ജുഡീഷ്യറിയില്‍ ഉന്നത നിയമനത്തിനും സ്ഥലംമാറ്റത്തിനും അധികാരമുള്ള കൊളീജിയം സംവിധാനത്തെക്കുറിച്ച് വീണ്ടും വിവാദം ഉയര്‍ന്നിരിക്കുകയാണ്. ഇത്തരുണത്തില്‍ ജുഡീഷ്യല്‍ നിയമന കമ്മീഷന് രൂപീകരണവും തുടര്‍ന്നുണ്ടായ കോടതി വിധിയെയും കുറിച്ച് ഒരു പുനര്‍ചിന്തനം ആവശ്യമായി വന്നിരിക്കുന്നു. കൊളീജിയത്തിലെ വൈകല്യങ്ങള്‍ പരിഹരിക്കുന്നതിനായി പുതിയ നിയമം ആവശ്യമാണെന്ന് പരക്കെ അഭിപ്രായം ഉയര്‍ന്നു. അതിന്റെ അടിസ്ഥാനത്തില്‍ 2014 ആഗസ്റ്റില്‍ ദേശീയ ജുഡീഷ്യല്‍ നിയമനക്കമ്മിഷന്‍ രൂപീകരിക്കുന്നതിനായി 99-ാം ഭരണഘടന ഭേദഗതി വരുത്തുകയും അതിന്റെ തുടര്‍ച്ചയായി ദേശീയ ജുഡീഷ്യല്‍ നിയമന കമ്മീഷന് ബില്‍ (എന്‍ജെഎസി) പാര്‍ലമെന്റിലെ ഇരുസഭകളും പാസാക്കുകയുമുണ്ടായി. ഇതിന് 20 സംസ്ഥാന നിയമസഭകള്‍ അംഗീകാരവും നല്കി. 2014 ഡിസംബര്‍ 31-ാം തീയതി രാഷ്ട്രപതിയും ഈ നിയമം അംഗീകരിച്ച് ഒപ്പു വച്ചു. 2015ഏപ്രില്‍ 13നു മുതല്‍ ദേശീയ ജുഡീഷ്യല്‍ കമ്മീഷന് നിലവില്‍ വന്നു.
ഈ കമ്മീഷന്റെ നിയമസാധ്യത ചോദ്യം ചെയ്തുകൊണ്ട് സുപ്രീംകോടതി അഡ്വക്കേറ്റ് ഓണ്‍ റെക്കാര്‍ഡ്സ് അസോസിയേഷനും മറ്റ് ചില സംഘടനകളും സുപ്രീം കോടതിയെ സമീപിച്ചു. ഈ കേസില്‍ ദേശീയ ജുഡീഷ്യല്‍ നിയമന കമ്മീഷന് രൂപീകരിക്കാന്‍ പാര്‍ലമെന്റ് പാസാക്കിയ നിയമവും, അതിനായി നടത്തിയ 99-ാം ഭരണഘടനാ ഭേദഗതിയും റദ്ദാക്കി ജെ.എസ്. ഖേഹര്‍ അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ജസ്റ്റിസ് ചെലമേശ്വറിന്റെ വിയോജനത്തോടുകൂടി വിധി പ്രഖ്യാപിച്ചു. ഈ നിയമം റദ്ദാക്കിയതോടുകൂടി നേരത്തെ ഉണ്ടായിരുന്ന കൊളീജിയം സംവിധാനം സ്വാഭാവികമായി പുനഃസ്ഥാപിക്കപ്പെടുകയും ചെയ്തു.
ജഡ്ജിമാര്‍ തന്നെ ജഡ്ജിമാരെ നിയമിക്കുകയും, സ്ഥാനക്കയറ്റം നല്‍കുകയും ചെയ്യുന്നതിലുള്ള സുതാര്യതയില്ലായ്മ അനുഭവങ്ങളിലൂടെ വ്യക്തമായപ്പോഴാണ് ജുഡീഷ്യല്‍ നിയമന കമ്മീഷന് രൂപീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. കൊളീജിയം നിയമിച്ച ജഡ്ജിമാരെക്കുറിച്ച് അഴിമതിയാരോപണങ്ങള്‍ ഉയര്‍ന്നുവരുകയും ചില വിധികളിന്മേല് സംശയത്തിന്റെ നിഴല്‍ പടരുകയും ചെയ്തു. മുന്‍ചീഫ് ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണനെ ചുറ്റിപ്പറ്റി അദ്ദേഹത്തിന്റെ അടുത്ത ബന്ധുക്കളുടെ സ്വത്തുസമ്പാദനരീതിയും അന്വേഷണവിധേയമായപ്പോള്‍ ജുഡീഷ്യറി അഴിമതിയിലേക്ക് നീങ്ങുന്നതായി സമൂഹത്തില്‍ സംസാരവിഷയമായി. സുപ്രീം കോടതി ജസ്റ്റിസായിരുന്ന കെ.ജി. ബാലകൃഷ്ണനും ബന്ധുക്കള്‍ക്കുമെതിരായ അഴിമതിക്കേസുകള്‍ എങ്ങുമെത്താതെ പോയതാണ് നാം കണ്ടത്. മദ്രാസില്‍ നടന്നൊരു യോഗത്തില്‍ മറ്റൊരു മുന്‍ ചീഫ് ജസ്റ്റിസ് ജുഡീഷ്യറിയിലെ ഇരുപതുശതമാനം ന്യായാധിപന്മാരും അഴിമതിക്കാരാണെന്ന് പറയുകയും ചെയ്തു. നിലനില്‍ക്കുന്ന കൊളീജിയത്തിന്റെ ന്യായാധിപതി നിയമനം പക്ഷപാതപരമാണെന്ന് ആക്ഷേപവും ഉയര്‍ന്നു. ഇതിന്റെയൊക്കെ അടിസ്ഥാനത്തിലാണ് ജുഡീഷ്യല്‍ നിയമന കമ്മീഷന് നിയമം കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്നത്. ഈ നിയമത്തിലൂടെ നിലവില്‍ വരുമായിരുന്നത് ചീഫ് ജസ്റ്റിസും, സുപ്രീംകോടതിയിലെ രണ്ട് മുതിര്‍ന്ന ജഡ്ജിമാരും, കേന്ദ്രനിയമമന്ത്രിയും, രണ്ടു പ്രമുഖ വ്യക്തികളും അടങ്ങുന്ന ദേശീയ ജുഡീഷ്യല്‍ നിയമന കമ്മീഷനാണ്. ചീഫ് ജസ്റ്റിസും, പ്രധാനമന്ത്രിയും, പ്രതിപക്ഷനേതാവും അടങ്ങുന്ന സമിതിയാണ് രണ്ടു പ്രമുഖ വ്യക്തികളെ നിര്‍ദ്ദേശിക്കേണ്ടത്. മൂന്നുവര്‍ഷമാണ് ഇവരുടെ കാലാവധി.
പാര്‍ലമെന്റ് പാസാക്കിയ ഇത്തരമൊരു ജുഡീഷ്യല്‍ നിയമന കമ്മീഷനെയാണ് ഭരണഘടനാവിരുദ്ധമെന്ന് ആരോപിച്ച് റദ്ദാക്കിയത്. ഇതോടുകൂടി ചീഫ് ജസ്റ്റിസും, സുപ്രീം കോടതിയിലെ നാല് മുതിര്‍ന്ന ജഡ്ജിമാരുമടങ്ങുന്ന നേരത്തെയുണ്ടായിരുന്ന കൊളീജിയത്തെ സുപ്രീം കോടതി വീണ്ടും മടക്കിക്കൊണ്ടുവന്നു. ഇരു പാര്‍ലമെന്റുകളും പാസ്സാക്കിയ നിയമം ഭരണഘടനാ വിരുദ്ധമെന്ന് പറഞ്ഞ് റദ്ദാക്കിയ ഭരണഘടനാ ബെഞ്ച്, കൊളീജിയം സംവിധാനത്തെക്കുറിച്ച് ഭരണഘടന നേരിട്ടോ അല്ലാതെയൊ പരാമര്ശിക്കുന്നില്ലായെന്ന കാര്യം സൗകര്യപൂര്‍വ്വം മറച്ചുപിടിക്കുകയും ചെയ്തു. ഈ മറച്ചുപിടിക്കലിലൂടെ 1993 മുതല്‍ 22 വര്‍ഷക്കാലം ജഡ്ജിമാരുടെ നിയമനത്തിനും സ്ഥലംമാറ്റത്തിനുമായി ഈ രാജ്യത്ത് നിലനിന്നിരുന്ന കൊളീജിയം സമ്പ്രദായം വീണ്ടും നിലവില്‍ വന്നു.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യയുടെ നിയമ നിര്‍മ്മാണസഭകള്‍ സമൂഹത്തിന്റെ പൊതുനന്മയിലും പൊതുപ്രശ്നങ്ങളിലും ഊന്നി പാസ്സാക്കുന്ന നിയമങ്ങള്‍ റദ്ദാക്കാന്‍ തുടങ്ങിയാല്‍ ജനാധിപത്യം അപകടത്തിലാകും. കോടതിക്ക് പാര്‍ലമെന്ററി ജനാധിപത്യത്തെ ചോദ്യം ചെയ്യാം. എന്നാല്‍ കോടതിയ്ക്കുമേല്‍ ജനാധിപത്യം ബാധകമാക്കരുതെന്ന മനോഭാവമാണ് ഈ വിധിയിലൂടെ കോടതി പ്രകടിപ്പിച്ചിരിക്കുന്നത്. നിയമനിര്‍മ്മാണ സഭകളുടെ അവകാശത്തിനും, തീരുമാനങ്ങള്‍ക്കും മുകളിലാണ് തങ്ങളുടെ അവകാശങ്ങളും, തീരുമാനങ്ങളുമെന്ന് ഈ വിധിയിലൂടെ കോടതി സ്ഥാപിച്ചെടുത്തിരിക്കുകയാണ്. ഇത് പാര്‍ലമെന്ററി ജനാധിപത്യത്തെ ചോദ്യം ചെയ്യലാണ്. ജനങ്ങളുടെ മുഴുവന്‍ പങ്കാളിത്തത്തോടെ പ്രതിനിധികളെ തിരഞ്ഞെടുക്കുന്ന നിയമനനിര്മ്മാണ സഭകള്‍ക്കാണ് ജനാധിപത്യക്രമത്തില്‍ സുപ്രധാന പങ്കെന്ന് ന്യായാധിപന്മാര്ക്ക് അറിയാത്തതുകൊണ്ടല്ല. എങ്കിലും ഞങ്ങളാണ് എല്ലാത്തിനും മീതെയെന്ന് സമൂഹത്തെ ബോധ്യപ്പെടുത്തുവാനുള്ള കോംപ്ലക്സാണ് കോടതിയില്‍ നിന്നും പ്രകടമായിരിക്കുന്നത്. ബ്രിട്ടണ് മാതൃകയാക്കിയാണ് നാം ഭരണഘടന നിര്‍മ്മിച്ചിരിക്കുന്നത്. അവിടെ ജഡ്ജിയെ തെരഞ്ഞെടുക്കുന്നതിന് സുതാര്യവും, ജനാധിപത്യപരവുമായ രീതിയാണ് അവലംബിച്ചിരിക്കുന്നത്.
എക്സിക്യൂട്ടീവിനെ തെരഞ്ഞെടുക്കുന്നതിനു യുപിഎസ്സി, പിഎസ്സി പോലുള്ള സംവിധാനങ്ങളുണ്ട്. നിയമനിര്‍മ്മാണസഭയിലെ അംഗങ്ങളെ തെരഞ്ഞെടുക്കാനായി ഇലക്ഷന് കമ്മീഷന്റെ ഉത്തരവാദിത്വത്തിലും മേല്‍നോട്ടത്തിലും ജനങ്ങളുണ്ട്. നിയമനിര്‍മ്മാണ സഭകള്‍ പൂര്‍ണ്ണമായും ജനാധിപത്യപങ്കാളിത്തമുള്ള തെരഞ്ഞെടുപ്പിലൂടെയാണ് രൂപം കൊള്ളുന്നത്. ജുഡീഷ്യറിയിലേക്കുള്ള തെരഞ്ഞെടുപ്പിന് മാത്രം മറ്റൊരു സംവിധാനവും വേണ്ടന്നും, ഞങ്ങള്‍തന്നെ ഞങ്ങളെ തീരുമാനിച്ചുകൊള്ളാമെന്നും പറയുന്നതില്‍ എന്തു ന്യായമാണുള്ളത്? ജഡ്ജിമാരുടെ നിയമനവും സ്ഥാനക്കയറ്റവും ഞങ്ങള്‍ തന്നെ നിശ്ചയിച്ചുകൊള്ളാമെന്നു പറയുന്നതിന്റെ സാംഗത്യമെന്താണ്? തങ്ങളെ നിയമിക്കുന്നത് തങ്ങള്‍ തന്നെയായിരിക്കണമെന്ന് ശഠിക്കുന്നത് ജനാധിപത്യത്തോടും ഭരണഘടനയോടുമുള്ള വെല്ലുവിളിയാണ്. അവസാനവാക്കായി വിധി പറയുന്ന പരമോന്നത നീതിപീഠം അവരുടെ കാര്യം വന്നപ്പോള്‍ സങ്കുചിതചിന്ത ഉള്‍ക്കൊണ്ടാണ് വിധി പറഞ്ഞിരിക്കുന്നത്.
ചീഫ് ജസ്റ്റിസും സുപ്രീംകോടതിയിലെ നാല് മുതിര്‍ന്ന ജഡ്ജിമാരും അടങ്ങുന്ന കൊളീജിയത്തിലെ പോരായ്മകള്‍ പരിഹരിച്ച് മെച്ചപ്പെടുത്തണമെന്നാണ് വിധിയില്‍ പറയുന്നത്. എത്ര മെച്ചപ്പെടുത്തിയാലും കൊളീജിയത്തില്‍ മുഴുവനും ന്യായാധിപന്മാര്ക്കല്ലാതെ മറ്റാര്‍ക്കെങ്കിലും സ്ഥാനമുണ്ടോ? ഘടന മാറാതെ ഏകപക്ഷീയമായി ജഡ്ജിമാരുടെ പൂര്‍ണ്ണനിയന്ത്രണത്തില്‍ നിലനിറുത്തിക്കൊണ്ടുള്ള മെച്ചപ്പെടുത്തല്‍ എന്തു ഫലം നല്‍കും? ദേശീയ ജുഡീഷ്യല്‍ നിയമന കമ്മീഷനില്‍ പോരായ്മകളുണ്ടെങ്കില്‍, അത് ചൂണ്ടിക്കാണിച്ച് പരിഷ്ക്കരിക്കണമെന്ന് നിര്‍ദ്ദേശിക്കുകയാണ് വേണ്ടിയിരുന്നത്.
ദേശീയ ജുഡീഷ്യല്‍ നിയമന കമ്മീഷന് നിയമത്തിനായി ആവിഷ്ക്കരിച്ച 99-ാം ഭരണഘടനാ ഭേദഗതിയും അതിനെ തുടര്‍ന്ന് കൊണ്ടുവന്ന നിയമവും റദ്ദാക്കിയ വിധി ജഡ്ജിമാര്‍ ജഡ്ജിമാര്‍ക്കുവേണ്ടി പുറപ്പെടുവിച്ച വിധിയാണ്. പാര്‍ലമെന്ററി ജനാധിപത്യത്തിന് അതീതമാണ് തങ്ങളെന്ന ഭാവത്തിനെയും, പാര്‍ലമെന്ററി വ്യവസ്ഥയിലൂടെ പാസ്സാക്കിയ ഒരു നിയമത്തെ തങ്ങള്‍ക്കുവേണ്ടി മാത്രം മാറ്റിയെടുത്ത മനോഭാവത്തെയും പൊതുസമൂഹത്തിനു അംഗീകരിക്കാനാവില്ല. പാര്‍ലമെന്ററി ജനാധിപത്യത്തെ അംഗീകരിക്കാനായി ജഡ്ജിമാര്‍ക്കുവേണ്ടി കോടതി വിധിയിലൂടെ സൃഷ്ടിച്ചെടുത്ത കൊളീജിയം സമ്പ്രദായം അവസാനിപ്പിക്കുകയും 99-ാം ഭരണഘടനാ ഭേദഗതിയെയും അതിനെ തുടര്‍ന്നുണ്ടായ ദേശീയ ജുഡീഷ്യല്‍ നിയമന കമ്മീഷനെയും കോടതി അംഗീകരിക്കുകയാണ് വേണ്ടത്. അതിനായി കൊളീജിയം നിലനിര്‍ത്തിക്കൊണ്ടു പോകാനുള്ള വിധി പുനഃപരിശോധിക്കുകതന്നെ വേണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: