കോട്ടയം: ഇന്ത്യ ജി20യുടെ അധ്യക്ഷ സ്ഥാനത്തെത്തുന്ന സമയത്ത്, നമ്മുടെ പരമാധികാരം പോലും ചിലര്‍ ചോദ്യം ചെയ്യുകയാണെന്നും ഈ സമയത്ത് നാം ഒന്നിച്ചു നില്ക്കുകയാണ് വേണ്ടതെന്നും ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള. കോട്ടയം പൗരാവലി, ഭാരതീയവിചാര കേന്ദ്രം, തപസ്യ, കോട്ടയം പബ്ലിക് ലൈബ്രറി, ദര്‍ശന സാംസ്‌കാരിക കേന്ദ്രം, ഐസക്കിന്റെ ശിഷ്യര്‍ എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തില്‍ പത്മശ്രീ ഡോ. സി.ഐ. ഐസക്കിനെ ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നാടിന്റെ പൊതുപ്രശ്‌നത്തില്‍ ഭരണപക്ഷമെന്നോ പ്രതിപക്ഷമെന്നോ വ്യത്യാസമില്ലാതെ പ്രവര്‍ത്തിക്കണം. ലോകത്തിന്റെ രണ്ട് പ്രത്യയശാസ്ത്രങ്ങള്‍ തകര്‍ച്ച നേരിട്ടിപ്പോള്‍ ഒരു ശൂന്യതയാണ് ഉണ്ടായത്. ഈ ഘട്ടത്തില്‍ ഒരു ബദല്‍ ഉണ്ടാകണം, അത് ഈ മണ്ണില്‍ നിന്നാകണം. കുറച്ചു നാളുകളായി പത്മപുരസ്‌കാരങ്ങള്‍ നല്കുന്നതില്‍ പ്രകടമായ മാറ്റം വന്നിരിക്കുന്നു. അര്‍ഹതപ്പെട്ട കൈകളിലേക്ക് ദേശീയ പുരസ്‌കാരം എത്തുന്നു. ഈ മാറ്റത്തിന്റെ മര്‍മ്മം മനസ്സിലാക്കാന്‍ കേരള സമൂഹം തയാറാകണം.
മാറ്റത്തിന്റെ പിന്നിലെ പ്രേരക ശക്തി ആരെന്ന് എല്ലാവര്‍ക്കും മനസ്സിലാകും. ചരിത്രത്തിലെ മാറ്റം ഒന്നിനെയും കുഴിച്ചുമൂടാനല്ല. വസ്തുതകള്‍ പുതുതലമുറയ്‌ക്ക് പകര്‍ന്നു നല്കുകയാണ് ചരിത്രകാരന്മാര്‍ ചെയ്യുന്നത്. നീതി ബോധത്തോടെ ജീവിക്കുന്ന ചെറിയ സമൂഹമെങ്കിലും ഇല്ലെങ്കില്‍ രാജ്യത്തിന്റെ പോക്ക് എങ്ങോട്ടെന്ന് ചിന്തിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന അധ്യക്ഷന്‍ ഡോ. സി.വി. ജയമണി അധ്യക്ഷനായി. ആര്‍എസ്എസ് ദക്ഷിണ ക്ഷേത്രീയ സഹകാര്യവാഹ് എം. രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം കുമ്മനം രാജശേഖരന്‍, ദര്‍ശന സാംസ്‌കാരിക കേന്ദ്രം ഡയറക്ടര്‍ ഫാ. എമില്‍ പുളിക്കാട്ടില്‍, ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന സെക്രട്ടറി സുധീര്‍ബാബു തുടങ്ങിയവര്‍ സംസാരിച്ചു. കോട്ടയം പബ്ലിക് ലൈബ്രറി പ്രസിഡന്റ് ഏബ്രഹാം ഇട്ടിച്ചെറിയ പൗരാവലിയുടെ ഉപഹാരം ഡോ. സി.ഐ. ഐസകിന് സമര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: