കൊച്ചി : വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് കേസില്‍ കുട്ടിയുടെ ദത്ത് നടപടികളെല്ലാം താത്കാലിമകമായി നിര്‍ത്തിവെച്ചു. ശിശുക്ഷേമ സമിതിയുടെ സംരക്ഷണയില്‍ തന്നെ കുട്ടിയെ തുടര്‍ന്നും താമസിപ്പിക്കാനാണ് അധികൃതരുടെ തീരുമാനം. കുട്ടിയെ സംരക്ഷിക്കാന്‍ ആകില്ലെന്ന് മാതാപിതാക്കള്‍ അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് ശിശുക്ഷേമ സമിതിയുടെ ഈ തീരുമാനം.
കുഞ്ഞിനെ നിലവില്‍ ഏറ്റെടുക്കാന്‍ സാധിക്കില്ല. കുട്ടിയെ സംരക്ഷിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് കൈമാറിയത്. ഇരുവരും വിവാഹിതര്‍ അല്ലെന്നും കുട്ടിയെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിക്കാനാണ് ആദ്യം തീരുമാനിച്ചത്. പിന്നീട് തൃപ്പൂണിത്തുറ സ്വദേശികളായ ദമ്പതികള്‍ സന്നദ്ധ അറിയിച്ചതിനെ തുടര്‍ന്ന് ഇരുവര്‍ക്കും കുഞ്ഞിനെ നല്‍കുകയായിരുന്നു. അതിനു പിന്നില്‍ യാതൊരു വിധത്തിലുമുള്ള സാമ്പത്തിക ലാഭവും ഇല്ലെന്നും കുട്ടിയുടെ മാതാപിതാക്കള്‍ അറിയിച്ചിട്ടുണ്ട്. അതിനാല്‍ കുട്ടി ശിശുക്ഷേമ സമിതിയുടെ സംരക്ഷണയില്‍ തന്നെ തുടരുമെന്ന് ചെയര്മാന് കെ.കെ.ഷാജു പറഞ്ഞു.
കുഞ്ഞിനെ തൃപ്പൂണിത്തുറയിലെ ദമ്പതികള്‍ക്ക് നല്‍കിയതിലെ നിയമപ്രശ്നങ്ങള്‍ സംബന്ധിച്ചാണ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി നിലവില്‍ അന്വേഷിക്കുന്നത്. ദത്ത് അല്ലെന്നിരിക്കെ കൈകുഞ്ഞിനെ ദമ്പതികളായ അനൂപും ഭാര്യയും കൈവശപ്പെടുത്തുകയും വ്യാജ രേഖയുണ്ടാക്കാന്‍ ശ്രമിച്ചത് സംബന്ധിച്ചുമാണ് അന്വേഷണം.
അതേസമയം അഡ്മിനിസിട്രേറ്റീവ് അസിസ്റ്റന്റ് അനില്‍കുമാര്‍ ലേബര്‍ റൂമിലേക്ക് വിളിച്ചുപറഞ്ഞത് അനുസരിച്ചാണ് ഫോം വാങ്ങി നല്‍കിയതെന്ന് അറ്റന്‍ഡര്‍ ശിവന് പറഞ്ഞു. താന്‍ പണമൊന്നും കൈപറ്റിയിട്ടില്ലെന്നും വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് കേസില്‍ തനിക്ക് പങ്കില്ലെന്നും ശിവന് വ്യക്തമാക്കി.
വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് തയാറാക്കാനായി എ. അനില്‍കുമാര്‍ കോഴയായി അനൂപില്‍ നിന്നും മുക്കാല്‍ ലക്ഷത്തോളം രൂപയാണ് കൈപ്പറ്റിയത്. സൂപ്രണ്ടിന്റെ നിര്‍ദ്ദേശപ്രകാരമാണ് സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കിയത്. കുട്ടിയെ കൈവശംവച്ച തൃപ്പൂണിത്തുറ സ്വദേശി അനൂപിനെ സൂപ്രണ്ടിന്റെ മുറിയില്‍വച്ചാണ് പരിചയപ്പെട്ടതെന്നുമാണ് അനില്‍കുമാര്‍ അറിയിച്ചത്. എന്നാല്‍ ഇത് കളവാണെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായത്. ഒളിവില്‍പോയ അനില്‍കുമാറിനെ മധുരയില്‍ നിന്നാണ് കളമശ്ശേരി പോലീസ് പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: