തൃശൂര്‍: ലൈഫ് മിഷന് അഴിമതിക്കേസില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം.ശിവശങ്കരനെ ഇ.ഡി അറസ്റ്റ് ചെയ്ത സാഹചര്യത്തില്‍ ധാര്‍മ്മികതയുണ്ടെങ്കില്‍ മുഖ്യമന്ത്രി പിണറായി വിജയന് സ്ഥാനമൊഴിയുകയാണ് വേണ്ടതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന് അഭിപ്രായപ്പെട്ടു.
മുഖ്യമന്ത്രിയുടെ പ്രതിപുരുഷനായി നടന്നായാളാണ് ശിവശങ്കരന്. ലൈഫ് മിഷന് കേസിലെ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം അട്ടിമറിക്കാന്‍ സര്‍ക്കാര്‍ അസാധാരണ ഇടപെടലുകളാണ് നടത്തിയത്. വിജിലന്‍സിനെ കൊണ്ട് ഫയലുകള്‍ പിടിച്ചെടുത്തും ജൂഡിഷ്യല്‍ അന്വേഷണം നടത്തിയും അന്വേഷണത്തിനെതിരെ തട്ടിപ്പുകാരനായ സന്തോഷ് ഈപ്പന് സുപ്രീംകോടതിയില്‍ നല്കിയ കേസില്‍ കക്ഷി ചേര്‍ന്നും അന്വേഷണത്തെ അട്ടിമറിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചതെന്ന് സുരേന്ദ്രന് തൃശൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
എല്ലാ തട്ടിപ്പുകളുടെയും സൂത്രധാരന്‍ മുഖ്യമന്ത്രി പിണറായി വിജയനാണ്. കള്ളന് കപ്പലില്‍ തന്നെയാണുള്ളത്. ഇനിയെങ്കിലും ഇക്കാര്യം ജനങ്ങളോട് തുറന്നു പറയാന്‍ മുഖ്യമന്ത്രി തയ്യാറാവണം. സംശയത്തിന്റെ കുന്തമുന പിണറായി വിജയനിലേക്കാണ് നീളുന്നത്. മുഖ്യമന്ത്രിയുടെ എല്ലാ ഇടപാടുകളിലും ശിവശങ്കരനുണ്ടായിരുന്നു. ഔദ്യോഗികമായും അനൗദ്യോഗികമായും മുഖ്യമന്ത്രിക്ക് വേണ്ടിയുള്ള ഇടപെടലുകളെല്ലാം ശിവശങ്കരനാണ് നടത്തിയത്. ശിവശങ്കരന് കോഴ വാങ്ങിയെന്ന് ഇ.ഡി കണ്ടെത്തിയിട്ടുണ്ട്. ഉപ്പു തിന്നവന്‍ വെള്ളം കുടിക്കുക തന്നെ ചെയ്യും.
ലൈഫ് മിഷന് പദ്ധതി അട്ടിമറിച്ചത് സര്‍ക്കാര്‍ സംവിധാനത്തിനകത്തു തന്നെയുള്ളവരാണ്. 20 കോടിയുടെ ഫണ്ടില്‍ 5 കോടിയും അടിച്ചുമാറ്റുന്ന വെട്ടിപ്പ് വീരപ്പനും ലാലുപ്രസാദ് യാദവ് പോലും നടത്തിയിട്ടില്ല. മുഖ്യമന്ത്രിയുടെ ഓഫീസ് ഒരു കൊള്ള സംഘം പോലെയാണ് പ്രവര്‍ത്തിച്ചത്. അവസാന ശ്വാസം വരെ ശിവശങ്കരനെ രക്ഷിക്കാന്‍ മുഖ്യമന്ത്രി ശ്രമിച്ചു. സ്പ്രിഗ്ലര്‍ ഇടപാടിലും ശിവശങ്കരനെ രക്ഷിക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. ഇപ്പോള്‍ ജയിലിലായ ശിവശങ്കരന് ഇനി സുരക്ഷ നല്‍കുകയാണ് വേണ്ടത്. സ്വപ്നയെ ജയിലില്‍ പോയി ജയില്‍ ഡി.ജി.പി തന്നെ ഭീഷണിപ്പെടുത്തിയ സംസ്ഥാനമാണ് കേരളം. അവര്‍ എന്തു ചെയ്യാനും മടിക്കില്ല.
നരേന്ദ്രമോദി ഭരിക്കുമ്പോള്‍ ഒരു കുറ്റവാളിപോലും രക്ഷപ്പെടില്ല. എല്ലാ അഴിമതിക്കാരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും എത്ര ഉന്നതനായാലും നിയമത്തിന്റെ വലയ്ക്ക് പുറത്തുപോകാനാകില്ലെന്നും സുരേന്ദ്രന് പറഞ്ഞു. സംസ്ഥാന സെക്രട്ടറി എ. നാഗേഷ്, ജില്ലാ പ്രസിഡന്റ് അനീഷ് കുമാര്‍ എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: