തിരുവനന്തപുരം: ആര്‍എസ്എസ് നേതൃത്വവുമായി ജനുവരി 14ന് ചര്‍ച്ച നടത്തിയെന്ന് സ്ഥിരീകരിച്ച് ജമാഅത്തെ ഇസ്ലാമി. കേന്ദ്രസര്‍ക്കാരിനെ നിയന്ത്രിക്കുന്നവരെന്ന നിലയിലാണ് ആര്‍എസ്എസ് നേതൃത്വവുമായി ചര്‍ച്ച നടത്തിയതെന്നും ‘ദ ന്യൂ ഇന്ത്യ എക്സ്പ്രസ്’ ദിനപത്രത്തിനു നല്കിയ അഭിമുഖത്തില്‍ ജമാഅത്തെ ഇസ്ലാമി ജനറല്‍ സെക്രട്ടറി ടി.ആരിഫ് അലി വ്യക്തമാക്കി.
മുന്‍ ഇലക്ഷന് കമ്മിഷണര്‍ എസ്.വൈ.ഖുറേഷി, ഡല്‍ഹി മുന്‍ ലഫ്റ്റ്നന്റ് ഗവര്‍ണര്‍ നജീബ് ജങ്, ഷാഹിസ് സിദ്ധിഖി, സയീദ് ഷെര്‍വാണി എന്നിവര്‍ 2022 ഓഗസ്റ്റില്‍ ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവതുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ജമാഅത്തെ ഇസ്ലാമി ആര്‍എസ്എസ് നേതൃത്വവുമായി ചര്‍ച്ച നടത്തിയത്. ചര്‍ച്ചയ്ക്കായി ക്ഷണിച്ചത് ഖുറേഷിയാണ്. നിലവില്‍ ചര്‍ച്ചകളില്‍ പങ്കെടുത്തത് രണ്ടാം നിര നേതാക്കളാണെന്നു പ്രധാന നേതാക്കള്‍ അടുത്ത ഘട്ട ചര്‍ച്ചകളില്‍ പങ്കെടുക്കും. ഇനിയും ചര്‍ച്ചകള്‍ നടക്കും.
രാജ്യം താത്പര്യം മുന്‍നിര്‍ത്തി കേന്ദ്രസര്‍ക്കാരുമായും അവരെ നിയന്ത്രിക്കുന്ന സംഘടനകളുമായും സഹകരിക്കണമെന്ന് ആവശ്യപ്പെട്ട് ഖുറേഷിയാണ് ഞങ്ങളെ ബന്ധപ്പെട്ടത്. മറ്റ് മുസ്ലിം സംഘടനകളുമായും അദ്ദേഹം ഇക്കാര്യം സംസാരിച്ചിരുന്നു. ചര്‍ച്ചയില്‍ ഇരു കൂട്ടവര്‍ക്കും തുല്യ പങ്കാളിത്തവും ചര്‍ച്ചയ്ക്ക് കൃത്യമായ രൂപവും വേണമെന്ന് പറഞ്ഞിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ ഉള്‍പ്പെടെ ചര്‍ച്ചയ്ക്കിടെ ആര്‍എസ്എസ് നേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തി. കയ്യേറ്റമൊഴിപ്പിക്കലിന്റെ പേരില്‍ നടക്കുന്ന ബുള്‍ഡോസര്‍ രാഷ്ട്രീയവും അതുമായി ബന്ധപ്പെട്ട് നിരപരാധികളെ അറസ്റ്റ് ചെയ്യുന്നതും ഉന്നയിച്ചു. കാശിയിലും മഥുരയിലും ഉള്‍പ്പെടെ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രശ്നങ്ങള്‍ ആര്‍എസ്എസ് നേതൃത്വവും ചര്‍ച്ചയില്‍ ഉന്നയിച്ചതായി അദ്ദേഹം പറഞ്ഞു. ആര്‍എസ്എസ് നേതൃത്വവുമായി ചര്‍ച്ച നടത്തിയതിന്റെ പേരില്‍ എന്തെങ്കിലും പ്രശ്നങ്ങളുണ്ടാകുമെന്ന് കരുതുന്നില്ലെന്നും ആരിഫ് അലി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: