തിരുവനന്തപുരം: താന്‍ അവിശ്വാസികള്‍ക്കും നിരീശ്വരവാദികള്‍ക്കും എതിരാണെന്ന തരത്തില്‍ തന്റെ പ്രസംഗം വളച്ചൊടിച്ച് സമൂഹമാധ്യമങ്ങളിലൂടെ ചിലര്‍ പ്രചരിപ്പിക്കുകയാണെന്ന് സുരേഷ് ഗോപി. അവിശ്വാസികളുടെ സര്‍വ്വനാശത്തിന് പ്രാര്‍ത്ഥിക്കും എന്ന് പറഞ്ഞത് നിരീശ്വരവാദികളെക്കുറിച്ചല്ല, ശബരിമലയില്‍ ശല്ല്യക്കാരായി വന്നവരെക്കുറിച്ചാണെന്നും നടന് സുരേഷ് ഗോപി ഫേസ്ബുക്ക് കുറിപ്പില്‍ വിശദീകരിച്ചു. ഒരു ശിവരാത്രി പരിപാടിയില്‍ പങ്കെടുത്ത്കൊണ്ട് സംസാരിച്ചതിനെ ചിലര്‍ മനപൂര്‍വ്വം നിരീശ്വരവാദികള്‍ക്കും അവിശ്വാസികള്‍ക്കും എതിരായി സംസാരിക്കുന്ന ആളാക്കി തന്നെ മാറ്റുകയായിരുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു.
“അവിശ്വാസികളുടെയോ നിരീശ്വരവാദികളുടെയോ മൂല്യവത്തായതും വിവേകപൂര്‍ണവുമായ ചിന്തകളെ ഞാന്‍ അനാദരിക്കുന്നില്ല, അത് ഞാന്‍ ഒരിക്കലും ചെയ്യില്ല. ഞാന്‍ അവരെക്കുറിച്ച് സംസാരിച്ചിട്ടില്ല.”- സുരേഷഥ് ഗോപി ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.
“വിശ്വാസികളുടെ അവകാശങ്ങളുടെ നേർക്ക് വരുന്ന ഒരു ശക്തിയോടും പൊറുക്കില്ല. അങ്ങനെ വരുന്നവരുടെ സർവനാശത്തിന് വേണ്ടി ഈ ശ്രീകോവിലിന് മുന്നിൽ പോയി പ്രാർത്ഥിച്ചിരിക്കും . – സുരേഷ് ഗോപി പറഞ്ഞു.
ശബരിമലയിലെ ശല്യക്കാരെയും തന്റെ മതത്തിന് എതിരെ നില്ക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളെയും ഉദ്ദേശിച്ചാണ് പ്രസംഗത്തില്‍ സംസാരിച്ചതെന്നും സുരേഷ് ഗോപി ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
അടുത്തിടെ നടത്തിയ എന്റെ പ്രസംഗത്തില്‍ നിന്നുള്ള ഒരു വിഡിയോ ക്ലിപ് പ്രചരിക്കുന്നത് കണ്ടു. എന്നാല്‍ അത് എഡിറ്റ് ചെയ്തതാണ്. ഈ പ്രശ്നത്തെ പറ്റി അറിഞ്ഞയുടനെ പ്രതികരിക്കണമെന്നു തോന്നി. അവിശ്വാസികളുടെയോ നിരീശ്വരവാദികളുടെയോ മൂല്യവത്തായതും വിവേകപൂര്‍ണവുമായ ചിന്തകളെ ഞാന്‍ അനാദരിക്കുന്നില്ല, അത് ഞാന്‍ ഒരിക്കലും ചെയ്യില്ല. ഞാന്‍ അവരെക്കുറിച്ച് സംസാരിച്ചിട്ടില്ല. എന്റെ ആശയം വഴിതിരിച്ചുവിടാനുള്ള ചിലരുടെ വിഷലിപ്തമായ ആഗ്രഹം നടത്താനായി ആ പ്രസംഗത്തെ കഷണങ്ങളാക്കി മുറിച്ചു.
ഭരണഘടനാപരമായി അനുവദിക്കപ്പെട്ടിട്ടുള്ള എന്റെ മതത്തിന്റെ ആചാരങ്ങള്‍ നടത്തുന്നതിന് തടസം സൃഷ്ടിക്കാനുള്ള ശ്രമങ്ങളെപ്പറ്റിയാണ് ഞാന്‍ പറഞ്ഞത്. രാഷ്ട്രീയത്തിന്റെ പേരിലോ മറ്റു മതങ്ങളുടെ പേരിലോ ആരെങ്കിലും നുഴഞ്ഞുകയറാന്‍ ശ്രമിച്ചാല്‍ അവരുടെ നാശത്തിനായി ഞാന്‍ പ്രാര്‍ഥിക്കും. ശബരിമലയില്‍ വന്ന ശല്യക്കാരെയും എന്റെ മതപരമായ അവകാശത്തിന് എതിരായി വന്ന എല്ലാ രാഷ്ട്രീയ ശക്തികളെയുമാണ് ഞാന്‍ ഉദ്ദേശിച്ചത്. അതു മാത്രമായിരുന്നു എന്റെ ഉദ്ദേശ്യവും ഉള്ളടക്കവും.
രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി, തന്റെ രാഷ്ട്രീയം പ്രദര്‍ശിപ്പിക്കാന്‍ ഒരാളെയും അനുവദിക്കരുത്, ഞാന്‍ അതിനെ പൂര്‍ണമായും എതിര്‍ക്കുന്നു. എന്റെ ഉദ്ദേശ്യം ഞാന്‍ പറയട്ടെ, ആരും അത് വഴിതിരിച്ചുവിടേണ്ടതില്ല. ഇത് പറയുമ്പോള്‍ എനിക്ക് അതില്‍ രാഷ്ട്രീയ ഉദ്ദേശ്യങ്ങളില്ലായിരുന്നു. അങ്ങനെ ഒരിക്കലും ചെയ്യില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: