Categories: Kerala

ബന്ധുക്കള്‍ക്ക് ജോലിവാങ്ങിക്കൊടുക്കല്‍: പൊതുസമൂഹത്തില്‍ പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കുന്നു; ആര്‍ത്തിഅവസാനിപ്പിക്കണമെന്ന് സിപിഎം തെറ്റുതിരുത്തല്‍രേഖ

Published by

തിരുവനന്തപുരം: സ്ഥാനമാനങ്ങള്‍ നേടിയെടുക്കാനുള്ള ആര്‍ത്തി പാര്‍ട്ടി സഖാക്കള്‍ ഉപേക്ഷിക്കണമെന്നും നേതാക്കള്‍ ഉത്തരവാദപ്പെട്ട ഘടകങ്ങളിലെത്തിയാല്‍ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ജോലി വാങ്ങി കൊടുക്കുകയെന്നത് ചിലര്‍ അവകാശമായി കാണുന്നുവെന്നുമുള്ള തെറ്റുതിരുത്തല്‍ രേഖയുമായി സിപിഎം. നേതാക്കളുടെ ബന്ധുക്കള്‍ക്ക് ജോലി വാങ്ങിക്കൊടുക്കുന്ന രീതി പൊതുസമൂഹത്തില്‍ പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കുന്നുവെന്നും രേഖ. ഡിസംബര്‍ 21, 22 തീയതികളില്‍ നടന്ന സംസ്ഥാന കമ്മിറ്റിയിലാണ് തെറ്റുതിരുത്തല്‍ രേഖ അംഗീകരിച്ചത്.

കേഡര്‍മാരെ വളര്‍ത്തിയെടുക്കാനുള്ള ബാധ്യതയും സംഘടനാരംഗത്ത് ഏറ്റെടുക്കേണ്ട അടിയന്തര കടമകളും എന്ന തലക്കെട്ടിലാണ് നേതാക്കളുടെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ജോലി നല്കുമ്പോള്‍ അത് അര്‍ഹതപ്പെട്ടവര്‍ക്ക് ലഭിക്കേണ്ട തൊഴില്‍ പാര്‍ട്ടി നേതാക്കള്‍ തട്ടിയെടുത്തതെന്ന വികാരമാണ് ഉണ്ടാകുന്നതെന്ന് ചൂണ്ടിക്കാട്ടുന്നത്. പാര്‍ട്ടിയും ജനങ്ങളും തമ്മിലുള്ള അകല്‍ച്ചയ്‌ക്കും സംരക്ഷണം അര്‍ഹിക്കുന്നവര്‍ക്ക് അത് കിട്ടുന്നില്ലെന്ന തോന്നലിലേക്കും ഇത് വഴിവയ്‌ക്കുന്നുണ്ട്.

യഥാര്‍ഥത്തില്‍ സംരക്ഷണം കിട്ടേണ്ടവര്‍ക്ക് അത് ലഭിക്കാതെ പോകുകയാണ്. അതിന്റെ നിരാശകള്‍ പാര്‍ട്ടിയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണം. പാര്‍ട്ടിയില്‍ കുറച്ചുകാലം പ്രവര്‍ത്തിച്ചു കഴിഞ്ഞാല്‍ തൊഴില്‍ നല്കുക എന്നത് പാര്‍ട്ടിയുടെ ഉത്തരവാദിത്തമായി കരുതുന്നവരുണ്ട്. ഇത്തരം പ്രവണതകള്‍ അവസാനിപ്പിച്ച് പുതുതലമുറയിലെ കേഡര്‍മാരെ ഘടകങ്ങള്‍ വളര്‍ത്തിയെടുക്കണം.

പാര്‍ട്ടി ഭരിക്കുന്ന തദ്ദേശസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് തൊഴില്‍ ക്രമക്കേടുകളെപറ്റി ആക്ഷേപമുയരുന്നുണ്ട്. പൊതുവില്‍ സ്വീകാര്യരായ വ്യക്തികളെ ഓരോ ഘടകങ്ങളിലും വിന്യസിച്ചുകൊണ്ട് ഇത്തരം പ്രശ്‌നങ്ങളെ മറികടക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. യൂണിവേഴ്‌സിറ്റിയിലെ നിയമനങ്ങള്‍ മുതല്‍ തിരുവനന്തപുരം നഗരസഭയില്‍ പാര്‍ട്ടിക്കാരെ തിരുകി കയറ്റാനുള്ള കത്ത് ഉള്‍പ്പെടെ വിവാദമായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് തെറ്റുതിരുത്തല്‍ രേഖയെന്നാണ് സൂചന.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by