പാര്‍ട്ടി ആസ്ഥാനങ്ങളില്‍നിന്നുള്ള ക്യാപ്സ്യൂളുകള് പ്രചരിപ്പിക്കുന്നതില്‍ നിന്ന് വ്യത്യസ്തമായി കണ്ണൂര്‍ സിപിഎമ്മിലെ ചില സൈബര്‍ സഖാക്കള്‍ സമൂഹമാധ്യമങ്ങളില്‍ നടത്തിയ പ്രതികരണങ്ങള്‍ ചര്‍ച്ചയായിരിക്കുകയാണല്ലോ. കുറെക്കാലമായി പാര്‍ട്ടിക്കകത്ത് പുകഞ്ഞുകൊണ്ടിരുന്നതാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. പാര്‍ട്ടി നേതാക്കളാണ് തങ്ങളെക്കൊണ്ട് കൊലപാതകങ്ങള്‍ നടത്തിച്ചതെന്നും, ഇതിന് ആഹ്വാനം ചെയ്തവര്‍ക്ക് പാര്‍ട്ടി ഭരിക്കുന്ന സഹകരണ ബാങ്കുകളിലും മറ്റും ജോലി ലഭിച്ചപ്പോള്‍, കൊലപാതകം നടത്തിയ തങ്ങള്‍ക്ക് പട്ടിണിയും പടിയടച്ച് പിണ്ണംവയ്ക്കലുമാണ് നേരിടേണ്ടിവന്നതെന്നും കൊലയാളി സംഘത്തില്‍പ്പെട്ട ആകാശ് തില്ലങ്കേരി സമൂഹമാധ്യമത്തിലൂടെ വെളിപ്പെടുത്തിയത് തീര്‍ച്ചയായും സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കിയിരിക്കുകയാണ്. തങ്ങള്‍ വാ തുറന്നാല്‍ പലര്‍ക്കും പുറത്തിറങ്ങി നടക്കാനാവില്ലെന്നു മുന്നറിയിപ്പ് നല്കുന്ന ഇയാള്‍, പാര്‍ട്ടി തള്ളിയതോടെയാണ് സ്വര്‍ണക്കടത്ത് ക്വട്ടേഷനിലേക്ക് തിരിഞ്ഞതെന്നും വ്യക്തമാക്കിയിരിക്കുന്നു. തെറ്റിലേക്കു പോകാതിരിക്കാനോ തിരുത്താനോ പാര്‍ട്ടി ശ്രമിച്ചില്ലെന്നും, ക്ഷമ നശിച്ചതുകൊണ്ടാണ് ഇപ്പോള്‍ തുറന്നുപറയുന്നതെന്നും ആകാശ് തില്ലങ്കേരി പറയുന്നു. ഇപ്പോള്‍ ഇങ്ങനെയൊരു വെളിപ്പെടുത്തല്‍ നടത്താനിടയായ സാഹചര്യത്തെക്കുറിച്ച് ഇയാള്‍ പറയുന്നത് മുഖവിലയ്ക്കെടുക്കേണ്ടതില്ല. പക്ഷേ പറയുന്നത് സത്യമാണെന്ന് സിപിഎമ്മിന്റെ കൊലാപതക രാഷ്ട്രീയത്തെക്കുറിച്ച് സാമാന്യധാരണയുള്ള ആര്‍ക്കും ബോധ്യമാകും. ഇനി എന്തൊക്കെയാണ് വെളിപ്പെടാനിരിക്കുന്നതെന്ന് കാത്തിരുന്ന് കാണണം.
തില്ലങ്കേരി എന്ന പ്രദേശത്തെ പാര്‍ട്ടി വിഭാഗീയതയായി മാത്രം ഇതിനെ ചെറുതാക്കാനാവില്ല. കേരള രാഷ്ട്രീയവും സമൂഹവും അഭിമുഖീകരിക്കുന്ന വളരെ ഗുരുതരമായ ഒരു പ്രശ്നത്തിന്റെ മേല്‍ത്തുമ്പു മാത്രമാണിത്. വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്ന യുവാവ് കുറച്ചുകാലം മുന്‍പുവരെ സിപിഎമ്മിന് വേണ്ടപ്പെട്ടവനായിരുന്നു. പാര്‍ട്ടി ആരോപണ വിധേയമായ രണ്ട് കൊലപാതകക്കേസുകളില്‍ പ്രതിയാണിയാള്‍. സ്വര്‍ണക്കടത്തുകേസില്‍ പ്രതികളായതോടെ ചിലര്‍ക്കെതിരെ നടപടിയെടുത്തെന്നു വരുത്താന്‍ പാര്‍ട്ടി നേതൃത്വം നിര്‍ബന്ധിതരാവുകയുണ്ടായി. എന്നാല്‍ ഇപ്രകാരം പുറത്തുനിര്‍ത്തിയവരെ പാര്‍ട്ടി വേദിയില്‍ ക്ഷണിച്ചുവരുത്തി ആദരിച്ചത് വിവാദമായി. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ എടുക്കുന്ന അച്ചടക്ക നടപടികള്‍ പ്രഹസനമാണെന്ന് തെളിയിക്കുന്ന സംഭവമായി ഇതും. ആക്രമണങ്ങളിലും കൊലപാതകങ്ങളിലും കവര്‍ച്ചകളിലും അഴിമതികളിലും അനാശാസ്യ പ്രവൃത്തികളിലുമൊക്കെ ഏര്‍പ്പെടുന്നവര്‍ പാര്‍ട്ടിക്ക് പുറത്തായാലും നേതാക്കള്‍ക്ക് വേണ്ടപ്പെട്ടവരായി തുടരും. കണ്ണൂരില്‍ മാത്രമല്ല, കളമശ്ശേരിയിലും ആലപ്പുഴയിലും തിരുവനന്തപുരത്തും പത്തനംതിട്ടയിലുമൊക്കെ ഇതിന് നിരവധി ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടാനാവും. കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരെ നിയമത്തിന് വിട്ടുകൊടുക്കാതെ സംരക്ഷിക്കുന്ന സിപിഎമ്മിന്റെ പരിപാടിയാണ് ഇത്തരം അച്ചടക്ക നടപടികള്‍. പാര്‍ട്ടിയുടെ ഔദ്യോഗികസ്ഥാനത്ത് ഇല്ലാതിരിക്കുന്നു എന്നതിനപ്പുറം പുറത്തായവര്‍ക്ക് യാതൊന്നും സംഭവിക്കുന്നില്ല. സംഭവം എല്ലാം പഴയതുപോലെ തുടരും. ഒരു നഷ്ടവും സംഭവിക്കുന്നില്ല. ജനങ്ങള്‍ മറന്നുകഴിയുന്നതോടെ ഏതു സ്ഥാനത്തുനിന്നാണോ പുറത്താക്കിയത് അവിടെയോ അതിനു മുകളിലോ ഇവര്‍ തിരിച്ചെത്തും.
കണ്ണൂര്‍ ജില്ലക്കകത്തും പുറത്തും സിപിഎമ്മിന് കൊലപാതക സ്ക്വാഡുകളുണ്ടെന്നത് പകല്‍പോലെ വ്യക്തമാണല്ലോ. കൊല്ലുന്നവര്‍ ഇവരാണെങ്കിലും കൊല്ലിക്കുന്നവര്‍ പാര്‍ട്ടി നേതാക്കളാണെന്നും ജനങ്ങള്‍ക്കറിയാം. പാര്‍ട്ടി നേതാക്കളും എംഎല്‍എമാരും എംപിമാരും മന്ത്രിമാരുമൊക്കെ ഇവരില്‍പ്പെടുന്നു. പാര്‍ട്ടിക്കുവേണ്ടി രാഷ്ട്രീയ പ്രതിയോഗികളെ കൊന്നൊടുക്കുന്നതില്‍ അഭിമാനിക്കുന്നവരാണ് ഈ നേതാക്കള്‍. പാര്‍ട്ടിയുടെ നേതൃനിരയില്‍ കാരായി രാജന്മാര്‍ക്കും കുഞ്ഞനന്തന്മാര്‍ക്കും മുകളില്‍ വിഹരിക്കുന്നവരും ഇത്തരക്കാരായുണ്ട്. ഇക്കൂട്ടരുടെ അറിവും സമ്മതവുമില്ലാതെ ഒരു രാഷ്ട്രീയ കൊലപാതകവും നടക്കില്ലെന്ന് ഉറപ്പാണ്. ടി.പി.ചന്ദ്രശേഖരനെ കൊലപ്പെടുത്തിയതിനു പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന് പങ്കുണ്ടെന്നും, അന്വേഷണം അവിടേക്ക് എത്തുന്നതിന് മുന്‍പ് അട്ടിമറിക്കപ്പെടുകയായിരുന്നുവെന്നും ആരോപണമുണ്ടല്ലോ. ടിപിയെ കൊലചെയ്തത് ഇസ്ലാമിക തീവ്രവാദികളാണെന്ന് വാര്‍ത്താ സമ്മേളനം വിളിച്ച് തെറ്റിദ്ധരിപ്പിക്കാന്‍ അന്നത്തെ പാര്‍ട്ടി സെക്രട്ടറിയായ പിണറായി ശ്രമിച്ചത് കൊലപാതകം ആസൂത്രണം ചെയ്തതിന്റെ ഭാഗമായിരുന്നുവല്ലോ. കൊലനടത്തിയവര്‍ തന്നെ കൊല്ലിച്ചവരെക്കുറിച്ച് പറയുന്നു എന്നതാണ് ഇപ്പോഴുണ്ടായിരിക്കുന്ന ഒരു മാറ്റം. പക്ഷേ സിപിഎം അധികാരത്തിലുള്ളപ്പോള്‍ ഇക്കാര്യത്തില്‍ ഒരു നടപടിയും പോലീസില്‍നിന്ന് പ്രതീക്ഷിക്കേണ്ടതില്ല. പ്രശ്നം പറഞ്ഞൊതുക്കാന്‍ സിപിഎമ്മിനെ സഹായിക്കുന്ന പണിയായിരിക്കും പോലീസുകാര്‍ എടുക്കുക. പൊതുസമൂഹത്തെ സംബന്ധിച്ചിടത്തോളം വളരെ ഗുരുതരമായ ഒരു പ്രശ്നമാണിത്. യുവാക്കളെ രാഷ്ട്രീയ മുതലെടുപ്പിനുവേണ്ടി സാമൂഹ്യ വിരുദ്ധരായി മാറ്റുന്ന അപകടകരമായ രീതിയാണിത്. സിപിഎമ്മിന്റെ ഈ അധോലോക രാഷ്ട്രീയത്തിനെതിരെ ജനങ്ങള്‍ ഉണര്‍ന്നേ പറ്റൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: