കൊച്ചി : കോയമ്പത്തൂര്‍ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് എന്‍ഐഎ തെരച്ചിലില്‍ ആലുവ സ്വദേശി അശോകന് എന്നയാള്‍ കസ്റ്റഡിയില്‍. അന്വേഷണ വിധേയമായി ഇയാളുടെ ഫോണും സാമ്പത്തിക ഇടപാടുകള്‍ നടത്തിയ രേഖകളും അന്വേഷണ സംഘം പിടിച്ചെടുത്തിട്ടുണ്ട്. ആലുവയില്‍ സ്വകാര്യ പണമിടപാട് നടത്തിവരികയാണ് അശോകന്.
ഇത് കൂടാതെ ആലുവ വെസ്റ്റ് വെളിയത്തുനാട് സ്വദേശി റിയാസിനേയും ചോദ്യം ചെയ്യലിനായി എന്‍ഐഎ കൊണ്ടുപോയിട്ടുണ്ട്. ആലുവയില്‍ വാടകക്ക് താമസിക്കുന്ന സീനുമോന്‍ എന്ന് വിളിക്കുന്ന സൈനുദ്ദീന്റെ വീട്ടിലും എന്‍ഐഎ റെയ്ഡ് നടത്തിയിരുന്നു. പാനായിക്കുളം സ്വദേശിയാണ് സൈനുദ്ദീന്‍. ഇയാള്‍ ബെംഗളൂരു സ്ഫോടന കേസില്‍ പ്രതിയായിരുന്നു. എന്നാല്‍ കോടതി ഇയാളെ വെറുതെ വിടുകയായിരുന്നു. സൈനുദ്ദീനോട് വ്യാഴാഴ്ചയാണ് കൊച്ചി എന്‍ഐഎ ആസ്ഥാനത്ത് ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കോയമ്പത്തൂര്‍, മംഗളൂരു സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് കേരളം, കര്‍ണാടക, തമിഴ്നാട് എന്നീ മൂന്ന് സംസ്ഥാനങ്ങളില്‍ 40 സ്ഥലങ്ങളിലാണ് എന്‍ഐഎ തെരച്ചില്‍ നടത്തുന്നത്. ആലുവ, മട്ടാഞ്ചേരി, പറവൂര്‍ എന്നിവിടങ്ങളിലായി അഞ്ച് സ്ഥലങ്ങളിലാണ് എന്‍ഐഎ തെരച്ചില്‍ നടത്തിയത്. നിരവധി പേരെ ഇതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാനായി എന്‍ഐഎ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.
കോയമ്പത്തൂര്‍ സ്ഫോടനത്തിലെ ചാവേറെന്ന് സംശയിക്കുന്ന ജമേഷ മുബീന്റെ ഭാര്യയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇന്റലിജെന്‍സ് ഏജന്‍സികളുടെ നിരീക്ഷണത്തില്‍ ഉണ്ടായിരുന്നവരുടെ വീടുകളിലും സ്ഥാപനങ്ങളിലുമാണ് തെരച്ചില്‍ നടന്നത്. തമിഴ്നാട്ടില്‍ കോയമ്പത്തൂര്‍, ചെന്നെ, നാഗപട്ടണം, തിരുനല്‍വേലി, മയിലാടുതുറ, തിരുപ്പൂര്‍, തെങ്കാശി, തിരുച്ചിറപ്പള്ളി, തൂത്തുക്കുടി, തൃച്ചന്തൂര്‍ ജില്ലകളില്‍ 43 ഇടങ്ങളില്‍ റെയ്ഡ് നടത്തി.
തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി പണം സ്വരൂപിക്കാന്‍ ഇടപെട്ടവരെ കേന്ദ്രീകരിച്ചാണ് തമിഴ്നാട്ടില്‍ പരിശോധന നടന്നത്. തിരുപ്പൂരില്‍, സിക്കന്തര്‍ പാഷ, മുഹമ്മദ് റിസ്വാന്, പഴനി നെയ്ക്കരപ്പട്ടിയില്‍ രാജ മുഹമ്മദ്, കോയമ്പത്തൂരില്‍ ഹാരിസ് ഡോണ്‍ എന്നിവരെ കോയമ്പത്തൂര്‍ സ്ഫോടനവുമായി ബന്ധപ്പെട്ട് എന്‍ഐഎ കസ്റ്റഡിയിലെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: