പത്തനംതിട്ട : എനാദിമംഗലത്ത് വീട്ടിൽ കയറി വീട്ടമ്മയെ തലക്കടിച്ച് കൊന്ന കേസിലെ പ്രധാന പ്രതി പോലീസ് കസ്റ്റഡിയിൽ. അക്രമി സംഘത്തിലെ പ്രധാനിയെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. കേസിൽ പതിനഞ്ചോളം പ്രതികളാണുള്ളത്. ഇവരിൽ 9 പേരെയും തിരിച്ചറിഞ്ഞു. സംഭവത്തിന് ദൃക്സാക്ഷിയായ നന്ദിനിയെന്ന അയൽവാസി നൽകിയ മൊഴിയാണ് കേസിൽ നിർണായകമായത്. ഇവരുടെ മൊഴിയമനുസരിച്ചാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്.
ഗൂണ്ടാസംഘങ്ങളുടെ പ്രതികാരത്തിന്റെ ഭാഗമായിട്ടായിരുന്നു ആക്രമണം. കഴിഞ്ഞ ദിവസം രാത്രിയിലാണ് പതിനഞ്ചോളം പേരടങ്ങിയ സംഘം കാപ്പാ കേസ് പ്രതിയായ സൂര്യലാലിന്റെ വീട് ആക്രമിച്ചത്. വീട് പൂർണമായും അടിച്ചു തകർക്കുകയും വീട്ടിലുണ്ടായിരുന്ന സാധനങ്ങൾ നശിപ്പിക്കുകയും മുറ്റത്തെ കിണറില്‍ വലിച്ചെറിയുകയും ചെയ്തു. സംഭവം നടക്കുമ്പോൾ വീട്ടിൽ ഒറ്റയ്ക്കായിരുന്നു സൂര്യലാലിന്റെ അമ്മ സുജാത. ആക്രമണം തടയാൻ ശ്രമിക്കുന്നതിനിടയിൽ സുജാതയുടെ തലയ്ക്കും മുഖത്തും അടിയേറ്റു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ചാണ് അന്ത്യം.
മക്കളായ സൂര്യലാലും ചന്ദ്രലാലും നിരവധി കേസുകളില്‍ പ്രതികളാണ്. സൂര്യലാലിനെതിരെ പോലീസ് കാപ്പ ചുമത്തിയിരുന്നു. ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് അക്രമത്തിന് കാരണമെന്നാണ് പോലീസിന്റെ നിഗമനം. ദിവസങ്ങള്‍ക്ക് മുന്‍പ് മണ്ണെടപ്പുമായി ബന്ധപ്പെട്ട് ഇരുസംഘങ്ങള്‍ ഏറ്റുമുട്ടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: