കൊല്ലം: റെയില്‍വെ സ്റ്റേഷനുകളില്‍ ടിക്കറ്റ് എടുക്കാനുള്ള തിരക്ക് കുറയ്ക്കാന്‍ ദക്ഷിണ റെയില്‍വെയുടെ ആറു ഡിവിഷനുകളിലായി 254 ഓട്ടോമാറ്റിക് ടിക്കറ്റ് വെന്‍ഡിങ് മെഷീന് (എടിവിഎം) കൂടി സ്ഥാപിക്കുന്നു. നിലവിലുള്ള 99 എടിവിഎം മെഷീനുകള്‍ക്ക് പുറമെയാണ് 254 കൂടി എത്തുന്നത്. ഇതോടെ റെയില്‍വെ സ്റ്റേഷനുകളില്‍ വളരെ വേഗം അണ് റിസര്‍വ്ഡ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ സാധിക്കും.
ചെന്നൈ ഡിവിഷന് 96, തിരുച്ചിറപ്പള്ളി 12, മധുരൈ 46, തിരുവനന്തപുരം 50, പാലക്കാട് 38, സേലം 12 മെഷിനുകളാണ് സ്ഥാപിക്കുന്നത്. നിലവില്‍ ചെന്നൈ ഡിവിഷന് 34, മധുരൈ 16, പാലക്കാട് 15, തിരുവനന്തപുരം 14, സേലം 13, തിരുച്ചിറപ്പള്ളി 7 എടിവിഎം മെഷീനുകളാണുള്ളത്. പുതിയതായി സ്ഥാപിക്കുന്ന എടിവിഎം മെഷീനുകള്‍ കൂടുതല്‍ യാത്രാ സൗഹൃദമാണ്. ക്യൂആര്‍ കോഡ്-യുപിഐ പേയ്മെന്റ് അധിഷ്ഠിത മെഷിനുകളാണ് ഇവ.
മൊബൈല്‍ ഫോണില്‍ ക്യൂആര്‍ കോഡ് സ്കാന്‍ ചെയ്ത് വിവിധ യുപിഐ പേയ്മെന്റ് വഴിയും സ്മാര്‍ട് കാര്‍ഡ് ഉപയോഗിച്ചും ടിക്കറ്റ് എടുക്കാം. അണ് റിസര്‍വ്ഡ് ടിക്കറ്റുകള്‍ക്ക് പുറമെ പ്ലാറ്റ്ഫോം ടിക്കറ്റും സീസണ് ടിക്കറ്റ് പുതുക്കാനും ഇതുവഴി സാധിക്കും. പൂര്‍ണമായും ടച്ച് സ്ക്രീന്‍ സംവിധാനമുള്ളതാണ് മെഷീന്, ആര് വാലറ്റുവഴി ടിക്കറ്റ് എടുക്കുന്നവര്‍ക്ക് മൂന്നു ശതമാനം ബോണസ് ലഭിക്കും.
സാധാരണക്കാര്‍ക്കും വേഗത്തില്‍ ടിക്കറ്റ് എടുക്കാന്‍ സാധിക്കുന്ന വിധത്തില്‍ വളരെ ലളിതമാണ് നടപടികള്‍. പ്രാദശിക ഭാഷ, ഹിന്ദി, ഇംഗ്ലീഷ് ഭാഷകള്‍ തിരഞ്ഞെടുക്കാമെന്നും റെയില്‍വെ അധികൃതര്‍ പറഞ്ഞു. അണ്റിസര്വ്ഡ് ടിക്കറ്റ്, പ്ലാറ്റ്ഫോം, സീസണ് ടിക്കറ്റ് പുതുക്കല്‍ എന്നിവക്കായുള്ള മൊബൈല്‍ ആപ്പ് യുടിഎസും അടുത്തിടെ റെയില്‍വെ നവീകരിച്ചിരുന്നു. കഴിഞ്ഞവര്‍ഷം യുടിഎസ് വഴി 52 ലക്ഷം യാത്രക്കാര്‍ ടിക്കറ്റ് എടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: