ന്യൂദല്‍ഹി: കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇ സഞ്ജീവനി ആപ്പ് വഴി രോഗികള്‍ വീട്ടിലിരുന്ന് ഡോക്ടമാരെ കാണുന്നത് നിത്യേന വര്‍ദ്ധിക്കുന്നു. ഇന്നലെയോടെ പത്തു കോടി പേരാണ് ഇ സഞ്ജീവനി ആപ്പ് വഴി ഡോക്ടര്‍മാരെ കണ്ടത്. 10 കോടി ടെലി കണ്‍സള്‍ട്ടേഷനുകള്‍ നേടാനായതിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രശംസിച്ചു. ഇന്ത്യയില്‍ ശക്തമായ ഡിജിറ്റല്‍ ആരോഗ്യ സംവിധാനം കെട്ടിപ്പടുക്കുന്നതില്‍ മുന്‍നിരയിലുള്ള ഡോക്ടര്‍മാരെ അദ്ദേഹം അഭിനന്ദിച്ചു.
2019 നവംബറിലാണ് പദ്ധതി തുടങ്ങിയത്. ഫോണുകളിലോ കമ്പ്യൂട്ടര്‍ വഴിയോ ഓണ്‍ ലൈനില്‍ രോഗികള്‍ക്ക് കണ്‍സള്‍ട്ട് ചെയ്യാന്‍ സാധിക്കുന്ന സംവിധാനം വഴി ഡോക്ടര്‍മാരുടെ കുറുപ്പടി വരെ ലഭ്യമാകും. ജനറല്‍ ഫിസിഷ്യന്‍ മുതല്‍ സ്പെഷ്യലിസ്റ്റുകളുടെ സേവനം വരെ ലഭിക്കും. ഓണ്‍ലൈനില്‍ സൗജന്യമായി പേര് രജിസ്റ്റര്‍ ചെയ്യാം. ഡോക്ടമാര്‍ക്ക് ഫീസില്ല. കണ്സള്ട്ടേഷന് പൂര്‍ണമായും സൗജന്യമാണ്. മൊബൈലില്‍ ഇ സഞ്ജീവനി ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: