കൊച്ചി: കളമശ്ശേരി വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് കേസില്‍ മുഖ്യപ്രതിയായ അനില്‍ കുമാര്‍ പിടിയില്‍. മധുരയിലെ ഒളിയിടത്തിൽ നിന്നാണ് അന്വേഷണ സംഘം പിടികൂടിയത്. പ്രതിയെ കൊച്ചിയിലെത്തിച്ചു. വിശദമായി ചോദ്യം ചെയ്ത ശേഷം കോടതിയിൽ ഹാജരാക്കും. തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് അനില്‍ കുമാറിനെ പിടികൂടിയത്. കേസെടുത്തതിന് പിന്നാലെ അനില്‍ ഒളിവില്‍ പോയിരുന്നു.
അനിൽ കുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ എറണാകുളം സെഷൻസ് കോടതി വിധി പറയാനിരിക്കെയാണ് പിടിയിലായത്. നിയമവിരുദ്ധമായി ദത്തെടുത്ത കുഞ്ഞിന് ജനന സര്‍ട്ടിഫിക്കറ്റ് സമ്പാദിക്കാനായി വ്യാജ സര്‍ട്ടിഫിക്കറ്റിനുള്ള ശ്രമം നടത്തിയെന്നാണ് കേസ്. വ്യാജരേഖ ചമയ്‌ക്കൽ, വഞ്ചന എന്നീ വകുപ്പുകള്‍ ചുമത്തി രണ്ടു കേസുകളാണ് കളമശേരി പൊലീസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്.
കളമശ്ശേരി മെഡിക്കല്‍ കോളേജിലെ അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റാണ് അനില്‍ കുമാര്‍. അനില്‍ കുമാറും കുഞ്ഞിനെ ലഭിച്ച അനൂപും കൂടിക്കാഴ്ച നടത്തുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിലെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. അനൂപ് ചില രേഖകള്‍ കൈമാറുന്നതും, അനില്‍ കുമാര്‍ ഓഫീസിലേക്ക് കയറിപോകുന്നതും ദൃശ്യങ്ങളിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: