മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്ത് എം.വി. ഗോവിന്ദന് നയിക്കുന്ന സിപിഎമ്മിന്റെ ജനകീയ പ്രതിരോധ യാത്ര ആ പേര് സൂചിപ്പിക്കുന്നതുപോലെ പാര്‍ട്ടി നേരിടുന്ന പ്രതിസന്ധിയിലേക്കും അരക്ഷിതാവസ്ഥയിലേക്കുമാണ് വിരല്‍ചൂണ്ടുന്നത്. തുടര്‍ഭരണം ലഭിച്ചതിന്റെ ആവേശം ഒരുവര്‍ഷത്തിനകം തന്നെ കെട്ടുപോയിരിക്കുന്നു. ഏഴ് വര്‍ഷമായുള്ള ദുര്‍ഭരണത്തിന്റെ ഫലമായി ജനങ്ങള്‍ മാത്രമല്ല, പാര്ട്ടിക്കാര് തന്നെ കടുത്ത നിരാശയിലും രോഷത്തിലുമാണ്. വിലക്കയറ്റവും ധൂര്‍ത്തും അഴിമതിയും അവസരവാദവും സ്വജനപക്ഷപാതവുമുള്‍പ്പെടെ പാര്‍ട്ടി അണികളില്‍നിന്നുപോലും ഉയരുന്ന ആരോപണങ്ങള്‍ക്ക് മറുപടി നല്കാന് നേതൃത്വത്തിന് കഴിയുന്നില്ല. പല നേതാക്കളെയും കേന്ദ്രീകരിച്ചുള്ള വിഭാഗീയത പാര്‍ട്ടിയില്‍ ശക്തമാണ്. കണ്ണൂരിലെ തില്ലങ്കേരിയില്‍ പൊട്ടിത്തെറിയിലേക്ക് നയിച്ച വിഭാഗീയത പറഞ്ഞൊതുക്കാനുള്ള ശ്രമം ദയനീയമായി പരാജയപ്പെട്ടിരിക്കുന്നു. ചില സൈബര്‍ സഖാക്കളുടെ പ്രതികരണങ്ങളും വെല്ലുവിളികളുമാണ് പ്രത്യക്ഷത്തില്‍ കാണുന്നതെങ്കിലും അത് മഞ്ഞുമലയുടെ മേല്‍തുമ്പു മാത്രമേ ആകുന്നുള്ളൂ. അടിയിലുള്ളത് പ്രമുഖ നേതാക്കളുടെ ഏറ്റുമുട്ടലുകളാണ്. പാര്‍ട്ടി നേതാക്കളായ ജയരാജന്മാരും മുന്‍ മന്ത്രി കെ.കെ.ശൈലജയും എം.വി. ഗോവിന്ദനുമൊക്കെ പലതട്ടുകളില്നിന്ന് വിവിധ ദിശകളിലേക്ക് പാര്‍ട്ടിയെ പിടിച്ചുവലിക്കുകയാണ്. മാധ്യമങ്ങള്‍ക്കു മുന്നില്‍ വന്നുനിന്ന് പാര്‍ട്ടി ഒറ്റക്കെട്ടാണെന്ന് ഈ നേതാക്കളൊക്കെ അവകാശപ്പെടുന്നതില്‍ യാതൊരു ആത്മാര്‍ത്ഥതയുമില്ല. ഇങ്ങനെ ആകെ കലങ്ങിമറിഞ്ഞ അവസ്ഥയിലാണ് ജനകീയ പ്രതിരോധ യാത്ര നടത്തി ഐക്യത്തിന്റെ മേലങ്കിയണിയാനുള്ള ശ്രമം.
കള്ളപ്രചാരണമാണല്ലോ സിപിഎമ്മിന്റെ ജീവനാഡി. അധികാരത്തില്‍ വരുമ്പോഴൊക്കെ സര്‍ക്കാരിന്റെ സംവിധാനമുപയോഗിച്ചും ഇത് നടത്തും. തങ്ങള്‍ വഹിക്കുന്ന സ്ഥാനമാനങ്ങളുടെ വലിപ്പവും അന്തസ്സും നേതാക്കള്‍ക്ക് ഇതിന് തടസ്സമാവാറില്ല. പച്ചക്കള്ളം ഒരു മടിയുമില്ലാതെ ആവര്‍ത്തിച്ചുകൊണ്ടിരിക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ തന്നെ ഇക്കാര്യത്തിലെ ട്രാക് റെക്കോര്‍ഡ് ആരെയും അമ്പരപ്പിക്കുന്നതാണ്. സിപിഎം നേതാക്കളും ഭരണാധികാരികളും കടുത്ത നുണപ്രചാരണം നടത്തുകയും വലിയ ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്യുമ്പോള്‍ ഒരു കാര്യം ഉറപ്പിക്കാം. പാര്‍ട്ടിയും ഭരണവും വലിയ പ്രതിസന്ധിയിലാണ്. തില്ലങ്കേരിയിലെ പാര്‍ട്ടി പ്രതിസന്ധി മറ്റിടങ്ങളിലും വിവിധ രീതികളില്‍ സിപിഎം നേരിടുന്നുണ്ട്. ഒരിടത്ത് പാര്‍ട്ടി ആസൂത്രണം ചെയ്യുന്ന കൊലപാതക രാഷ്ട്രീയമാണെങ്കില്‍ മറ്റൊരിടത്ത് അത് പാര്‍ട്ടി നേതാക്കളുടെ ലൈംഗിക അരാജകത്വമാണ്. വേറെയിടങ്ങളില്‍ അത് ലഹരിമാഫിയയും അഴിമതിയുമാണ്. ഇവയെല്ലാം പരിഹരിക്കാനെന്ന പേരില്‍ ഇടക്കിടെ പുറത്തിറക്കുന്ന തെറ്റുതിരുത്തല്‍ രേഖ വെറും തട്ടിപ്പാണ്. തെറ്റുതിരുത്തല്‍ രേഖയില്‍ അക്കമിട്ടു നിരത്തുന്ന തിന്മകള് കാലങ്ങളായി ചെയ്തിരുകൊണ്ടിരിക്കുന്നവര് തന്നെയാണ് ഇത്തരം രേഖകള്‍ ചമയ്ക്കുന്നത്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയെന്ന മിനിമം പരിപാടിയാണ് ഇതിന്റെ ലക്ഷ്യം. ചെകുത്താന്മാര് തന്നെ വേദമോതിക്കൊണ്ടേയിരിക്കും. രാജ്യത്തെ നിയമവും കോടതിയുമൊന്നും അവര്‍ക്ക് ബാധകമല്ല. പാര്‍ട്ടിയുടെ സംരക്ഷണം ഇക്കൂട്ടര്‍ക്ക് ലഭിക്കും.
കേന്ദ്ര വിരുദ്ധ വികാരം പൂര്‍വാധികം ശക്തമായി കുത്തിപ്പൊക്കാനാണ് ഇപ്പോള്‍ ഇങ്ങനെയൊരു യാത്ര സിപിഎം നടത്തുന്നത്. ഇതിന്റെ സാഹചര്യം വളരെ വ്യക്തമാണ്. ഇടതുമുന്നണിയുടെ ഭരണസംവിധാനം സമ്പൂര്‍ണമായി തകര്‍ന്നിരിക്കുന്നു. കഴിയാവുന്ന രീതിയിലൊക്കെ കേന്ദ്ര സര്‍ക്കാര്‍ സഹായിച്ചിട്ടും കെടുകാര്യസ്ഥതയും അഴിമതിയും സ്വജനപക്ഷപാതവും മൂലം അതിന്റെയൊന്നും ഗുണം ജനങ്ങള്‍ക്ക് ലഭിക്കാതെ പോകുന്നു. ഇതിനെക്കുറിച്ച് ജനങ്ങളില്‍നിന്ന് ഉയരുന്ന ചോദ്യങ്ങള്‍ക്ക് മറുപടി നല്കാന് മന്ത്രിമാര്‍ക്കും മുന്നണി നേതാക്കള്‍ക്കും കഴിയുന്നില്ല. ഈ സാഹചര്യത്തില്‍ അണികളെ ഒപ്പം നിര്‍ത്താനും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുമാണ് ജനകീയ പ്രതിരോധ യാത്ര. സിപിഎം ഭയപ്പെടുന്ന മറ്റൊരു സാഹചര്യം ലൈഫ് മിഷന് അഴിമതിക്കേസ് അന്വേഷിക്കുന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ വീണ്ടും അറസ്റ്റ് ചെയ്തതാണ്. അടുത്തതായി വിളിച്ചുവരുത്താന്‍ പോകുന്നത് സി.എം. രവീന്ദ്രനെയായിരിക്കും. രവീന്ദ്രനെ ചോദ്യം ചെയ്താല്‍ അത് മുഖ്യമന്ത്രിയെ ചോദ്യം ചെയ്യുന്നതിന് തുല്യമായിരിക്കുമല്ലോ. കാരണം പിണറായി വിജയന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരനായാണ് രവീന്ദ്രന് അറിയപ്പെടുന്നത്. രവീന്ദ്രന്റെ നില ഒട്ടും സുരക്ഷിതമല്ലെന്ന് സ്വപ്നയുമായുള്ള വാട്സാപ്പ് ചാറ്റില്‍ നിന്ന് വ്യക്തമാണ്. രവീന്ദ്രന് വീണു കഴിഞ്ഞാല്‍ പിന്നെ എപ്പോഴാണ് എന്‍ഫോഴ്സ്മെന്റ് മുഖ്യമന്ത്രിയുടെ വാതിലില്‍ മുട്ടുകയെന്ന് ആര്‍ക്കും പറയാനാവില്ല. ഇങ്ങനെയൊരു സ്ഥിതിവിശേഷം സിപിഎം നേതൃത്വം മുന്നില്‍കാണുന്നുണ്ട്. പിണറായിയെ ഇഡി തൊടില്ലെന്നൊക്കെ എം.വി. ഗോവിന്ദന് വാചകമടിക്കുന്നത് പാര്‍ട്ടിയുടെ പേടികൊണ്ടാണ്. ജനകീയ പ്രതിരോധയാത്രയുടെ മുഖ്യ ഉദ്ദേശ്യം പിണറായി വിജയന് രാഷ്ട്രീയ രക്ഷാകവചമൊരുക്കലായിരിക്കും. ഈ യാത്രയിലുടനീളം അണികളെ പ്രകോപിപ്പിക്കും. ജനങ്ങള്‍ വലിയ ജാഗ്രത പാലിക്കേണ്ടിയിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: