സി.വി. രാമന്‍പിള്ളയുടെ മാര്‍ത്താണ്ഡവര്‍മ്മ, ധര്‍മ്മരാജ, രാമരാജബഹദൂര്‍ എന്നീ ചരിത്രാഖ്യായികകള്‍ വായിക്കാതെ കേരള സാഹിത്യ വായന പൂര്‍ത്തിയാകില്ല. കല്പ്പനയുടെ ആടയണിയിച്ച ചരിത്രസത്യങ്ങളാണവ. രവിവര്‍മ്മ തമ്പുരാന്റെ ഭയങ്കരാമുടി, മുടിപ്പേച്ച്, ഇരുമുടി എന്നീ നോവലുകള്‍ വായിക്കാതെ ‘കേരള സത്യവായന’ പൂര്‍ത്തിയാകില്ല. ‘സത്യ’വായന എന്നുതന്നെയാണ്; അച്ചടിപ്പിശകല്ല.
സാഹിത്യത്തിലെ ‘സത്യ’ങ്ങളാണ് കാലാതിവര്‍ത്തിയാകുന്നത്, കൃതിയെ അങ്ങനെ ഉയര്‍ത്തുന്നത്. എഴുത്തുകാരന്റെ ഹിതവും കല്‍പ്പനയും അതിനെ വായിക്കാന്‍ പാകത്തിലേക്ക് ആകര്ഷിക്കുന്നുവെന്നുമാത്രം.
സത്യത്തിന്റെ വെളിച്ചം,അത്രത്തോളം ഇരുട്ട് കയറിയും കയറ്റിയും നിഗൂഢതയുണ്ടാക്കിയ സ്ഥലികളിലേക്ക് പതിപ്പിക്കാന്‍ ഈ നോവലിസ്റ്റിനെ പ്രേരിപ്പിച്ചതും സഹായിച്ചതും അറിവുകളും തിരിച്ചറിവുകളും ഉള്ളറകളിലേക്ക് കടന്നുള്ള അന്വേഷണവുമാണ്. എഴുത്തും വായനയും ആരൊക്കെയോ ചേര്‍ന്ന് ചുരുക്കിച്ചുരുക്കി കുറിമാനങ്ങളിലാക്കിയപ്പോള് ചോര്‍ന്നു പോയതും ചോര്‍ത്തിക്കളഞ്ഞതും വസ്തുതകളാണല്ലോ. അങ്ങനെ, ഓര്‍മ്മയ്ക്കും ആയുസ്സു കുറഞ്ഞു, ശക്തിയും. പക്ഷേ ഉറക്കമില്ലാത്ത ഒരു ജേണലിസ്റ്റിന് അങ്ങനെയാവാന്‍ കഴിയില്ല. അതും നിഷ്പക്ഷനായി, നാളെയെക്കുറിച്ച് ഉദ്വേഗമുള്ള ഒരു ജേണലിസ്റ്റിന്. പത്രപ്രവര്‍ത്തകനായ രവിവര്‍മ്മയുടെ നോവലുകള്‍ അങ്ങനെ പിറന്നതാണ്.
ഇവിടെ ഒരു റിവേഴ്സ് പ്രോസസ് കൂടി നടക്കുന്നു. വായിപ്പിക്കുക എന്നത് അച്ചടി വ്യവസായത്തിന്റെ ഒരേയൊരു ലക്ഷ്യം ആയി മാറ്റിക്കളഞ്ഞപ്പോള്‍ വാര്‍ത്തകളും സംഭവങ്ങളും ‘കഥകളാ’യി. ‘സ്റ്റോറി’ എന്ന ഇംഗ്ലീഷ് പ്രയോഗമാണ് ഇപ്പോള്‍ ആ രംഗത്ത് ശീലം. എന്നാല്‍, വാര്‍ത്തകള്‍ കഥയല്ലെന്ന്, കടങ്കഥകളെന്നു തോന്നിപ്പിക്കുന്ന ‘കൊടുംകഥകളാ’ണെന്ന് രവിവര്‍മ്മ തന്റെ ‘നോവല്‍ത്രയ’ത്തിലൂടെ പറയുന്നു. വിക്രമാദിത്യകഥകളിലെപ്പോലെ ഉത്തരവും പുതിയ ചോദ്യവും വോതാളമായി വായനക്കാരന്റെ തോളിലും മനസ്സിലും കയറിക്കൂടുന്നുവെന്നതാണ് ഈ നോവലുകള്‍ വായിച്ചു തീര്‍ന്നാലും തുടരുന്ന വായന. അങ്ങനെ, രവിവര്‍മ്മയുടെ പുതിയ നോവല്‍ ‘ഇരുമുടി’ ഓരോ അധ്യായത്തിലും ഓരോ സംഭവങ്ങളല്ല, വാര്‍ത്തകളുടെയും വസ്തുതകളുടെയും ചരിത്രമാകുന്നു.
2023 ജനുവരി രണ്ടാംവാരമാണ് നോവല്‍ ഇറങ്ങിയത്. ആ നോവലില്‍ 2022 ഡിസംബര്‍ 29 ന് സംഭവിച്ച കാര്യങ്ങള്‍വരെ വിഷയമാകുന്നുവെന്നത് വായനക്കാരനെ അത്ഭുതപ്പെടുത്തുകയും നോവലിനെ അത്രമാത്രം ആനുകാലികമാക്കുകയും ചെയ്യുന്നു. കേരളം കടന്നുവന്ന, നടന്നുപോകുന്ന ആശങ്കാജനകമായ ഭീകര പ്രവര്‍ത്തന കാലവും അനുഭവവുമാണ് ഈ മൂന്ന് നോവലുകളിലെ പൊതുവായ പ്ലോട്ട്. ‘ഭയങ്കരാമുടി’ എന്ന സ്ഥലം, നോവലില്‍ ദേശവിരുദ്ധ ശക്തികളുടെ താവളമാകുകയും വായനയിലൂടെ അത് കേരളമായി മാറുകയും ചെയ്യുന്നു. ഭയങ്കരാമുടിയിലെ ഭരണാധികാരിയായ ‘മൂപ്പന്’ കേരളത്തിന്റെ മുഖ്യമന്ത്രിയായി മാറുന്നു. മൂപ്പന്റെ ചെയ്തികളിലൂടെ അദ്ദേഹം പിണറായി വിജയനാണെന്ന് വായനക്കാരന് ‘കാസ്റ്റ്’ ചെയ്യുന്നു. സിനിമയുടെ കഥ, മറ്റൊരാള്‍ക്ക് വിവരിക്കുമ്പോള്‍ കഥാപാത്രത്തിന്റെ പേരിനു പകരം അഭിനയിക്കുന്ന നടന്റെ പേര് പറയുന്നതാണ് പൊതവേ പതിവ്. അതുപോലെ, നോവലിസ്റ്റ് പറയാതെ വായനക്കാരന് കഥാപാത്രങ്ങള്‍ക്ക് ഇവിടെ പ്രതിരൂപങ്ങള്‍ കല്പ്പിക്കുന്നു.
കേരളത്തിന്റെ സാമൂഹ്യ ചരിത്രവും സാഹിത്യ ചരിത്രവും മറ്റും പോലെ കേരളത്തിലെ തീവ്രവാദത്തിന്റെയും ഭീകരവാദത്തിന്റെയും ചരിത്രംകൂടിയാവുകയാണ് നോവല്‍ത്രയം. 1921 ലെ മാപ്പിളക്കലാപം ഉള്‍പ്പെടെ, 1947 ല്‍ അങ്ങാടിപ്പുറത്ത് രാമസിംഹനും കുടുംബവും കൊലചെയ്യപ്പെട്ട ഭീകരസംഭവം മുതല്‍ അടുത്തിടെ നടന്ന പിഎഫ്ഐ റെയ്ഡുവരെ വാര്‍ത്താ യഥാതഥ റിപ്പോര്‍ട്ടല്ലാതെ, ആ സംഭവങ്ങളല്ലാതെ രേഖപ്പെടുത്തിയിരിക്കുന്നു ഈ നോവലിലെന്നത് അസാധാരണമായ ഒരു എഴുത്തു പരീക്ഷണമാണ്. മൂന്നു നോവലും ചേര്‍ത്തു വായിക്കുമ്പോള്‍ ‘ഭയങ്കരകേരള’ത്തിന്റെ ചിത്രമാണ് തെളിയുന്നത്. സമകാലികമാണ് നോവല്‍ ത്രയത്തിലെ വിഷയം. അതില്‍ ശബരിമല കേന്ദ്രീകരിച്ചാണ് ‘ഇരുമുടി’ എന്ന നോവല്‍.
ശബരിമലയിലെ യുവതീ പ്രവേശമാണ് നോവലിന്റെ കാമ്പ്. അയ്യപ്പനെന്ന സങ്കല്‍പ്പവും വിശ്വാസവും ശബരിമലയെന്ന ക്ഷേത്രവും കഥകളും കെട്ടുകഥകളും ചരിത്രവും കൂടിക്കുഴഞ്ഞു കിടക്കുമ്പോള്‍ അതില്‍ യഥാര്‍ത്ഥ ചരിത്രം അന്വേഷിച്ച പത്രപ്രവര്‍ത്തകനായ രവിവര്‍മ്മ തമ്പുരാന് സ്വന്തം കണ്ടെത്തല്‍ നോവല്‍ രൂപത്തില്‍ അവതരിപ്പിക്കുകയാണ്. ആ ചരിത്രത്തിന് കയറിക്കൂടാനുള്ള ശരീരഘടനയാണ് നോവല്‍. അതിനെ കാലികമാക്കുകയാണ് ശബരിമലയിലെ യുവതി പ്രവേശം എന്ന വിഷയം.
ഭീകര പ്രവര്‍ത്തകര്‍ കൊണ്ടുനടക്കുന്ന, ഹിന്ദു ആരാധനാലയങ്ങള്‍ തകര്‍ക്കുകവഴി ഒരു മതവിശ്വാസത്തെ ഇല്ലാതാക്കാനാകുമെന്ന കാഴ്ചപ്പാടും അതിനുള്ള ശ്രമവും, ഭരണ-രാഷ്ട്രീയ താല്പര്യത്താല് പോലീസ് അന്വേഷിക്കാതെ തള്ളിയ കേസുകള്‍ അന്വേഷിച്ച് കുറ്റക്കാരെ കണ്ടെത്തലും കുഴപ്പക്കാരെ നേരിടാന്‍ കായിക ശേഷിയും രാജ്യസ്നേഹ വികാരവുമുള്ളവരെ സംഘടിപ്പിക്കലുമൊക്കെയായി മുന്നേറുന്ന നോവലിന്റെ പര്യവസാനമാണ് ഏറെ ശ്രദ്ധേയം. ശബരിമലയില്‍ വിശ്വാസ-ആചാര ലംഘനം നടത്തി യുവതികളെ കയറ്റാന്‍ മുന്‍കൈ എടുത്തിറങ്ങിയ മൂപ്പന് (മുഖ്യന്) മാനസാന്തരം വന്ന് ദുഷ്ചെയ്തികളില്‍ കുറ്റം ഏറ്റുപറഞ്ഞ്, ശബരിമലയ്ക്ക് വ്രതംനോറ്റ് മാലയിടുന്നതായാണ് നോവലിന്റെ അവസാനം. അതിനിടയില്‍ അയ്യപ്പനെക്കുറിച്ച് പുതിയൊരു ചരിത്രം അന്വേഷിച്ച് നോവലിസ്റ്റ് അവതരിപ്പിക്കുകയും ചെയ്യുന്നു.
പല തരത്തില്‍ ശ്രദ്ധേയമാണ് ഈ നോവല്‍. അതേസമയം പല തലത്തില്‍ വിവാദമാകാവുന്നതും. ഈ പുസ്തകത്തിലെ കഥാപാത്രങ്ങളുടെ നിഗമനങ്ങളും അഭിപ്രായങ്ങളും നിലപാടുകളും കഥാപാത്ര ചിത്രീകരണത്തിലെ ‘ഉല്പ്രേക്ഷ’കളും എല്ലാം വിവാദത്തിന് വഴി തുറന്നേക്കാവുന്നത്. നോവലിസ്റ്റ് ഒടുവില്‍ പ്രത്യേകം എഴുതുന്നുണ്ട്, പറയാനുള്ളത് പറഞ്ഞു, അത് കഥാ രൂപത്തിലായപ്പോള്‍ കൂടുതല്‍ സ്വാതന്ത്ര്യം ലഭിച്ചു എന്ന്. വിവാദങ്ങളാകുമെന്ന് ഉറപ്പുള്ളപ്പോഴും ഇത് കല്‍പ്പിതമല്ല എന്ന് പറയുന്ന സര്‍ഗപരമായ ആര്‍ജ്ജവമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: