ഭില്‍വാര(രാജസ്ഥാന്): മരങ്ങള്‍ക്ക് പുനര്ജന്മം നല്‍കുകയാണ് തുണിവ്യാപാരിയായ തിലോക് ചന്ദ് ഛബ്ര. റോഡുകളും കെട്ടിടങ്ങളും വ്യവസായസ്ഥാപനങ്ങളും നിര്‍മിക്കുന്നതിനിടെ മുറിച്ചുമാറ്റേണ്ടി വരുന്ന മരങ്ങള്‍ വേരോടെ പിഴുത് പുതിയ ഇടങ്ങളില്‍ മാറ്റി സ്ഥാപിക്കുകയാണ് വൃക്ഷസ്നേഹിയായ തിലോക്ചന്ദ്. വികസനത്തിന്റെ പേരില്‍ ഒരു മരവും നശിപ്പിക്കരുതെന്ന പ്രചാരണത്തിന്റെ ഭാഗമായി തിലോക്ചന്ദ് ആരംഭിച്ച പ്രസ്ഥാനം ഇതിനകം ഇത്തരത്തില്‍ ആയിരത്തോളം വൃക്ഷങ്ങള്‍ക്കാണ് പുനര്ജനിയേകിയത്.
2021 സപ്തംബറിലാണ് തിലോക് ചന്ദ് വൃക്ഷസംരക്ഷണ പ്രചാരണം തുടങ്ങിയത്. സ്വന്തം ഫാം ഹൗസ് നിര്‍മിക്കേണ്ടിവന്നപ്പോള്‍ ഏഴ് ഈന്തപ്പനകള്‍ പിഴുതുമാറ്റേണ്ടിവന്നു. അപ്പോഴാണ് എന്തുകൊണ്ട് അവയെ നശിപ്പാക്കാതെ മാറ്റി നട്ടുകൂടാ എന്ന തോന്നലുണ്ടായത്. ഇതിനായി ദല്‍ഹിയില്‍ നിന്ന് വിദഗ്ധനായ ഭൂപേന്ദ്ര ചതുര്‍വേദിയെ വിളിച്ചുവരുത്തി വിജയകരമായി പറിച്ചുനട്ടു. തുടര്‍ന്ന് നഗരത്തില്‍ എവിടെയും ഇത്തരത്തില്‍ മരങ്ങള്‍ സംരക്ഷിക്കുന്ന ജോലി ചെയ്യാന്‍ കഴിയുന്ന ഒരു ടീമിനെ സ്വന്തമായി രൂപീകരിച്ചു.
ആദ്യം പറിച്ചുനടേണ്ട മരങ്ങള്‍ക്ക് ചുറ്റും നാലടി വീതിയില്‍ കുഴിയുണ്ടാക്കും. ഒന്നര മുതല്‍ രണ്ടടി വരെ വ്യാസത്തില്‍ കുഴിച്ചശേഷം അതില്‍ കൊക്കോപീറ്റ്, മണല്‍, ബോവ്സ്റ്റിന് എന്നിവ നിറച്ച് 15-15 ദിവസം കൊണ്ട് രണ്ട് ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കും. ശേഷം, മരങ്ങള്‍ ക്രെയിനുകളുടെ സഹായത്തോടെ പുറത്തെടുത്ത് മറ്റൊരിടത്തേക്ക് മാറ്റി സ്ഥാപിക്കും. ഒരു പുതിയ സ്ഥലത്ത് മരം നട്ടുപിടിപ്പിക്കുമ്പോള്‍, അത് ആദ്യം പൂര്‍ണമായും ഉണങ്ങുന്നു. പിന്നീട് മാത്രമേ തളിര്ക്കുകയുള്ളൂവെന്ന് തിലോക് ചന്ദ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: