സ്വാമി ധര്‍മചൈതന്യ
സെക്രട്ടറി, ആലുവ അദൈ്വതാശ്രമം
കേരളം നിരവധി മത, മതേതര പ്രതിസന്ധികളെ നേരിടുന്നുണ്ട്. ജനകീയവും വര്‍ഗപരവുമായ നിരവധി ഘട്ടങ്ങള്‍ പിന്നിട്ടാണ് കേരളം ഇന്നു കാണുന്ന ഭൗതിക, ആത്മീയ വളര്‍ച്ചയിലേക്ക് പരിവര്ത്തനപ്പെട്ടതെന്നു പറയാതിരിക്കാന്‍ കഴിയില്ല. കേരളം ഒരുകാലത്ത് നേരിട്ട ജാതീയമായ പ്രശ്നങ്ങള്‍ അതിഭീകരമായിരുന്നുവെന്ന് ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. അത് നിസാരമല്ല. തികച്ചും മനുഷ്യത്വരഹിതമായ ഇടപെടല്‍ തന്നെയാണ്. ആ അവസ്ഥയെയാണ് 1888 ല്‍ അരുവിപ്പുറത്ത് ശിവലിംഗ പ്രതിഷ്ഠയോടുകൂടി ഗുരു തകിടം മറിച്ചത്. ജാതിമതഭേദവും ദ്വേഷവുമില്ലാതെ എല്ലാവര്‍ക്കുമായി രൂപപ്പെടുന്ന ഇടം എന്നതായിരുന്നു ഗുരുവിന്റെ പരമമായ സങ്കല്‍പ്പം.
ഗുരുവിന്റെ മതസങ്കല്‍പ്പം മനുഷ്യരെ പ്രതിനിധീകരിച്ചുള്ളതായിരുന്നു. മനുഷ്യര്‍ക്ക് പുരോഗമനപരമായ ജീവിതം ആത്മീയമാണെങ്കിലും ഭൗതികമാണെങ്കിലും ഉന്നതനിലയില്‍ ഉണ്ടാവേണ്ടതുണ്ട്. അതിനായി മതങ്ങള്‍ക്കും ജാതികള്‍ക്കും ദേവാലയങ്ങള്‍ക്കും മീതെ വിദ്യാഭ്യാസത്തിന്റെ പ്രസക്തി കൂടി ഗുരു പ്രധാനപ്പെട്ടതായി കരുതി.
വിദ്യാഭ്യാസം കൊണ്ടു രൂപപ്പെടുന്ന തലമുറ ജാതി ചിന്തകളില്‍നിന്ന് മാറി നില്‍ക്കുമെന്നും മതത്തെ ജീവനോപാധി എന്നതില്‍നിന്ന് ജീവിതത്തെ ചിട്ടപ്പെടുത്താനുള്ള ഘടകം മാത്രമാണെന്ന നിലയിലേക്കു വളര്‍ത്തുമെന്നും ഗുരു സൂചിപ്പിച്ചു. തന്റെ കൃതികളിലെല്ലാം പ്രത്യേകിച്ചും പ്രബോധനാത്മക ദാര്‍ശനിക കൃതികളിലെല്ലാം എല്ലാ മതത്തിലുംപെട്ട പണ്ഡിതര്‍ വന്ന് സമ്മേളിച്ച് സ്വമത്വത്തിനെയും മറ്റു മതങ്ങളെയും കുറിച്ച് സംസാരിക്കുന്ന, അനുഭവിപ്പിക്കുന്ന മഹത്തായ നിമിഷം, കേട്ടിരുന്ന ആയിരക്കണക്കിന് മനുഷ്യര്‍ക്ക് ആത്മാവില്‍ നിറഞ്ഞ വെളിച്ചം, അതായിരുന്നു സര്‍വമത സമ്മേളനം. സത്യവ്രത സ്വാമികളുടെ സ്വാഗതപ്രസംഗം സമ്മേളന ലക്ഷ്യത്തിലേക്കു വിരല്‍ചൂണ്ടുന്ന ഒന്നായിരുന്നു. ഗുരുവിന്റെ മതത്തെ പ്രതിയുള്ള സങ്കല്പം മാനുഷികനില വിടാതെയുള്ള മതബോധം, മതങ്ങളെ ചൊല്ലിയുള്ള സമനില ഇവയൊക്കെ അതിലെ കാതലായ ഘടകമായിരുന്നു. തന്റെ മതസങ്കല്പം ഗുരു അവതരിപ്പിച്ചിട്ടുണ്ട്. പലമതസാരവുമേകം എന്നതുതന്നെയായിരുന്നു അതിന്റെ കാതല്‍.
നിലവിലുള്ളതില്‍നിന്ന് വേറിട്ട വഴി വെട്ടിയ ഗുരു എന്നതില്‍ അതിശയിക്കാനൊന്നുമില്ല. ഷിക്കാഗോയില്‍ 1893 ല്‍ നടന്ന മതസമ്മേളനത്തിന്റെ അലയൊലിക്കൊടുക്കം 1924ല്‍ ആലുവ അദൈ്വതാശ്രമത്തില്‍ ശ്രീനാരായണഗുരു സര്‍വമത സമ്മേളനം വിളിച്ചുകൂട്ടി. എഴുതുമ്പോള്‍, പ്രസംഗിക്കുമ്പോള്‍ ഇന്ന് നമുക്കത് വളരെ ലളിതമെന്ന് തോന്നുമെങ്കിലും 1924ല്‍ അത് സംഭവ്യമായത് ഗുരുവിന്റെ സംഘാടന മികവിന്റെയും ദീര്‍ഘദര്‍ശിത്വത്തിന്റെയും ആത്മശക്തിയുടെയും ഫലമായിട്ടാണ്.
ആലുവാ അദൈ്വതാശ്രമത്തില്‍ ശ്രീനാരായണ ഗുരുദേവനാല് നടത്തപ്പെട്ട സര്‍വമത സമ്മേളനത്തിന്റെ ശതാബ്ദി ആഘോഷം സമംഗളം സമാരംഭിച്ചല്ലോ. 1924ലെ ശിവരാത്രി ദിനത്തോടനുബന്ധിച്ച് മാര്‍ച്ച് മൂന്ന്, നാല് തീയതികളിലായിരുന്നു സമ്മേളനം. മതാധിപത്യത്തിന്റെയും മതധ്രുവീകരണത്തിന്റെയും ഇടപെടലുകള്‍കൊണ്ട് കേരളീയ സമൂഹമാകെ കലുഷിതമായ കാലഘട്ടത്തിലായിരുന്നു ഗുരുദേവന് സര്‍വമതസമ്മേളനം നടത്തിയത്.
എല്ലാ മതസാരവും സമഭക്തിയോടും സമബുദ്ധിയോടും ഉള്‍ക്കൊണ്ടാല്‍ മതവൈരത്തിനുള്ള എല്ലാ സാദ്ധ്യതകളും ഇല്ലാതാകുമെന്ന സന്ദേശമായിരുന്നു അതിന്റെ കാതല്‍. മതങ്ങളുടെയെല്ലാം സാരം ഏകമാണെന്ന ബോധ്യം വന്നവന് ഒരു മതവും നിന്ദ്യമല്ല. അത്തരമൊരു മതബോധം മനുഷ്യരില്‍ ഉണ്ടാക്കാനാണ് എല്ലാ മതാചാര്യന്മാരും ശ്രദ്ധിക്കേണ്ടതും പരിശ്രമിക്കേണ്ടതും എന്നായിരുന്നു ഗുരുവിന്റെ പക്ഷം. മതബോധനത്തിന്റെ മൗലികമായ വെളിവിലേക്കുള്ള ചരിത്ര ജാലകമായിരുന്നു ലോകത്തില്‍ രണ്ടാമത്തേതും ഏഷ്യയില്‍ ആദ്യത്തേതുമായിട്ടുള്ള ഈ സര്‍വമതസമ്മേളനം.
ശുദ്ധമായ ആത്മീയതയില്‍ അധിഷ്ഠിതമായി നിലകൊള്ളുന്ന മാനുഷിക മൂല്യങ്ങളുടെ ആകെത്തുകയാണ് മാനവികത. അതിനാല്‍തന്നെ മനുഷ്യവംശത്തിന്റെ പിറവിയോടെ പിറവി കൊണ്ടതാണ് മാനവികതയും. സമസ്ത മനുഷ്യരുടേയും ഒന്നിപ്പിനും ഒരുമയ്ക്കും അടിസ്ഥാനമായി നിലകൊള്ളുന്ന ഈ മാനവികതയെ കാലാന്തരത്തില്‍ ജന്മംകൊണ്ട മതങ്ങളുടെ പേരില്‍ ആചാര്യന്മാരും പുരോഹിതന്മാരും കൈവശപ്പെടുത്തി. അതോടെ ഒന്നായിരുന്ന മാനവികത മതങ്ങളുടേതായി വിഭജിക്കപ്പെട്ടു. ഈ വിഭജനമാണ് എല്ലാക്കാലത്തേയും മതപ്പോരുകള്‍ക്ക് കാരണമാകുന്നതെന്ന ബോധ്യം ഗുരുദേവനുണ്ടായിരുന്നു. അതിന്റെ വെളിപാടാണ് ഈ ഗുരുവചനങ്ങള്‍: ‘രാജ്യങ്ങള്‍ തമ്മിലും സമുദായങ്ങള്‍ തമ്മിലുമുള്ള ശണ്ഠ ഒന്ന് മറ്റൊന്നിനെ തോല്പ്പിക്കുമ്പോള് അവസാനിക്കും. മതങ്ങള്‍ തമ്മിലുള്ള പൊരുതല്‍ അവസാനിക്കാത്തതിനാല്‍ ഒന്നിന് മറ്റൊന്നിനെ തോല്‍പ്പിക്കാന്‍ കഴിയില്ല. ഈ മതപ്പോരിനു അവസാനമുണ്ടാകണമെങ്കില്‍ സമബുദ്ധിയോടുകൂടി എല്ലാ മതങ്ങളും എല്ലാവരും പഠിക്കണം. അപ്പോള്‍ പ്രധാന തത്വങ്ങളില്‍ അവയ്ക്ക് തമ്മില്‍ സാരമായ വ്യത്യാസമില്ലെന്ന് വെളിപ്പെടുന്നതാണ്. അങ്ങനെ വെളിപ്പെട്ടു കിട്ടുന്ന മതമാണ് നാം ഉദ്ദേശിക്കുന്ന ഏകമതം.’
ഈ ഏകമതത്തിലേക്ക്, അല്ലെങ്കില്‍ പലമതസാരവുമേകമെന്ന യാഥാര്‍ത്ഥ്യത്തിലേക്ക് ജനസാമാന്യത്തെ നയിക്കണമെങ്കില്‍ അതിനാദ്യം മതങ്ങള്‍ കൈവശപ്പെടുത്തിയിരിക്കുന്ന മാനവികതയെ മോചിപ്പിക്കുകയാണ് വേണ്ടതെന്ന് ഗുരുവിന് അറിയാമായിരുന്നു. ഈ വിധത്തില്‍ മതാതീതവും സ്വതന്ത്രവുമായ മാനവികതയെ പുനരവതരിപ്പിക്കുകയെന്ന ചരിത്രദൗത്യം കൂടി സര്‍വമത സമ്മേളനത്തിന്റെ സംഘാടനത്തിലൂടെ ഗുരു നിര്‍വഹിക്കുകയുണ്ടായത്.
വാദങ്ങളും പ്രതിവാദങ്ങളും കൊണ്ട് പലപ്പോഴും ശരിയായ മതതത്വങ്ങള്‍ മാഞ്ഞുപോകുമെന്നതിനാല് ഭൂരിപക്ഷം അനുയായികളും ആനയെ നേരില്‍ക്കാണാതെ തൊട്ടുനോക്കി അറിയുന്ന അന്ധരെപ്പോലെയാണ് മതതത്വങ്ങളെ ധരിച്ചു വച്ചിരിക്കുന്നത്. മതസംബന്ധമായ ഈ പരിമിത ബോധത്തെക്കുറിച്ച് ഗുരുദേവന് ആത്മോപദേശശതകത്തില് ഇങ്ങനെ പ്രതിപാദിച്ചിട്ടുണ്ട്.
‘പലമതസാരവുമേകമെന്ന് പാരാ-
തുലകിലൊരാനയിലന്ധരെന്നപോലെ
പലവിധയുക്തിപറഞ്ഞു പാമരന്മാ-
രലവതു കണ്ടലയാതമര്‍ന്നിടേണം.’
മതപരമായ ഈ മിതബോധംകൊണ്ടു വാദിക്കാനും ജയിക്കാനും അനുയായികള്‍ മത്സരിക്കുമ്പോഴാണ് മതകലഹങ്ങള്‍ രൂപപ്പെടുന്നതെന്നതാണ് യാഥാര്‍ത്ഥ്യം. സര്‍വമത സമ്മേളനത്തിന്റെ പ്രധാനവേദിക്ക് മുന്നിലായി ‘വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനുമാണ്’ എന്നൊരു വിജ്ഞാപനം എഴുതിവയ്ക്കാന്‍ ഗുരുദേവന് നിര്‍ദ്ദേശിച്ചതിന് പിന്നിലുള്ളത് ഈ വസ്തുതയാവണം.
ആലുവയില്‍ തെളിഞ്ഞുവന്ന ആ സൗഹാര്ദദീപം കെടാതെ സൂക്ഷിക്കാന്‍ മാത്രമല്ല, അതില്‍നിന്ന് നൂറായിരം സൗഹാര്ദ്ദദീപങ്ങള് തെളിക്കാനും പകരാനും പങ്കിടാനും നമുക്കാകണം. അതാണ് സര്‍വമത സമ്മേളനത്തിന്റെ ഒരു കൊല്ലം നീണ്ടുനില്‍ക്കുന്ന ശതാബ്ദി ആഘോഷങ്ങള്‍ ലക്ഷ്യം വയ്ക്കുന്നത്.
ഒരു നൂറ്റാണ്ട് മുമ്പ് ആലുവയിലെ സര്‍വമതസമ്മേളനത്തില്‍ ഉയര്‍ന്നുകേട്ട മതസാരങ്ങള്‍ ഇന്നും എന്നും നമ്മുടെ ബോധത്തിലുണ്ടായിരിക്കേണ്ടതാണ്. കാരണം അതുണ്ടായില്ലെങ്കില്‍ മതങ്ങള്‍ മനുഷ്യനെ നന്നാക്കുന്നതിനേക്കാള്‍ വേഗത്തില്‍ മനുഷ്യരെ ദുഷിപ്പിക്കുന്നതായി തീരും. അങ്ങനെയുള്ളൊരു സാദ്ധ്യതകൂടി മുന്നില്‍ക്കണ്ടാവണം മതം ഏതായാലും മനുഷ്യന് നന്നായാല്‍ മതി എന്ന് ഗുരുദേവന് അരുളിയിട്ടുള്ളത്.
എല്ലാ മതങ്ങളും എല്ലാവരും സമബുദ്ധിയോടുകൂടി പഠിക്കണമെന്നു പറയാനും നാം സ്ഥാപിക്കാന്‍ വിചാരിക്കുന്ന മഹാപാഠശാലയില്‍ എല്ലാ മതങ്ങളും പഠിപ്പിക്കുന്നതിന് വേണ്ട എല്ലാ സൗകര്യങ്ങളും ഉണ്ടാവണമെന്ന് വിഭാവനം ചെയ്യാനും സൂക്ഷ്മമറിഞ്ഞവന് മതത്തിന് പ്രമാണമാണെന്ന് വെളിപ്പെടുത്താനും ലോകഗുരുക്കന്മാരില് ഒരൊറ്റ ഗുരുവേ ഉണ്ടായിട്ടുള്ളൂ. അത് ശ്രീനാരായണ ഗുരുദേവനാണ്.
ആലുവ അദൈ്വതാശ്രമത്തില്‍ സര്‍വമത സമ്മേളനത്തിന്റെ നൂറു വര്‍ഷത്തിന്റെ ആഘോഷപരിപാടികള്‍ക്ക് തുടക്കം കുറിച്ചിരിക്കുന്നു. നൂറ്റാണ്ടിന്റെ സുവര്ണദീര്ഘിമയില് ഒട്ടും ഗൗരവം ചോരാതെ സര്‍വമത സമ്മേളന പരിപാടികള്‍ സംഘടിപ്പിക്കാന്‍ കഴിയുന്നതില്‍ ആശ്രമം സെക്രട്ടറിയെന്ന നിലയ്ക്ക് ഗുരുവിനാല്‍ അനുഗ്രഹീതനായിരിക്കുന്നു. സകല ഗുരുപരമ്പരയും അതേ ഗൗരവത്തില്‍ പ്രൗഢമായ ഈ സന്ദര്‍ഭത്തെ ഏറ്റെടുത്തിരിക്കുകയാണ്. ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികള്‍ ആഗോളതലത്തില്‍ ജനഹൃദയങ്ങളില്‍ എത്തിക്കാന്‍ നമുക്ക് ഒരുമിച്ച് കൈകോര്‍ക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: