റെയില്‍വേ സംരക്ഷണ സേന (ആര്‍പിഎഫ്) രാജ്യത്തെ റെയില്‍വേ സുരക്ഷാ മേഖലയിലെ പ്രധാന സുരക്ഷ – ക്രമസമാധാനപാലന ഏജന്‍സിയാണ്. റെയില്‍വേ ആസ്തികളുടെ മെച്ചപ്പെട്ട സംരക്ഷണത്തിനും സുരക്ഷയ്ക്കുമായി 1957ല്‍ സ്ഥാപിതമായ ഈ സേന, റെയില്‍വേ ആസ്തികളുടെ സുരക്ഷയും സംരക്ഷണവും എന്ന സുപ്രധാന പങ്കില്‍ നിന്ന് യാത്രക്കാരുടെ സുരക്ഷ, യാത്രക്കാര്‍ക്കു സൗകര്യമൊരുക്കല്‍ എന്നീ അധിക കര്‍ത്തവ്യങ്ങളിലേക്കു സ്വയം വികസിച്ചു. മാറുന്ന കാലത്തിനനുസരിച്ച്, യാത്രക്കാരുടെ സുരക്ഷയും സൗകര്യവും സംബന്ധിച്ച പങ്കിനു പ്രാധാന്യം വര്‍ധിക്കുകയാണ്.
ഇന്ത്യന്‍ റെയില്‍വേയുടെ ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതില്‍ സേന ഇന്ന് സജീവമായ പങ്കുവഹിക്കുന്നു. റെയില്‍വേയുടെയും ഉപഭോക്താക്കളുടെയും മാറിക്കൊണ്ടിരിക്കുന്ന സുരക്ഷാ ആവശ്യങ്ങള്‍ തിരിച്ചറിയുന്ന സേന, കഴിവുകളും വിഭവങ്ങളും ഉപയോഗിച്ച് സ്വയം സജ്ജമാകുകയും നൂതന പരിഹാരങ്ങള്‍ നടപ്പാക്കുകയും ചെയ്യുന്നു. ആര്‍പിഎഫ് നിലവില്‍ ഇന്ത്യയിലെ കേന്ദ്ര സേനയാണ്. ഈ സേനയിലെ റാങ്കുകളില്‍ സ്ത്രീകളുടെ പങ്കാളിത്തവും (9%) കൂടുതലാണ്. കൂടാതെ, രാജ്യത്തിന്റെയും പൗരന്മാരുടെയും സുരക്ഷയ്ക്കായി അതിന്റെ വ്യാപ്തിയും ഫലപ്രാപ്തിയും വര്‍ധിപ്പിക്കാന്‍ പ്രതിജ്ഞാബദ്ധവുമാണ്. റെയില്‍വേ യാത്രയ്ക്കിടെയുണ്ടാകുന്ന മോഷണം, മനുഷ്യക്കടത്ത്, ആത്മഹത്യാശ്രമങ്ങള്‍, മയക്കുമരുന്നു കടത്ത്, മറ്റു കുറ്റകൃത്യങ്ങള്‍ എന്നിവയില്‍ നിന്ന് യാത്രക്കാരെ സംരക്ഷിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ ലക്ഷ്യമിട്ട് ആര്‍പിഎഫ് വിവിധ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിച്ചു.
· ഏറ്റവും ശ്രദ്ധേയമായ പ്രവര്ത്തനങ്ങളിലൊന്നാണു ‘റെയില്‍ സുരക്ഷ’. ഈ ഓപ്പറേഷനില്‍, റെയില്‍വേ ആസ്തി ഉള്‍പ്പെടുന്ന കുറ്റകൃത്യങ്ങള്‍ക്കെതിരെ ആര്‍പിഎഫ് നിയമനടപടി സ്വീകരിക്കുന്നു. റെയില്‍വേ ആസ്തി കവര്‍ച്ച ചെയ്തതിന് 6492 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. മോഷ്ടിക്കപ്പെട്ട 7.37 കോടി രൂപ വിലമതിക്കുന്ന റെയില്‍വേ സ്വത്തുക്കള്‍ വീണ്ടെടുക്കുകയും ചെയ്തു. 11,268 കുറ്റവാളികളെ അറസ്റ്റ് ചെയ്തു.
· പരിചരണവും സംരക്ഷണവും ആവശ്യമുള്ള കുട്ടികളെ രക്ഷിക്കുന്നതില്‍ ആര്‍പിഎഫ് നിര്‍ണായക പങ്കു വഹിക്കുന്നു. ട്രെയിനുകളിലോ റെയില്‍വേ സ്റ്റേഷനുകളിലോ പരിചരണവും സംരക്ഷണവും ആവശ്യമുള്ള കുട്ടികളെ രക്ഷിക്കാന്‍ ‘നാന്‍ഹെ ഫാരിഷ്തെ’ എന്ന തീവ്രയജ്ഞത്തിന് 2022ല്‍ തുടക്കം കുറിച്ചു. ഒരു വര്‍ഷത്തിനിടെ 17,756 കുട്ടികളെ ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുത്തി.
· മനുഷ്യക്കടത്തിനെതിരായ ‘ഓപ്പറേഷന് എഎഎച്ച്ടി’ ആണ് മറ്റൊരു പ്രധാന പ്രവര്‍ത്തനം. മനുഷ്യക്കടത്ത് പ്രശ്നം പരിഹരിക്കുന്നതിനായി ഇന്ത്യന്‍ റെയില്‍വേയുടെ 740ലധികം സ്ഥലങ്ങളില്‍ ആര്‍പിഎഫ് മനുഷ്യക്കടത്തു വിരുദ്ധ യൂണിറ്റുകള്‍ പ്രവര്‍ത്തനക്ഷമമാക്കി. ഈ വര്‍ഷം 194 മനുഷ്യക്കടത്തുകാരെ പിടികൂടിയതോടെ 559 പേരെ ഇവരില്‍ നിന്ന് രക്ഷപ്പെടുത്താനായി.
· ‘ജീവന് രക്ഷ ദൗത്യ’ത്തില്‍ മറ്റുള്ളവരുടെ ജീവന് രക്ഷിക്കാന്‍ ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ സ്വന്തം ജീവന് പോലും പണയപ്പെടുത്തുന്നു. ഒരു വര്‍ഷത്തിനിടെ 852 വിലപ്പെട്ട ജീവനുകളാണ് ആര്‍പിഎഫ് ജവാന്മാര് രക്ഷിച്ചത്.
· ‘ഓപ്പറേഷന് നാര്‍ക്കോസ്’ ആരംഭിച്ചതിലൂടെ റെയില്‍വേ വഴിയുള്ള മയക്കുമരുന്ന് കടത്ത് എന്ന പ്രശ്നം കൈകാര്യം ചെയ്യാനും ആര്‍പിഎഫിന് അധികാരം ലഭിച്ചു. ഈ വര്‍ഷം, മയക്കുമരുന്ന് കടത്തില്‍ ഉള്‍പ്പെട്ട 1081 കുറ്റവാളികളെ ആര്‍പിഎഫ് അറസ്റ്റ് ചെയ്യുകയും ഏകദേശം 80 കോടി രൂപ വിലമതിക്കുന്ന എന്‍ഡിപിഎസ് വീണ്ടെടുക്കുകയും ചെയ്തു.
· ‘ഓപ്പറേഷന് അമാനത്ത്’ വഴി നഷ്ടപ്പെട്ട ലഗേജുകള്‍ ആര്‍പിഎഫ് വീണ്ടെടുക്കുകയും യഥാര്‍ത്ഥ ഉടമകള്‍ക്ക് കൈമാറുകയും ചെയ്യുന്നു. ഈ വര്‍ഷം 46.5 കോടിയിലധികം രൂപ വിലമതിക്കുന്ന ഏകദേശം 25,500 ലഗേജുകള്‍ ആര്‍പിഎഫ് വീണ്ടെടുത്തു.
· റെയില്‍വേയിലൂടെ വന്യജീവികളുടെ അനധികൃത വ്യാപാരം നടത്തുന്നതിനെതിരെ ‘ഓപ്പറേഷന് ഡബ്ല്യുഐഎല്ഇപി’ വഴി ആര്‍പിഎഫ് കര്‍ശന നടപടികള്‍ കൈക്കൊള്ളുന്നു. ഒരു വര്‍ഷത്തിനിടെ 129 അനധികൃത കച്ചവട കേസുകള്‍ കണ്ടെത്തുകയും 75 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
· യാത്രയ്ക്കിടെ യാത്രക്കാര്‍ക്ക് തത്സമയ സുരക്ഷയുമായി ബന്ധപ്പെട്ട സഹായം നല്‍കുന്നതിന് ആര്‍പിഎഫ് ‘ഓപ്പറേഷന് യാത്രി സുരക്ഷ’യ്ക്കു തുടക്കം കുറിച്ചു. സുരക്ഷയുമായി ബന്ധപ്പെട്ട സഹായം ആവശ്യമുള്ള യാത്രക്കാര്‍ക്ക് അടിയന്തര സഹായം നല്കുന്ന ദ്രുത പ്രതികരണ ഉദ്യമത്തിന് ഈ വര്‍ഷം 2 ലക്ഷത്തിലധികം കോളുകള്‍ ലഭിച്ചു.
· ഒറ്റയ്ക്കോ പ്രായപൂര്ത്തിയാകാത്തവര്ക്കൊപ്പമോ യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്ക് സുരക്ഷ ഒരുക്കുന്നതിനായി ആര്‍പിഎഫ് ‘മേരി സഹേലി’ സംരംഭം ആരംഭിച്ചു. സുരക്ഷയും ഉറപ്പും ആവശ്യമുള്ള സ്ത്രീകളുടെ സംഘങ്ങളെ തിരിച്ചറിയാന്‍ എല്ലാ റെയില്‍വേ സോണുകളിലും വനിതാ ആര്‍പിഎഫ് ഉദ്യോഗസ്ഥരുടെ സംഘങ്ങള്‍ക്കു രൂപംനല്കുകയും ഐടി മൊഡ്യൂള്‍ സജ്ജമാക്കുകയും ചെയ്തു.
· ട്രെയിന്‍ യാത്രയ്ക്കിടെ പ്രസവവേദന അനുഭവിക്കുന്ന ഗര്‍ഭിണികളെ സഹായിക്കാന്‍ ‘മാതൃശക്തി’ ഓപ്പറേഷനിലൂടെ ആര്‍പിഎഫ് മുന്നോട്ടു പോകുന്നു. ഈ വര്‍ഷം 209 കുഞ്ഞുങ്ങളുടെ ജനനത്തിന് ആര്‍പിഎഫിലെ വനിതാ ഉദ്യോഗസ്ഥരുടെ സഹായം ലഭ്യമാക്കി.
· ‘സേവ’ പ്രവര്‍ത്തനത്തിന് കീഴില്‍, പ്രായമായ പൗരന്മാര്, സ്ത്രീകള്‍, ശാരീരിക വൈകല്യമുള്ളവര്‍, രോഗികള്‍ അല്ലെങ്കില്‍ പരിക്കേറ്റവര്‍ എന്നിവരെ അവരുടെ യാത്രയില്‍ ആര്‍പിഎഫ് സഹായിക്കുന്നു. വീല്‍ചെയറുകള്‍, സ്ട്രെച്ചറുകള്‍, വൈദ്യസഹായം, ശിശു ഭക്ഷണം തുടങ്ങിയ സൗകര്യങ്ങള്‍ അവര്‍ക്കായി പ്രദാനം ചെയ്യുന്നു. 2022ല്‍ ഇത്തരത്തില്‍ 37,000ലധികം പേര്‍ക്ക് ആര്‍പിഎഫ് സഹായമൊരുക്കി.
· ‘സതര്‍ക്ക്’ ഓപ്പറേഷനിലൂടെ നിരോധിതവും നിയമവിരുദ്ധവുമായ വസ്തുക്കള്‍ കൊണ്ടുപോകുന്നതിനെതിരെ ആര്‍പിഎഫ് നടപടിയെടുക്കുന്നു. നിരോധിത വസ്തുക്കള്‍ കടത്തിയ 2331 പേരെ ആര്‍പിഎഫ് അറസ്റ്റ് ചെയ്യുകയും തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറുകയും ചെയ്തു.
· ഹിമാചല്‍ പ്രദേശ്, ഗുജറാത്ത്, ഗോവ, മണിപ്പുര്‍, പഞ്ചാബ്, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവയുള്‍പ്പെടെ നിരവധി സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്കു സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതില്‍ ആര്‍പിഎഫ് സുപ്രധാന പങ്കു വഹിച്ചു. കൂടാതെ, ‘ഡിഗ്നിറ്റി’ ഓപ്പറേഷന് പ്രകാരം പരിചരണവും സംരക്ഷണവും ആവശ്യമുള്ള 3400 പേര്‍ക്ക് ആര്‍പിഎഫ് സംരക്ഷണമൊരുക്കി.
2023 ഫെബ്രുവരി 20 മുതല്‍ 23 വരെ ജയ്പുരില്‍ നടക്കുന്ന 18-ാം ലോക സുരക്ഷാ കോണ്‍ഗ്രസിന് ആതിഥേയത്വം വഹിക്കാന്‍ സാര്‍വദേശീയ റെയില്‍വേ യൂണിയനും (യുഐസി) ഇന്ത്യയുടെ ആര്‍പിഎഫും കൈകോര്‍ക്കുകയാണ്. 1922ല്‍ പാരീസില്‍ സ്ഥാപിതമായ യുഐസി, ലോകമെമ്പാടുമുള്ള റെയില്‍വേ മേഖലയെ പ്രതിനിധാനം ചെയ്യുന്ന പ്രൊഫഷണല്‍ അസോസിയേഷനാണ്. മേഖലയിലെ പരസ്പര പ്രവര്‍ത്തനക്ഷമതയും ക്രമപ്പെടുത്തലും സഹകരണവും പ്രോത്സാഹിപ്പിക്കുക, അന്താരാഷ്ട്ര പരിപാടികള്‍ സംഘടിപ്പിക്കുക, നയങ്ങള്‍ വിശകലനം ചെയ്യുക, രൂപപ്പെടുത്തുക, യുഐസി അംഗങ്ങളുടെ സുരക്ഷാ ഡയറക്ടര്‍മാര്‍ക്കിടയില്‍ വിവരങ്ങളുടെ കൈമാറ്റവും മികച്ച സമ്പ്രദായങ്ങളും പ്രോത്സാഹിപ്പിക്കുക എന്നിവയാണു യുഐസിയുടെ സുരക്ഷാ വേദിയുടെ ഉത്തരവാദിത്വം.
അംഗങ്ങളായ റെയില്‍വേ സംഘടനകളുടെ സുരക്ഷാ മേധാവികള്‍, യുഐസി – ഇന്ത്യന്‍ റെയില്‍വേ – ആര്‍പിഎഫ് പ്രതിനിധികള്‍, മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കുന്ന പ്രമുഖ അന്താരാഷ്ട്ര പരിപാടിയാണു യുഐസിയുടെ ലോക സുരക്ഷാ കോണ്‍ഗ്രസ്. റെയില്‍വേ സുരക്ഷയില്‍ സാങ്കേതിക സഹകരണം, സഹകരണം, പ്രതിവിധികളും മികച്ച സമ്പ്രദായങ്ങളും പങ്കിടല്‍ എന്നിവയ്ക്ക് ഈ സമ്മേളനം വേദിയൊരുക്കുന്നു. യുഐസി സുരക്ഷാ പ്ലാറ്റ്ഫോമിലെ സജീവ അംഗമാണ് ഇന്ത്യയിലെ പ്രധാന സുരക്ഷ- ക്രമസമാധാനപാലന ഏജന്‍സിയായ ആര്‍പിഎഫ്. കൂടാതെ 2006ലും 2015ലും ന്യൂഡല്‍ഹിയില്‍ യുഐസി ലോക സുരക്ഷാ കോണ്‍ഗ്രസ് വിജയകരമായി സംഘടിപ്പിക്കാനും ആതിഥേയത്വം വഹിക്കാനും സാധിച്ചിട്ടുണ്ട്.
യുഐസി സുരക്ഷാ വേദിയിലൂടെ ആശങ്കകള്‍ പരിഹരിക്കുന്നതിന് ഏഷ്യ, ആഫ്രിക്ക, മറ്റു നിരവധി വികസ്വര രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അംഗങ്ങളായ സംഘടനകളുടെ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിന് ആര്‍പിഎഫ് ഡയറക്ടര്‍ ജനറല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
‘റെയില്‍വേ സുരക്ഷാ തന്ത്രം: പ്രതികരണങ്ങളും ഭാവിയിലേക്കുള്ള കാഴ്ചപ്പാടും’ എന്ന വിഷയത്തെ കേന്ദ്രീകരിച്ചു ജയ്പുരില്‍ നടക്കുന്ന 18-ാം ലോക സുരക്ഷാ കോണ്‍ഗ്രസ്, ലോകമെമ്പാടുമുള്ള റെയില്‍ ഗതാഗതത്തിന്റെ സുരക്ഷ പ്രോത്സാഹിപ്പിക്കുന്നതിനുള്ള യുഐസിയുടെ പ്രതിബദ്ധതയുടെ തെളിവാണ്. ജി-20 രാഷ്ട്രങ്ങളുടെ അധ്യക്ഷപദം ഇന്ത്യ ഏറ്റെടുക്കുകയും ആര്‍പിഎഫ് ഡയറക്ടര്‍ ജനറല്‍ യുഐസി സുരക്ഷാ പ്ലാറ്റ്ഫോമിന്റെ ചെയര്‍മാനായി സേവനമനുഷ്ഠിക്കുകയും ചെയ്യുന്നതോടെ, ഈ പരിപാടി റെയില്‍വേ സുരക്ഷയ്ക്കായുള്ള പ്രധാന ആഗോള സമ്മേളനമായി മാറും. ആര്‍പിഎഫ് മുന്‍കൈയെടുത്തതോടെ, ജയ്പുരില്‍ നടക്കുന്ന 18-ാം യുഐസി ലോക സുരക്ഷാ കോണ്‍ഗ്രസ് റെയില്‍വേ സുരക്ഷാ ചരിത്രത്തിലെ നാഴികക്കല്ലായി മാറുകതന്നെ ചെയ്യും
അരുണ്‍ കുമാര്‍
റിട്ട. ഡിജി, ആര്‍പിഎഫ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: