കണ്ണൂര്‍: ഡിവൈഎഫ്ഐ ക്രിമിനല്‍ ആകാശ് തില്ലങ്കേരിയെ പൂട്ടാന്‍ സിപിഎം നീക്കം തുടങ്ങി. പാര്‍ട്ടിക്ക് വേണ്ടി കൊലപാതകം അടക്കം നടത്തിയ ആകാശ് കുറച്ചു നാളുകളായി പാര്‍ട്ടിയുടെ ഔദ്യോഗിക നേതൃത്വത്തെ വെല്ലുവിളിച്ച് രംഗത്തെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് കണ്ണൂരില്‍ ശക്തമായ വിഭാഗീതയും പാര്‍ട്ടിക്കുള്ളില്‍ രൂപപ്പെട്ടിരുന്നു. ഇതെല്ലാം കണക്കിലെടുത്താണ് ആകാശിനെ കാപ്പ ചുമത്തി നാട് കടത്താന്‍ പാര്‍ട്ടി നീക്കം ആരംഭിച്ചത്. ഇതിന്റെ ഭാഗമായി ആകാശ് ഉള്‍പ്പെട്ട കേസുകള്‍ പരിശോധിക്കുകയാണ് പൊലീസ്. തില്ലങ്കേരിയിലെ ആര്‍എസ്എസ് പ്രവര്ത്തകന് വിനീഷ് വധക്കേസിലും ഷുഹൈബ് വധക്കേസിലും സ്വര്‍ണ്ണക്കടത്ത് കേസിലും പ്രതിയാണ് ആകാശ് തില്ലങ്കേരി. ഇതിന്റെ അടിസ്ഥാനത്തില്‍ സമൂഹത്തിന് ഭീഷണിയായേക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നീക്കം. അതേസമയം സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ ആകാശ് തില്ലങ്കേരിക്കും മറ്റ് രണ്ട് പേര്‍ക്കുമെതിരായ കേസില്‍ അന്വേഷണത്തിന് പൊലീസ് പ്രത്യേക സ്ക്വാഡ് രൂപീകരിച്ചു.
മുഴക്കുന്ന് സിഐ രജീഷ് തെരുവത്ത് പീടികയുടെയും മട്ടന്നൂര്‍ സിഐഎം കൃഷ്ണന്റെയും നേതൃത്വത്തില്‍ രണ്ട് സ്ക്വാഡിന് രൂപം നല്കി. മന്ത്രി എം ബി രാജേഷിന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗത്തിന്റെ ഭാര്യ നല്കിയ പരാതിയിലാണ് ആകാശ് തില്ലങ്കേരി, ജിജോ, ജയപ്രകാശ് എന്നിവരുടെ പേരില്‍ കേസെടുത്തത്. ഡിവൈഎഫ്ഐ യോഗത്തില്‍ ആകാശിനെ വിമര്‍ശിച്ചതിന് സാമൂഹികമാധ്യമത്തിലൂടെ അപമാനിച്ചുവെന്നാണ് മൂന്ന് പേര്‍ക്കുമെതിരേയുള്ള പരാതി. കഴിഞ്ഞ ദിവസം രാത്രി ആകാശിന്റെ തില്ലങ്കേരിയുടെ വഞ്ഞേരിയിലെ വീട്ടില്‍ പൊലീസ് പരിശോധന നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഒളിവില്‍ പോയ മൂന്നുപേരും മുന്‍കൂര്‍ ജാമ്യത്തിനായി ശ്രമം തുടങ്ങിയിട്ടുണ്ട്. അതേസമയം ടവര്‍ ലൊക്കേഷന്‍ മനസിലാക്കാന്‍ കഴിയുന്നില്ലെന്നും ആകാശിനെ കണ്ടെത്താനാകുന്നില്ലെന്നാണ് പേരാവൂര്‍ ഡിവൈഎസ്പിയുടെ വിശദീകരണം. എന്നാല്‍ ഇയാള്‍ ഫേസ്ബുക്ക് പോസ്റ്റുകളും കമന്റുകളുമായി സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ഇപ്പോഴും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: