കണ്ണൂര്‍: ഒരാഴ്ചത്തെ ഇസ്രയേല്‍ സന്ദര്‍ശനത്തിന് ശേഷം കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.ബി.അശോകിന്റെ നേതൃത്വത്തിലുള്ള സംഘം തിരിച്ചെത്തി. പുലര്‍ച്ചെ 3.30നാണ് സംഘം മടങ്ങി എത്തിയത്. 27 പേരുമായി യാത്ര തിരിച്ച സംഘത്തിലെ 26 പേരാണ് മടങ്ങി എത്തിയിരിക്കുന്നത്. സംഘത്തിലുണ്ടായിരുന്ന കണ്ണൂര്‍ ഇരിട്ടി ഉളിക്കല്‍ പേരട്ട കെ.പി.മുക്ക് കോച്ചേരില്‍ ബിജു കുര്യനെപ്പറ്റി വിവരമൊന്നും ലഭിച്ചിട്ടില്ല. പാസ്‌പോര്‍ട്ട് ഉള്‍പ്പെടെ രേഖകള്‍ കൈവശം വച്ചത് ഇയാള്‍ മുങ്ങിയതാണെന്ന സംശയം ബലപ്പെടുത്തുന്നു.
ബിജുവിന് വേണ്ടി ഇസ്രയേല്‍ ഇന്റലിജന്‍സ് മൊസാദിന്റെ നേതൃത്വത്തില്‍ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ഇസ്രയേല്‍ പോലീസിന് ഇയാളുടെ വിരലടയാളവും ലഭിച്ചിട്ടുണ്ട്. മെയ് എട്ട് വരെയാണ് ബിജുവിന്റെ വിസാ കാലാവധി.ഇതിനുള്ളില്‍ കേരളത്തിലേക്ക് മടങ്ങിയില്ലെങ്കില്‍ കര്‍ശന നടപടി ഉണ്ടാകും. ആധുനിക കൃഷിരീതി പരിശീലനത്തിനായി ഈ മാസം 12നാണ് സംസ്ഥാന കൃഷിവകുപ്പിന്റെ നേതൃത്വത്തിലുള്ള സംഘം ഇസ്രയേലിലേക്ക് യാത്ര തിരിക്കുന്നത്. 17ാം തിയതി ഇവര്‍ ഭക്ഷണം കഴിക്കാനായി പുറത്തിറങ്ങിയ ശേഷമാണ് ബിജുവിനെ കാണാതാകുന്നത്.
കാണാതായ വിവരം സംഘം അറിയിച്ചതോടെ ഇസ്രയേല്‍ പോലീസും സ്ഥലത്തെത്തി വിവരങ്ങള്‍ ശേഖരിച്ചിരുന്നു. ബിജുവിന് അപകടമൊന്നും സംഭവിച്ചതായി വിവരമില്ലെന്ന് കൃഷി മന്ത്രി പി. പ്രസാദ് പറഞ്ഞു. വിദേശരാജ്യത്തെ കേസ് ആയതിനാല്‍ വിദഗ്ധരുമായി കൂടിയാലോചിച്ച ശേഷമായിരിക്കും തുടര്‍നടപടികളെന്നും പി.പ്രസാദ് അറിയിച്ചു. താന്‍ സുരക്ഷിതനാണെന്നും അന്വേഷിക്കേണ്ടെന്നും ബിജു ഭാര്യയ്‌ക്ക് വാട്‌സാപ്പില്‍ ശബ്ദസന്ദേശം അയച്ചിരുന്നതായി സഹോദരന്‍ ബെന്നി പറയുന്നു. പിന്നീട് ഇയാളുമായി ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: