സംസ്ഥാന ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ആ സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ലെന്ന് ആവര്‍ത്തിച്ച് തെളിയിച്ചുകൊണ്ടിരിക്കുകയാണ്. രണ്ടാം പിണറായി സര്‍ക്കാരിന്റെ അങ്ങേയറ്റം ജനവിരുദ്ധമായ രണ്ടാം ബജറ്റ് അവതരിപ്പിച്ചതിനുശേഷമുള്ള ധനമന്ത്രിയുടെ ചെയ്തികളും പ്രസ്താവനകളും സംസ്ഥാനത്തിന്റെ സാമ്പത്തിക താല്‍പ്പര്യം സംരക്ഷിക്കാന്‍ ഉതകുന്നതല്ലെന്നു മാത്രമല്ല, സ്വന്തം വിശ്വാസ്യത തന്നെ നശിപ്പിക്കുന്നതുമാണെന്ന് പറയാതെ വയ്യ. ജനജീവിതം ദുസ്സഹമാക്കുന്നവിധം ബജറ്റില്‍ വന്‍തോതില്‍ നികുതി ഭാരം അടിച്ചേല്‍പ്പിച്ചതിന് ന്യായീകരണമായി മന്ത്രി പറഞ്ഞത് സംസ്ഥാനത്തിന് അര്‍ഹമായ ജിഎസ്ടി വിഹിതം കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നില്ല എന്നാണ്. ജിഎസ്ടി വിഹിതത്തില്‍നിന്ന് 2000 കോടിരൂപ വെട്ടിക്കുറച്ചതായി ബജറ്റിന്റെ തലേന്ന് കേന്ദ്ര സര്‍ക്കാരിന്റെ അറിയിപ്പ് ലഭിച്ചെന്നും, ഇതുകൊണ്ടാണ് ഇന്ധനനികുതി ഏര്‍പ്പെടുത്തേണ്ടി വന്നതെന്നുമാണ് ധനമന്ത്രി പറഞ്ഞത്. എന്നാല്‍ ഇത് പച്ചക്കള്ളമാണെന്ന് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നു. കേന്ദ്രത്തില്‍നിന്ന് ഈയിനത്തില്‍ ലഭിക്കാനുള്ളത് 750 കോടി മാത്രമാണെന്ന് ധനമന്ത്രിക്ക് സമ്മതിക്കേണ്ടിവന്നിരിക്കുന്നു. ഉന്നതമായ ഒരു സ്ഥാനത്തിരുന്നുകൊണ്ട് എത്ര ക്രൂരമായാണ് ഈ മന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതെന്ന് ഇതിലൂടെ തെളിയുന്നുണ്ടല്ലോ. ഇതേ രീതിയിലാണ് ധനസംബന്ധമായ ഓരോ കാര്യവും മന്ത്രി കൈകാര്യം ചെയ്യുന്നതെന്ന് കരുതേണ്ടിയിരിക്കുന്നു. ഇങ്ങനെയൊരു മന്ത്രിയുടെ കീഴില്‍ സംസ്ഥാനത്തിന്റെ ധനസ്ഥിതി എങ്ങനെ രക്ഷപ്പെടാനാണ്?
ഭരണം നടത്തുന്നവരുടെ കഴിവുകേടുകൊണ്ടും കക്ഷിരാഷ്‌ട്രീയ താല്‍പ്പര്യംകൊണ്ടും ഒരു സംസ്ഥാനത്തിന്റെ സാമ്പത്തിക ഭാവി നശിപ്പിക്കുന്നതിന്റെ ദൃഷ്ടാന്തമാണ് രണ്ടാം പിണറായി സര്‍ക്കാര്‍ ഒന്നിനു പുറകെ ഒന്നായി സ്വീകരിക്കുന്ന നടപടികള്‍. സങ്കുചിത രാഷ്‌ട്രീയവും പാര്‍ട്ടി പരിഗണനകളും കടമെടുപ്പും ധൂര്‍ത്തും കള്ളപ്രചാരണവും മറ്റും മുന്‍നിര്‍ത്തിയുള്ള ധനകാര്യ മാനേജ്‌മെന്റിന്റെ പ്രതീകം ഒന്നാം പിണറായി സര്‍ക്കാരില്‍ ധനമന്ത്രി തോമസ് ഐസക് ആയിരുന്നെങ്കില്‍, രണ്ടാം പിണറായി സര്‍ക്കാരില്‍ അത് കെ.എന്‍. ബാലഗോപാലാണ്. തന്റെ സൃഷ്ടിയായ കിഫ്ബിയെ ഉപയോഗിച്ച് സമ്പദ്‌വ്യവസ്ഥയെ ദുര്‍ബലപ്പെടുത്തുകയാണ് തോമസ് ഐസക് ചെയ്തതെങ്കില്‍, ആ പാതയിലൂടെ മുന്നേറി സമ്പദ്‌വ്യവസ്ഥയെ അട്ടിമറിക്കുകയാണ് ബാലഗോപാല്‍. സാമ്പത്തിക ശാസ്ത്രജ്ഞനായി അറിയപ്പെടുന്ന തോമസ് ഐസക്കിനെ മുഖ്യമന്ത്രി പിണറായിക്ക് വിശ്വാസമുണ്ടായിരുന്നില്ല. അതുകൊണ്ടാണല്ലോ ഐസക്കിനു മുകളില്‍ ഐഎംഎഫ് സാമ്പത്തിക വിദഗ്ധയെ പിണറായി പ്രതിഷ്ഠിച്ചത്. മുഖ്യമന്ത്രിയുമായി തന്ത്രപരമായി ഏറ്റുമുട്ടുന്ന നയം ഐസക്കും സ്വീകരിച്ചത്. ധനമന്ത്രിയെന്ന നിലയ്‌ക്ക് തീര്‍ത്തും അനാവശ്യമായി കേന്ദ്രവിരോധം പ്രസംഗിച്ചുകൊണ്ടിരുന്ന ഐസക് സംസ്ഥാനത്തിന്റെ സാമ്പത്തിക താല്‍പ്പര്യങ്ങളെ വിദഗ്ധമായി അട്ടിമറിക്കുകയായിരുന്നു. ഐസക്കില്‍നിന്ന് ധനമന്ത്രി ബാലഗോപാലിനെ വ്യത്യസ്തനാക്കുന്നത് മുഖ്യമന്ത്രി പിണറായിയോടുള്ള വിധേയത്വമാണ്. തന്റെ വ്യക്തിപരവും രാഷ്‌ട്രീയവുമായ താല്‍പ്പര്യം സംരക്ഷിക്കുന്നയാളാവണം ധനമന്ത്രി എന്ന പരിഗണനയിലാണ് പിണറായിയുടെ രണ്ടാം ധനമന്ത്രിയായി ബാലഗോപാല്‍ എത്തിയത്.
ധനമന്ത്രിയെന്ന നിലയില്‍ സ്വന്തം കഴിവുകേട് മറച്ചുപിടിക്കാന്‍ കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്തുകയെന്നതും, സിഎജിക്കെതിരെ കുരിശുയുദ്ധം പ്രഖ്യാപിക്കുന്നതും തോമസ് ഐസക്കിന്റെ കാലത്ത് തുടങ്ങിയതാണ്. ഈ രീതിയില്‍ സമ്പദ്‌വ്യവസ്ഥയെ പുതിയൊരു പതനത്തിലേക്ക് എത്തിച്ചിരിക്കുകയാണ് പിന്‍ഗാമിയായ ബാലഗോപാല്‍. ജിഎസ്ടി കൗണ്‍സിലില്‍ പോയിരുന്ന് അതില്‍ എടുക്കുന്ന തീരുമാനങ്ങളെയെല്ലാം പിന്തുണച്ചശേഷം കേരളത്തില്‍ വന്ന് അതിനെയൊക്കെ എതിര്‍ക്കുകയെന്നതാണ് ബാലഗോപാലിന്റെ രീതി. കേന്ദ്ര സര്‍ക്കാര്‍ കേരളത്തെ ശ്വാസംമുട്ടിക്കുകയാണെന്ന കുപ്രചാരണം ധനമന്ത്രി നടത്തുകയും മുഖ്യമന്ത്രി അത് ഏറ്റുപിടിക്കുകയും ചെയ്യുന്നതാണ് കുറെക്കാലമായി കണ്ടുവരുന്നത്. എന്നാല്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ ലോക്‌സഭയില്‍ നല്‍കിയ മറുപടിയില്‍ ഈ കള്ളപ്രചാരണത്തെ തുറന്നുകാട്ടുകയുണ്ടായി. കേരളത്തിന്റെ ജിഎസ്ടി വിഹിതം കൃത്യമായി നല്‍കുന്നുണ്ടെന്നും, സംസ്ഥാന സര്‍ക്കാര്‍ കണക്കുകള്‍ ഏകീകരിച്ചു നല്‍കാത്തതിനാലാണ് ഉല്‍പ്പന്ന നിര്‍മാതാക്കളില്‍നിന്ന് ഈടാക്കുന്ന ഐജിഎസ്ടി വിഹിതം നല്‍കാത്തതെന്നുമാണ് കേന്ദ്ര ധനമന്ത്രി ലോക്‌സഭയെ അറിയിച്ചത്. ആറ് വര്‍ഷമായി ഇങ്ങനെ വീഴ്ച വരുത്തിയതുമൂലം 30,000 കോടി രൂപയാണ് സംസ്ഥാനത്തിന് നഷ്ടമായതെന്നും കേന്ദ്ര ധനമന്ത്രി വ്യക്തമാക്കിയിരിക്കുന്നു. ഇത്രയും തുക ലഭിക്കാനുള്ളപ്പോഴാണ് ബജറ്റിനു പുറത്ത് പരിധിയില്ലാതെ കടമെടുക്കാനും, കേന്ദ്രം അതിന് അനുവദിക്കുന്നില്ലെന്നും ധനമന്ത്രി ബാലഗോപാലും മറ്റും മുറവിളികൂട്ടുന്നത്. ഈ നിരുത്തരവാദിത്വത്തിന് ധനമന്ത്രി മാത്രമല്ല, മുഖ്യമന്ത്രിയും മറുപടി പറയണം. ജനങ്ങള്‍ ഇരുവരെയും പിടിച്ചുനിര്‍ത്തി കണക്കുചോദിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: