കേരളം ജല സമൃദ്ധമാണ്. പുഴകള്‍, കനാലുകള്‍, തടാകങ്ങള്‍, കിണറുകള്‍, കുളങ്ങള്‍, ചതുപ്പുകള്‍, കോള്‍ നിലങ്ങള്‍ എന്നിവയെല്ലാം സംസ്ഥാനത്തെ ജല ഉറവിടങ്ങളാണ്, ജല സംഭരണികളാണ്. ഇങ്ങനെയുള്ള കേരളത്തില്‍ സര്‍ക്കാര്‍ വെള്ളക്കരം മൂന്നിരട്ടിയാക്കിയതിന്റെ പേരില്‍ തദ്ദേശ സ്ഥാപനങ്ങള്‍ വെയിലത്തുവാടി ദാഹിച്ചു വരുന്നവര്‍ക്കുള്ള പൊതു ടാപ്പുകള്‍ നിര്‍ത്തുന്നു എന്നത് ജനദ്രോഹപരമാണ്. ജനങ്ങളോടുള്ള വെല്ലുവിളി കൂടിയാണ്.
കേരളത്തില്‍ കുടിവെള്ളക്കരം വര്‍ധിപ്പിച്ച നടപടി ഒരിക്കലും ന്യായികരിക്കുവാന്‍ കഴിയില്ല. സംസ്ഥാനത്തെ ലഭ്യമായ ശുദ്ധ ജലം പരിപാലിക്കാതെ കരം വര്‍ധിപ്പിച്ചു ഇരുട്ടടി നല്‍കിയത് സര്‍ക്കാരിന്റെ തെറ്റായ നയമാണ്. ജനങ്ങള്‍ക്ക് കുടിവെള്ള വിതരണം നടത്തുക എന്ന സര്‍ക്കാരിന്റെ ഉത്തരവാദിത്തം പോലെ തന്നെ പ്രാധാന്യമുള്ളതാണ് ജലസ്രോതസുകളുടെ സംരക്ഷണവും. മുവായിരം മില്ലിമീറ്ററിലധികം പ്രതിവര്‍ഷം മഴ ലഭിക്കുന്ന സംസ്ഥാനത്തെ ജല പരിപാലന, പരിരക്ഷണ, ഉപയോഗ കാര്യങ്ങളില്‍ വന്നിട്ടുള്ള അപാകതകളും കാര്യശേഷിയില്ലായ്മയും ആശാസ്ത്രിയ ഇടപ്പെടലുകളും അലസതയും അലംഭാവവും ഇന്ന് വേനലിനു മുന്‍പ് കടുത്ത ജല ദൗര്‍ലഭ്യത്തിലേക്കാണ് കേരളത്തെ എത്തിച്ചിരിക്കുന്നത്.
സംസ്ഥാനത്ത് പ്രതിവര്‍ഷം 77.35 ശതകോടി ഘന മീറ്റര്‍ ശുദ്ധജലം ലഭിക്കുന്നുണ്ട്. അതില്‍ 40 ശതമാനം ഒഴുകി പോകുന്നുവെങ്കിലും ബാക്കി 42 ശതകോടി ഘന മീറ്റര്‍ ശുദ്ധജലം വിവിധ ആവശ്യങ്ങള്‍ക്ക് നാം ഉപയോഗിക്കുന്നുണ്ട്. പ്രതിവര്‍ഷം കേരളത്തില്‍ 230 കോടി രൂപയുടെ കുപ്പിവെള്ള കച്ചവടം നടക്കുന്നു എന്നു കൂടി നാം അറിയണം. ആലത്തിന്റെയും ബ്ലീച്ചിങ് പൗഡറിന്റെയും വിലവര്‍ധിച്ചതിനാല്‍ ജല ശുദ്ധീകരണത്തിന് ചെലവ് കൂടി എന്ന ന്യായീകരണമാണ് സര്‍ക്കാര്‍ നിരത്തുന്നത്. വാസ്തവത്തില്‍ ജല മലിനീകരണം കൂടിയതിനാലാണ് ജല ശുദ്ധീകരണത്തിന് കൂടുതല്‍ പണം ചെലവാകുന്നത്. ജല സംരക്ഷണം എന്ന ഉത്തരവാദിത്വത്തില്‍ നിന്നും സര്‍ക്കാര്‍ മാറിനിന്ന് വെള്ളക്കരം കൂട്ടിയ നടപടി ജനങ്ങളോടുള്ള വെല്ലുവിളിയാണ്.
നമ്മുടെ നദികള്‍ സംരക്ഷിക്കാന്‍ ഒരു നടപടിയുമില്ല. മലിനീകരണം, മണല്‍ വാരല്‍, തീര കൈയേറ്റം, ക്രമാതീതമായ അണക്കെട്ട് നിര്‍മാണം, ഗതി മാറ്റം തുടങ്ങി നിരവധി കാരണങ്ങളാല്‍ കേരളത്തിന്റെ പ്രധാന കുടിവെള്ളസ്രോതസുകളായ നദികള്‍ നശോന്മുഖമാണ്. സെപ്റ്റിക് ടാങ്ക് മലിന്യങ്ങള്‍, വ്യവസായ മലിന്യങ്ങള്‍, ഘനലോഹങ്ങള്‍, മുനിസിപ്പല്‍ മാലിന്യം ഉപയോഗിച്ചുള്ള നിലം നികത്തല്‍ വഴി ഉണ്ടാകുന്ന ഊറലുകള്‍, കാര്‍ഷിക മലിന്യങ്ങള്‍ എന്നിവ മൂലം ഭൂഗര്‍ഭ ജലം ഉള്‍പ്പടെ സംസ്ഥാനത്തു കുടിവെള്ളത്തിനായി ഉപയോഗിക്കുന്ന ഏറിയപങ്ക് ജലസ്രോതസ്സുകളും നശിപ്പിക്കപ്പെട്ടിരിക്കുന്നു. മഴവെള്ള സംഭരണവും, മാനേജ്മെന്റും നടക്കുന്നില്ല. എഡിബി വായ്പ എടുത്ത് കാന നിര്‍മിച്ചു മഴവെള്ളം കടലിലേക്കും കായലിലേക്കും ഒഴുക്കി വിടുന്നു.
ഭൂഗര്‍ഭജല റീചാര്‍ജിങ് നടക്കുന്നില്ല. അതുകൊണ്ടുതന്നെ ഭൂഗര്‍ഭ ജല വിതാനം ക്രമാതീതമായി താഴ്ന്നുകൊണ്ടിരിക്കുന്നു. കുഴല്‍ കിണറുകളുടെ എണ്ണം പെരുകി, നിയന്ത്രണങ്ങള്‍ കടലാസ്സില്‍ ഒതുങ്ങി. ശുദ്ധജല സംരക്ഷണം നടത്താതെ, പുഴകള്‍ സംരക്ഷിക്കാതെ, ജലമാനേജ്മെന്റ് നടത്താതെ, സെപ്റ്റിക് ടാങ്ക് മാലിന്യം കുടിവെള്ള സ്രോതസ്സുകളില്‍ എത്തുന്നത് തടയാതെ, ജലം മാലിനികരണത്തിന് വിട്ടു കൊടുത്ത് ആലത്തിന്റെയും ബ്ലീച്ചിങ് പൗഡറിന്റെയും കണക്കുപറഞ്ഞു ജനത്തിന്റെ നികുതി ഭാരം വെള്ളക്കരത്തിന്റെ രൂപത്തിലും വര്‍ധിപ്പിച്ചതിനു ഒരു ന്യായികരണവും ഇല്ല.
സ്വകാര്യ സ്ഥാപനങ്ങളുടെയും, സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും പൊതു മേഖല സ്ഥാപനങ്ങളുടെയും വെള്ളക്കര കുടിശിക കിട്ടാനുള്ളത് പരിച്ചെടുക്കാതെ വെള്ളക്കര വര്‍ദ്ധന നടത്തിയത് സാധാരണക്കാരോടുള്ള ക്രൂരതയായിപ്പോയി. പൊതു ടാപ്പുകള്‍ നിര്‍ത്തുന്നതുള്‍പ്പടെ ഒരു സര്‍ക്കാരും ചെയ്യാത്തതു പോലുള്ള ഈ സര്‍ക്കാരിന്റെ നടപടികള്‍ ജനദ്രോഹപരമാണ്. ജലസ്രോതസ്സുകള്‍ മാനേജ് ചെയ്ത് കേരളത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുവാനുള്ള നടപടികളാണ് വേണ്ടത്. ഇതിനുപകരം ഏറ്റവും എളുപ്പം ചെയ്യാവുന്ന വെള്ളക്കരം വര്‍ദ്ധന നടത്തിയത് ജനദ്രോഹമാണ്. അത് പിന്‍വലിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: