ലളിതമായ ശൈലിയിലൂടെ ഭാരതീയ ജീവിതചിന്ത കുറിക്കുകൊള്ളുന്ന രീതിയില്‍ ആവിഷ്‌ക്കരിക്കുന്ന ജ്ഞാനപ്പാന നൃത്താവിഷ്ക്കാരത്തിന്റെ രൂപത്തില്‍ ടെക്കികളുടെ മുന്നില്‍ എത്തുന്നു. മലയാളികളുടെ പ്രിയ താരങ്ങളും അനുഗൃഹീത നര്‍ത്തകരുമായ വിനീതും, ലക്ഷ്മീ ഗോപാലസ്വാമിയുമാണ് കലാരൂപം അവതരിപ്പിയ്‌ക്കുന്നത്. ഫെബ്രുവരി 25 ശനിയാഴ്ച വൈകുന്നേരം 5 മണിയ്‌ക്ക് ഇന്ദിരാനഗര്‍ ന്യൂ ഹൊറൈസണ്‍ സ്കൂളിലാണ് പരിപാടി. ഒപ്പം കര്‍ണ്ണാടകയുടെ തനതു നാടന്‍ കലാരൂപങ്ങളും ആസ്വാദകരെ ആനന്ദിപ്പിയ്‌ക്കും.
ജ്ഞാനപ്പാനയുടെ മഹത്വം തിരിച്ചറിഞ്ഞ് അതിലെ സന്ദേശം ജനങ്ങള്‍ക്കിടയില്‍ വ്യാപകമായി പ്രചരിപ്പിയ്‌ക്കാന്‍ ആര്‍ട്ട് ഓഫ് ലിവിംഗ് ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് ചില പ്രത്യേക പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. ശ്രീ ശ്രീ രവിശങ്കര്‍ തന്നെ അതിന് മുന്‍കൈയ്യെടുത്തു. ഐറ്റി മേഖലയിലും മറ്റുമായി ധാരാളം മലയാളികള്‍ ജീവിയ്‌ക്കുന്ന ബെംഗളുരുവില്‍ അതിന് നല്ല രീതിയിലുള്ള സ്വീകരണമാണ് കിട്ടിയത്. ഇപ്പോള്‍ വീണ്ടും ജ്ഞാനപ്പാനയുടെ സന്ദേശം ജനങ്ങളിലേയ്‌ക്ക് എത്തുകയാണ്.
രണ്ടു മലയാള മാമറകള്‍ എന്ന പേരില്‍ പ്രൊഫ ജി ബാലകൃഷ്ണന്‍ നായര്‍ എഴുതിയ ഒരു പുസ്തകമുണ്ട്. എഴുത്തച്ഛന്റെ ഹരിനാമകീർത്തനം പൂന്താനത്തിന്റെ ജ്ഞാനപ്പാന എന്നീ കൃതികളെയാണ് മാമറകള്‍ എന്ന് വിശേഷിപ്പിയ്‌ക്കുന്നത്. മാമറ എന്നാല്‍ വേദം, അഥവാ പരമമായ ജ്ഞാനം. പരമമായ ജ്ഞാനം പ്രകാശിപ്പിയ്‌ക്കുന്ന രണ്ട് മലയാളം കൃതികളാണ് ഹരിനാമകീർത്തനവും ജ്ഞാനപ്പാനയും എന്ന് സാരം. പൈതൃകമായി പകര്‍ന്നു കിട്ടിയ ഇത്തരം അമൂല്യ സമ്പത്തിനെ തിരിച്ചറിയാനും ഉള്‍ക്കൊള്ളാനുമുളള ആര്‍ജ്ജവം ഇന്നത്തെ തലമുറയ്‌ക്ക് ഉണ്ടാകുന്നുണ്ടോ എന്നത് ചിന്തനീയമാണ്.
വിദ്യാഭ്യാസം എന്നത് കേവലം കുറേ ശാസ്ത്ര സാങ്കേതിക വിദ്യകളോ, പദങ്ങളോ മനസ്സിലാക്കുക മാത്രമല്ലെന്ന് സമൂഹത്തിന്റെ ഇന്നത്തെ പോക്കില്‍ നിന്ന് തിരിച്ചറിവുണ്ടാകുന്നുണ്ട്. നല്ല സമൂഹ സൃഷ്ടിയ്‌ക്ക് ഉതകുന്ന മൂല്യങ്ങള്‍ വ്യക്തികളില്‍ നട്ടുവളര്‍ത്താന്‍ കഴിയുക എന്നത് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമാണ്. മുമ്പ് ഈ മൂല്യങ്ങള്‍ പകര്‍ന്നു കിട്ടാന്‍ ഔപചാരികവും അനൗപചാരികവുമായ നിരവധി അവസരങ്ങള്‍ നാട്ടിലുണ്ടായിരുന്നു. എന്നാല്‍ ഇന്ന് അത്തരം അവസരങ്ങള്‍ കുറവാണെന്ന് എല്ലാവരും സമ്മതിയ്‌ക്കും. ഇന്ന് വിവരശേഖരണം മാത്രമേ നടക്കുന്നുള്ളൂ. ജീവിതത്തിന്റെ ധാരയില്‍ മൂല്യങ്ങള്‍ കലര്‍ത്തുക എന്ന സുപ്രധാനമായ പ്രക്രിയ നടക്കുന്നില്ല. അതിന്റെ അനന്തര ഫലം വ്യക്തിയും സമൂഹവും രാഷ്‌ട്രവും ലോകവും ഇന്ന് നിരന്തരം സംഘര്‍ഷങ്ങളിലൂടെയാണ് കഴിഞ്ഞു പോകുന്നത് എന്നതാണ്. ഇന്നത്തെ തിരക്കു പിടിച്ച പരക്കം പാച്ചിലില്‍ നിന്ന് ഒരല്‍പ്പ സമയം വിടുതല്‍ നേടി, വ്യക്തി ബോധത്തേയും സാമൂഹ്യ ബോധത്തേയും പോഷിപ്പിയ്‌ക്കുന്ന അത്തരം മൃദു പാഠങ്ങള്‍ കൂടി പഠിയ്‌ക്കാന്‍ തയ്യാറാവേണ്ടതുണ്ട്.
കൂടിയല്ല ജനിയ്‌ക്കുന്ന നേരത്ത്
കൂടിയല്ല മരിയ്‌ക്കുന്ന നേരത്ത്
മദ്ധ്യേയിങ്ങനെ കാണുന്ന നേരത്ത്
മത്സരിയ്‌ക്കുന്നതെന്തിന്നു നാം വൃഥാ
എന്ന് ലളിതമായ പദങ്ങളില്‍ കൂടി പൂന്താനം പകര്‍ന്നു തരുന്ന യുക്തിയും മൂല്യവും എത്ര മഹത്തരമാണ് ! ചെറു പ്രായത്തില്‍ തന്നെ ഉള്ളില്‍ കടക്കേണ്ടവയാണ് ഇത്തരം മൂല്യങ്ങള്‍. അങ്ങനെയായാല്‍ പില്‍ക്കാലത്ത് വ്യക്തിയ്‌ക്ക് തിരിച്ചറിവും തണലുമായി അവ മാറും.
പൂന്താനം തുടരുന്നു…
സ്‌ഥാനമാനങ്ങൾ ചൊല്ലിക്കലഹിച്ചു
നാണംകെട്ടു നടക്കുന്നിതു ചിലർ
മദമത്സരം ചിന്തിച്ചു ചിന്തിച്ചു
മതി കെട്ടു നടക്കുന്നിതു ചിലർ;
നിസ്സാരങ്ങളായ പലതിന്റെയും പുറകേ നടന്ന് നാണം കെട്ടും മതികെട്ടും മനുഷ്യര്‍ അവയില്‍ തന്നെ ജീവിതം ഒടുക്കാതെ ആത്മാന്വേഷണം കൂടി നടത്തി ശാശ്വതമായ പദം നേടണമെന്ന് പൂന്താനം ആഹ്വാനം ചെയ്യുന്നു. ഭാരതം അതിനുള്ള സവിശേഷമായ ഭൂമിയാണെന്നും, ഇവിടെ കിട്ടിയ മനുഷ്യ ജന്മം സവിശേഷ ലക്ഷ്യമുള്ളതാണെന്നും അദ്ദേഹം ആവര്‍ത്തിച്ച് ഓര്‍മ്മിപ്പിയ്‌ക്കുന്നു.
നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്തുകൊണ്ടിരിയ്‌ക്കുന്ന മലയാളികളുടെ ഒരു കൂട്ടായ്‌മയാണ് ബാംഗ്ലൂരിലെ ഉത്തിഷ്ഠ. സേവന പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം സാംസ്ക്കാരിക സന്ധ്യകളിലൂടെ കേരളത്തിന്റെ തനത് കലാ സാംസ്ക്കാരിക സമ്പത്തുകളെ പ്രവാസി കുടുംബങ്ങള്‍ക്ക് പരിചയപ്പെടുത്താന്‍ ഉത്തിഷ്ഠയ്‌ക്ക് കഴിഞ്ഞിട്ടുണ്ട്. തങ്ങളുടെ ഇത:പര്യന്തമുള്ള സേവന ചരിത്രം അറിയാവുന്ന ബാംഗ്ലൂര്‍ നിവാസികള്‍ ഒപ്പം നിന്ന് ഇതുവരെയുള്ള എല്ലാ പരിപാടികളും വിജയമാക്കിയിട്ടുണ്ടെന്ന് ഉത്തിഷ്ഠ ടീം പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: