അഡ്വ.കെ.ശ്രീകാന്ത്
(ബിജെപി സംസ്ഥാന സെക്രട്ടറിയാണ് ലേഖകന്‍)
കേരളത്തിന്റെ സാമ്പത്തിക തകര്‍ച്ചയ്ക്ക് കേന്ദ്രത്തിന്റെ നയമാണ് കാരണമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ വിലാപം. മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി കെ.എന്‍. ബാലഗോപാലും നിയമസഭയ്ക്കകത്തും പുറത്തും അതാവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. മോദി സര്‍ക്കാര്‍ കേരളത്തെ ഞെരിക്കുകയാണെന്നാണ് ഇടതുപക്ഷത്തിന്റെ ആരോപണം. ഇത് അടിസ്ഥാനരഹിതമായ ആരോപണമാണെന്ന് വസ്തുതകള്‍ പരിശോധിച്ചാല്‍ മനസ്സിലാക്കാം.
നിയമസഭയില്‍ ധനമന്ത്രി ബാലഗോപാല്‍ പറഞ്ഞത് 2014-15 ല്‍ മോദി സര്‍ക്കാര്‍ കേരളത്തിന് 7926.29 കോടി രൂപ കേന്ദ്രനികുതി വിഹിതമായും, 7507.99 കോടി രൂപ കേന്ദ്ര ഗ്രാന്റായും, അങ്ങനെ ആകെ 15,434.28 കോടി രൂപ നല്‍കിയിട്ടുണ്ടെന്നും എന്നാല്‍ യുപിഎ ഭരണകാലത്ത് ഇത് യഥാക്രമം 5990.36, 3709.22, അങ്ങനെ ആകെ 9699.58 കോടി രൂപയും മാത്രമാണ് എന്നാണ്. പിന്നീടുള്ള ഓരോ സാമ്പത്തിക വര്‍ഷവും കൂടുതല്‍ പണം മോദി സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ടെന്നും ധനമന്ത്രി വ്യക്തമാക്കുന്നുണ്ട്.
അദ്ദേഹം രേഖാമൂലം നല്കിയ കണക്ക് ഇങ്ങനെയാണ്: 2015- 16 ല്‍,നികുതി വിഹിതം: 12,690.67, ഗ്രാന്റ്: 8,121. 35,ആകെ: 21,612.02. 2016-17 ല്‍: നികുതി വിഹിതം: 15,225.02, ഗ്രാന്റ്: 8510.35, ആകെ: 23,360.92 കോടി രൂപ. 2017-18 ല്‍ നികുതി വിഹിതം: 16,833.08, ഗ്രാന്റ്: 8,527.84, ആകെ: 25,360.92 കോടി രൂപ. 2018-19ല്‍: നികുതി വിഹിതം: 19,038.17, ഗ്രാന്റ്: 11388.96. ആകെ: 30427.13 കോടി രൂപ. 2021-22 ല്‍ നികുതി വിഹിതം: 17,820.09, ഗ്രാന്റ്: 30017.12, ആകെ: 47837.21 കോടി രൂപയാണ്.
2020-21 ലെ കേന്ദ്ര സഹായം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. കൊവിഡും ലോക്ഡൗണും കാരണം സ്വാഭാവികമായും നികുതി വരുമാനം ഗണ്യമായി കുറഞ്ഞ സാമ്പത്തികവര്‍ഷത്തില്‍ കേരളത്തിന് ലഭിച്ചത് 11,560.40 കോടിയുടെ വിഹിതമാണ്. മൊത്തം നികുതി പിരിവിന്റെ ആനുപാതികമായിട്ടാണ് അതു നല്‍കുന്നത്. അതേ സമയം രാജ്യത്ത് മൊത്തത്തില്‍ നികുതി വരുമാനം കുറഞ്ഞ ആ വര്‍ഷം കേന്ദ്രം ഗ്രാന്റ് നല്കിയതാവട്ടെ സര്‍വകാല റെക്കാര്‍ഡ് തുക. 31,068.28 കോടി. 2021 -22 ല്‍ സംസ്ഥാന വിഹിതമായി 17820.09 കോടി രൂപ ലഭിച്ചു. കേന്ദ്ര ഗ്രാന്റായി 30017.12 കോടി രൂപ നല്കി. അപ്പോള്‍ മോദി സര്‍ക്കാര്‍ എവിടെയാണ് കേരളത്തിന്റെ തുക വെട്ടിക്കുറച്ചിട്ടുള്ളത്?.
മറ്റൊരു കണക്കു കൂടി പരിശോധിക്കാം, നിയമസഭയിലെ അംഗമായ ഐ.സി. ബാലകൃഷ്ണന്റെ ചോദ്യത്തിന് മറുപടിയായി ധനമന്ത്രി ബാലഗോപാലന് പറഞ്ഞത് 15-ാം ധനകാര്യ കമ്മീഷന്റെ ശുപാര്‍ശ പ്രകാരം സംസ്ഥാനത്തിന്റെ റവന്യൂ കമ്മി കേന്ദ്ര ഗ്രാന്റ് ഇനത്തില്‍ വകയിരുത്തിയ തുക മുഴുവനും ലഭിച്ചു എന്നാണ്. 2020-21 ല്‍ 15,353 കോടിയും 2021-22 ല്‍ 19,891 കോടി രൂപയും ലഭിച്ചു. 2020-21 മുതല്‍ 2025-26 വരെയുള്ള അഞ്ച് വര്‍ഷ കാലയളവില്‍ 15-ാം ധനകാര്യ കമ്മീഷന് കേരളത്തിന് നല്കാന് ശുപാര്‍ശ ചെയ്തത് ആകെ തുക 53,137 കോടി രൂപയാണ്. അതില്‍ 39,605.33 കോടി രൂപ 2022 ജൂലായ് മാസത്തിനകം കേരളം കൈപ്പറ്റിയെന്നും ധനമന്ത്രി പറയുമ്പോള്‍ എവിടെയാണ് കേന്ദ്ര അവഗണന?
കേരളത്തോട് കേന്ദ്രം ചിറ്റമ്മനയം കാണിക്കുന്നുവെന്നും മറ്റു സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ തുക അനുവദിക്കുന്നുമെന്നുള്ള വാദം കളവാണെന്ന് മനസിലാക്കാന്‍ ധനമന്ത്രിയുടെ നിയമസഭയിലെ മറുപടി മാത്രം മതിയാകും. അദ്ദേഹം അറിയിച്ചതു പോലെ ആന്ധ്രപ്രദേശിനു 36,394 കോടി രൂപ, പഞ്ചാബിന് 33,027, കര്‍ണ്ണാടക 1,631 കോടി, രാജസ്ഥാന് 14,740, തമിഴ്നാട് 6229. പശ്ചിമ ബംഗാളിന് 45,128 കോടി രൂപ, എന്നിങ്ങനെ അനുവദിച്ചപ്പോള്‍ ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശ്, ഗുജറാത്ത്, ഗോവ, ആസ്സാം തുടങ്ങിയ സംസ്ഥാനങ്ങള്‍ക്ക് ഒരു രൂപയും നീക്കി വച്ചിട്ടില്ല. കേരളത്തിനാണ് ഏറ്റവും കൂടുതല്‍ തുക വകയിരുത്തിയത്. 53,137 കോടി രൂപ.
സംസ്ഥാനങ്ങള്‍ക്ക് നികുതി വിഹിതം ഭരണഘടനയുടെ 280-ാം വകുപ്പ് പ്രകാരം നിയമിക്കുന്ന ധനകാര്യ കമ്മീഷന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് നല്‍കുക. 15-ാം ധനകാര്യ കമ്മീഷന് ശുപാര്‍ശ ചെയ്ത പണം കേരളത്തിന് യഥാസമയം കിട്ടിയിട്ടുണ്ട്. ജിഎസ്ടി വരുമാന നഷ്ടവും അതുപോലെയാണ് നല്‍കുക. അവിടെ ഒരിടത്തും മോദി സര്‍ക്കാര്‍ സംസ്ഥാനങ്ങളോട് യാതൊരു തരത്തിലുള്ള വിവേചനവും കാണിച്ചിട്ടില്ല. സംസ്ഥാനങ്ങള്‍ക്കുള്ള നികുതി വിഹിതവും ഗ്രാന്റും വര്‍ദ്ധിപ്പിച്ച കാര്യം കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മലാ സീതാറാം പാര്‍ലമെന്റില്‍ അറിയിച്ചിട്ടുണ്ട്.
യുപിഎ സര്‍ക്കാര്‍ ഭരിച്ചിരുന്ന 2009-10 മുതല്‍ 2013-14 വരെ സംസ്ഥാനത്തിന് നികുതി വിഹിതമായി 29,840.32 കോടി രൂപയാണ് നല്‍കിയത്. കേന്ദ്ര ഗ്രാന്റ് 4603.12 കോടി, കേന്ദ്ര പദ്ധതിക്കായി 17407.28 കോടിയും 3207.88 കോടി രൂപയും മറ്റുപദ്ധതികള്‍ക്കായും മൊത്തം 55058.60 കോടി രൂപയും നല്കിയപ്പോള് മോദി സര്‍ക്കാര്‍ ഈ ഇനത്തില്‍ 2014-15 മുതല്‍ 2122 വരെ അനുവദിച്ച തുക യഥാക്രമം 81652.78, 46422,68, 34329.23 ഉം 67439.70 കോടി രൂപ. ആകെ 2,29,844.38കോടി രൂപ മോദി സര്‍ക്കാര്‍ കേരളത്തിന് 2022 വരെ നല്കി. യുപിഎയുടെ കാലത്ത് 55058.60 കോടിയില്‍ നിന്ന് മോദി സര്‍ക്കാര്‍ സുമാര്‍ നാലിരട്ടി നല്കി.
മുഖ്യമന്ത്രിയും ധനമന്ത്രിയും ഉന്നയിക്കുന്ന മറ്റൊരു ആക്ഷേപം കേന്ദ്രസര്‍ക്കാര്‍ നികുതി വിഹിതം 42% ത്തില്‍ നിന്ന് 41 % മായി കുറച്ചു എന്നാണ്. പക്ഷേ അതേ സമയത്ത് മോദി സര്‍ക്കാര്‍ ആണ് 32 % ത്തില്‍ നിന്ന് 42% ആക്കി സംസ്ഥാന നികുതി വിഹിതം ഉയര്‍ത്തിയത് എന്ന് അവര്‍ ബോധപൂര്‍വ്വം വിസ്മരിക്കുന്നു. ഈ കുറച്ച ഒരു ശതമാനം വിഹിതം ജമ്മുകാശ്മീരിന്റെ പ്രത്യേകാധികാരം എടുത്തുകളഞ്ഞതുകൊണ്ട് ആ സംസ്ഥാനത്തിന് ന്യായമായും നല്‍കേണ്ട വിഹിതം മോദി സര്‍ക്കാര്‍ ജമ്മു കാശ്മീരിന് നല്‍കുന്നുവെന്ന് മാത്രം.
ഇടതുപക്ഷത്തിന്റെ മറ്റൊരു ആരോപണം കേന്ദ്രസര്‍ക്കാര്‍ കടമെടുക്കാന്‍ അനുവദിക്കുന്നില്ല എന്നാണ്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കടം വാങ്ങുന്നതിന് മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ടുള്ള സാമ്പത്തിക സ്ഥിതി ഭദ്രമാക്കുന്ന നിയമം (Fiscal Responsibility and Budget Management Act 2003) രാജ്യത്ത് നിലവിലുണ്ട്. അതുപ്രകാരം മാത്രമേ കടം വാങ്ങാന്‍ സാധിക്കുകയുള്ളൂ. ഈ നിയമപ്രകാരം സംസ്ഥാനത്തിന്റെ ജിഎസ്ഡിപിയുടെ 29 ശതമാനമാണ് സംസ്ഥാന കടമെടുക്കല്‍ പരിധി. പക്ഷേ കേരളം ഇതിനകം ജിഎസ്ഡിപിയുടെ 39.1 ശതമാനം കടം എടുത്തു കഴിഞ്ഞു. നിലവിലെ 29% ത്തില്‍ നിന്ന് 20% ആക്കി കുറയ്ക്കണം എന്നാണ് സാമ്പത്തികവിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. അങ്ങനെയിരിക്കെയാണ് പിണറായി സര്‍ക്കാര്‍ കൂടുതല്‍ കടം എടുക്കാന്‍ ശ്രമിക്കുന്നത്.
ഇടതുപക്ഷം ഭരിക്കുന്ന കേരള സര്‍ക്കാരിന് കടമെടുക്കാന്‍ ബിജെപി സര്‍ക്കാര്‍ അനുവദിക്കില്ല എന്നത് ദുഷ്പ്രചരണമാണ്. യുപിഎ സര്‍ക്കാര്‍ കേന്ദ്രം ഭരിക്കുമ്പോള്‍ യുഡിഎഫ് സര്‍ക്കാര്‍ സംസ്ഥാനം ഭരിക്കുന്ന 2013-14 കേരളത്തിന് വായ്പ വാങ്ങാന്‍ അനുവദിച്ച തുക 12397 കോടി രൂപയും വായ്പ തിരിച്ചടവ് വേണ്ടിയുള്ള അനുമതി കൂടിച്ചേരുമ്പോള്‍ 20336.37 കോടി രൂപ മാത്രമാണ്. അത് ജിഎസ്ഡിപിയുടെ 29.1% ആയിരുന്നു. എന്നാല്‍ പിണറായി സര്‍ക്കാര്‍ ഈ വര്‍ഷം ജിഎസ്ഡിപിയുടെ 39.1 % കടം വാങ്ങി കഴിഞ്ഞു. കേന്ദ്ര അനുമതിയില്ലാതെ ഈ ഭീമമായ തുക കടം വാങ്ങാന്‍ സാധിക്കില്ല എന്നുള്ളത് പ്രത്യേകം പറയേണ്ടതില്ലല്ലോ?
1957ല്‍ കേരളത്തിന്റെ പൊതുകടം 34 കോടി രൂപയായിരുന്നു. 2006-07 ല്‍ അത് 3946 കോടിയായി. 2011 ല്‍ അത് 78,673.23 കോടിയായും 2013-14 ല്‍ 117595.70 കോടി രൂപയായി. ഇപ്പോള്‍ റിസര്‍വ് ബാങ്ക് പുറത്തുവിട്ട പഠന റിപ്പോര്‍ട്ട് പ്രകാരം കേരളത്തിന്റെ കടം 3.90 ലക്ഷ്യം കോടി രൂപയില്‍ എത്തിനില്‍ക്കുന്നു. മേല്‍ സൂചിപ്പിച്ചതെല്ലാം ആധികാരികമായ രേഖകളുടെ അടിസ്ഥാനത്തിലാണ്. മോദി സര്‍ക്കാര്‍ കേരളത്തോട് വിവേചനം കാണിക്കുന്നു എന്ന വാദം മുന്‍നിര്‍ത്തി സംസ്ഥാനത്തെ കെടുകാര്യസ്ഥതയും ധൂര്‍ത്തും അഴിമതിയും മറച്ചുവെക്കാന്‍ നികുതി വര്‍ദ്ധിപ്പിച്ചും അനാവശ്യ സെസ്സുകള്‍ ചുമത്തിയും ജനങ്ങളുടെ മേല്‍ അധികഭാരം അടിച്ചേല്‍പ്പിക്കുകയാണ് പിണറായും കൂട്ടരും. നുണകളുടെ പെരുമഴ പെയ്യിച്ച് സ്വന്തം പരാജയം മറച്ചുവെക്കാനാണ് പിണറായി സര്‍ക്കാര്‍ ശ്രമിക്കുന്നത്. ജനങ്ങള്‍ ഇത് തിരിച്ചറിഞ്ഞ് കേന്ദ്രസര്‍ക്കാരിനെതിരെ നടത്തുന്ന കള്ളപ്രചരണം തള്ളിക്കളയുതന്നെ ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: