തിരുവനന്തപുരം: സര്‍വേ സഭകളടക്കമുള്ള പരിപാടികളിലൂടെ, പൊതുജന അഭിപ്രായ രൂപീകരണത്തിലൂടെയും പങ്കാളിത്തത്തോടെയും ഡിജിറ്റല്‍ സര്‍വേ നാല് വര്‍ഷത്തിനുള്ളില്‍ സമയ ബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍ പറഞ്ഞു. സംസ്ഥാന രൂപീകരണത്തിന് ശേഷം കേരളത്തില്‍ ആദ്യമായി ഭൂമി സെറ്റില്‍മെന്റ് രേഖകള്‍ തയ്യാറാക്കുന്നതിനുള്ള വിദഗ്ധ ചര്‍ച്ച തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലില്‍ ഉദ്ഘാടനം ചെയ്യുകായിരുന്നു മന്ത്രി.
നിലവിലുള്ള ഭൂരേഖകളിലെ പൊരുത്തക്കേടുകള്‍ പരിഹരിക്കുന്നതിനും ഭൂമി കൈകാര്യം ചെയ്യുന്നതിനുമുള്ള ഏകീകൃത പ്ലാറ്റ്‌ഫോം സൃഷ്ടിക്കുന്നതിനുമായാണു സംസ്ഥാനത്തെ 1550 വില്ലേജുകളില്‍ ഡിജിറ്റല്‍ റിസര്‍വേയ്‌ക്കു സര്‍ക്കാര്‍ തുടക്കം കുറിച്ചത്. വിവരങ്ങള്‍, ഭരണനിര്‍വഹണം, നിയന്ത്രണം, ഉപയോഗം, ഭൂവിവരങ്ങള്‍ പ്രചരിപ്പിക്കുന്നതിനായി വെബ് ജി ഐ എസിനൊപ്പം ക്ലൗഡ് അധിഷ്ഠിത ഓണ്‍ലൈന്‍ മാപ്പിംഗ്, മാനേജ്‌മെന്റ് സോഫ്‌റ്റ്വെയര്‍ എന്നിവയിലൂടെ നിയന്ത്രിക്കുന്ന, തുടര്‍ച്ചയായി പ്രവര്‍ത്തിക്കുന്ന റഫറന്‍സ് സ്‌റ്റേഷനുകള്‍, ആര്‍ടികെറോവര്‍, ആര്‍ഇടിഎസ് മെഷീനുകള്‍ തുടങ്ങിയ ആധുനിക സാങ്കേതിക വിദ്യകള്‍ എന്നിവയും സര്‍വേക്കായി ഉപയോഗിക്കുന്നു. 200 വില്ലേജുകളിലെ ആദ്യഘട്ട ഡിജിറ്റല്‍ സര്‍വേയോടെയാണ് ദൗത്യം ആരംഭിച്ചത്.
നിക്ഷേപവും സാമ്പത്തിക വളര്‍ച്ചയും പ്രോത്സാഹിപ്പിക്കുന്നതിന് സുതാര്യവും കാര്യക്ഷമവുമായ ഭൂഭരണ സംവിധാനം വികസിപ്പിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ലാന്‍ഡ് അഡ്മിനിസ്‌ട്രേഷന്‍ സംവിധാനം കൂടുതല്‍ സ്വീകാര്യമാകേണ്ടത് ഉപഭോക്തൃ സൗഹൃദവുമാക്കുന്നതിന് സാങ്കേതികവിദ്യയുടെയും സ്മാര്‍ട്ട് സേവനങ്ങളുടെയും ഉപയോഗത്തിലും സമീപനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതായും മന്ത്രി പറഞ്ഞു.
റവന്യൂ, രജിസ്‌ട്രേഷന്‍, സര്‍വേ എന്നീ വിവിധ വകുപ്പുകളുടെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട സേവനങ്ങളെ സംയോജിപ്പിച്ച് സമന്വയിപ്പിച്ച് ഒരു പ്ലാറ്റ് ഫോം എന്നതിനാണ് ഗവണ്‍മെന്റ് പരിഗണന നല്‍കുന്നത്. ഭൂവുടമകള്‍ക്ക് ആധികാരിക ഭൂരേഖ നല്‍കുന്നതിനുള്ള ലാന്‍ഡ് സൈറ്റില്‍മെന്റ് ആക്ട് ആവശ്യമാണ്. ഈ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനായാണ് ആധുനിക ഭൂ ഭരണ നിര്‍വഹണ വിഷയത്തെക്കുറിച്ചുള്ള സിമ്പോസിയത്തിന് തുടക്കം കുറിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ലോകബാങ്കിലെ ലീഡ് ലാന്‍ഡ് അഡ്മിനിസ്‌ട്രേഷന്‍ സ്‌പെഷ്യലിസ്റ്റ് മിക്ക പെറ്റേരി, പ്രൊഫ.സോളമന്‍ ബെഞ്ചമിന്‍, നിവേദിത പി ഹരന്‍, രാജീവ് ചൗള, ചൊക്കലിംഗം, ദീപക് സനന്‍, വി.കെ.അഗര്‍വാള്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: