സംഭവബഹുലവും പറഞ്ഞുതീര്ക്കാനാവാത്തതുമായ ഒരു ജീവിതകഥയുടെ ഉടമയാണ് സമുദായാചാര്യന്‍ മന്നത്ത് പത്മനാഭന്. മന്നത്തിന്റെ അന്യാദൃശമായിരുന്ന വ്യക്തിത്വത്തെയും ജീവിതത്തെയും കുറിച്ച് പലരും എഴുതിയിട്ടുണ്ടെങ്കിലും അവരൊക്കെ അദ്ദേഹത്തെ കണ്ടത് അവരവരുടെ കാഴ്ചപ്പാടുകള്‍ക്കനുസരിച്ച് മാത്രമായിരുന്നു. എന്നാല്‍ അതിനൊക്കെ ഉപരിയായിരുന്നു മന്നത്തിന്റെ വ്യക്തിത്വവും സംഭാവനകളുമെന്ന് ഗ്രന്ഥകാരന് വിലയിരുത്തുന്നു.
മന്നത്തിന്റെ ജീവിതം ഒരു കാലഘട്ടത്തിലെ മലയാള നാടിന്റെ ചരിത്രം തന്നെയാണ്. ഹരിജനോദ്ധാരണം, സാമൂഹ്യ പരിഷ്കരണം, സ്വാതന്ത്ര്യസമരം, പ്രാദേശിക രാഷ്ട്രീയം എന്നിവയില്‍ കേരളത്തില്‍ അരനൂറ്റാണ്ടില്‍ ഉണ്ടായ എല്ലാ മുന്നേറ്റങ്ങളുടെയും ചരിത്രമാണത്. ഭൂതകാലത്തിന്റെ ആലസ്യത്തില്‍ മയങ്ങിക്കിടന്ന ഒരു വലിയ സമുദായം ആധുനികതയിലേക്ക് കുതിച്ചുയര്‍ന്നതിന്റെ ചരിത്രവുമാണ് മന്നത്തിന്റെ ജീവിതകഥ.
ലാളിത്യവും ആത്മാര്‍ത്ഥത നിറഞ്ഞതുമായ പ്രഭാഷണചാതുരി, പരിമിതമെങ്കിലും പ്രൗഢമായ സാഹിത്യ സംഭാവനകള്‍, വിപ്ലവകാരി, കഠിനാധ്വാനി, ദുരിതപൂര്‍ണമായ ബാല്യ, യൗവന കാലങ്ങള്‍ എന്നിങ്ങനെ അദ്ദേഹത്തിന്റെ ജീവിതത്തെ അതിസൂക്ഷ്മമായി അനാവരണം ചെയ്യുകയാണ് ഗ്രന്ഥകാരനായ ഡോ. അനില്‍കുമാര്‍ വടവാതൂര്‍. ശതകോടികളുടെ സ്വത്ത് എന്‍എസ്എസ് എന്ന മഹാപ്രസ്ഥാനത്തിന് സമ്പാദിച്ചു നല്കി അനശ്വരതയിലേക്ക് മടങ്ങുമ്പോള്‍ മന്നത്തിന് സ്വന്തമായി ശേഷിച്ചിരുന്നത് ഒരു ഊന്നുവടിയും ചെരിപ്പും കണ്ണടയും പേനയും മാത്രമായിരുന്നു.
കേരളത്തെ സംബന്ധിച്ചിടത്തോളം മന്നം മറ്റ് പലതുമായിരുന്നു. അനാചാരങ്ങളുടെ അന്ധകാരത്തില്‍ പൂണ്ടുകിടന്ന ഹിന്ദുജനതയെ അദ്ദേഹം തട്ടിയുണര്‍ത്തി. അയിത്തവും അനാചാരങ്ങളും കൊണ്ട് പൊറുതിമുട്ടിയ അധ:സ്ഥിതരെ കൈപിടിച്ചുയര്‍ത്തി. അനാചാരങ്ങള്‍ക്കെതിരായി നടന്ന വൈക്കം, ഗുരുവായൂര്‍ സത്യഗ്രഹങ്ങളുടെ മുന്നണി പോരാളിയായി. ക്ഷേത്രപ്രവേശന വിളംബരത്തിന് തിരികൊളുത്തിയ സവര്‍ണ ജാഥയുടെ സര്‍വസൈന്യാധിപസ്ഥാനം വഹിച്ചു. ഹിന്ദു സമുദായങ്ങളുടെ ഒരുമയിലൂടെ മാത്രമേ ഭാരതത്തിന് പുരോഗതിയുണ്ടാവുകയുള്ളൂ എന്ന് ഉറച്ചു വിശ്വസിച്ച വ്യക്തിയായിരുന്നു മന്നത്തു പത്മനാഭന്.
അതേസമയം, മന്നം ഒരിക്കലും ഒരു സമുദായത്തിന് വേണ്ടി മാത്രമല്ല ജീവിച്ചിരുന്നത് എന്നതും ശ്രദ്ധേയമാണ്. ”ഇന്ന് നായര്‍ക്ക് വേണ്ടി ഞാന്‍ പ്രവര്‍ത്തിക്കും, പിന്നെ ഹിന്ദുക്കള്‍ക്ക് വേണ്ടി, പിന്നെ രാഷ്ട്രത്തിനും സര്‍വ്വ സമുദായങ്ങള്‍ക്കു വേണ്ടിയുമായിരിക്കും എന്റെ പ്രവര്ത്തിപഥ”മെന്ന് അദ്ദേഹം ആവര്‍ത്തിച്ച് പ്രഖ്യാപിച്ചു. തിരുവിതാംകൂറിലും തിരുക്കൊച്ചിയിലും ഐക്യകേരളത്തിലുമൊക്കെ ജനകീയ മന്ത്രിസഭകള്‍ രൂപപ്പെടുത്തുന്നതില്‍ മുഖ്യപങ്കു വഹിച്ച മന്നം അവ ജനഹിതത്തിനും സമുദായത്തിനും ഭീഷണിയാണെന്ന് കണ്ടാല്‍ അതിനെതിരെ പ്രക്ഷോഭം നടത്തി മന്ത്രിസഭയെ പുറത്താക്കുന്നതിനും മടി കാണിച്ചിരുന്നില്ല.
എത്രത്തോളം ആഴത്തില്‍ പഠിച്ചാലും മനസിലാക്കിയെടുക്കാനാവാത്ത ജീവിതമാണ് മന്നത്തിന്റേത്. അതേസമയം, ശരിയായ രീതിയില്‍ പഠിക്കുകയോ ചരിത്രത്തില്‍ അടയാളപ്പെടുത്തുകയോ ചെയ്യപ്പെടാത്ത മഹച്ചരിതവും. സംഭവങ്ങള്‍ക്കും വ്യക്തികള്‍ക്കും പ്രാധാന്യം നല്കി സമുദായാചാര്യന്‍ ഭാരത കേസരി മന്നത്ത് പത്മനാഭന്റെ ചൈതന്യധന്യമായ ബഹുമുഖ വ്യക്തിത്വം പരിചയപ്പെടുത്താനുള്ള അതിവിദഗ്ധമായ ശ്രമമാണ് ഈ ഗ്രന്ഥം.
മന്നത്തിന്റെ വ്യക്തിത്വവും ലക്ഷ്യബോധവും അറിയാന്‍ സഹായിക്കുന്ന ഒട്ടേറെ ഉദ്ധരണികളും അത്യപൂര്‍വ ചിത്രങ്ങളും ഈ പുസ്തകത്തില്‍ ചേര്‍ത്തിരിക്കുന്നു. പത്മഭൂഷണ്‍ നല്കി രാഷ്ട്രം ആദരിച്ച മന്നത്ത് പത്മനാഭന്റെ നിഷ്കാമവും ത്യാഗപൂര്‍ണവുമായ ജീവിതവും സഞ്ചാരപഥങ്ങളും ബഹുമുഖ വ്യക്തിത്വവും അനാവരണം ചെയ്യുകയാണ് ഈ കൃതിയില്‍. വളരെ സാധാരണക്കാരനായ, ചൈതന്യധന്യമായ ആ ബഹുമുഖ വ്യക്തിത്വത്തെ പരിചയപ്പെടുത്താനുള്ള ഏറ്റവും മികച്ച പരിശ്രമമാണ് മന്നത്ത് പത്മനാഭന് എന്നുതന്നെ പേരിട്ടിരിക്കുന്ന ഈ ഗ്രന്ഥത്തിന്റെ പ്രത്യേകത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: