തിരുവനന്തപുരം: കേരളത്തില്‍ മയക്കുമരുന്നിന് ഇരകളായ 21 വയസ്സിന് താഴെയുള്ളവർക്കിടയിൽ നടത്തിയ സർവേയില്‍ അവരിൽ 40 ശതമാനം പേരും 18 വയസിന് താഴെയുള്ളവരാണെന്നാണ് കണ്ടെത്തല്‍.ഇവരില്‍ ഭൂരിഭാഗം പേരും പെണ്‍കുട്ടികളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മയക്കുമരുന്ന് റാക്കറ്റുകളില്‍പെടുന്ന ഇവരെ കാരിയറുകളായും ലഹരിമരുന്ന് മാഫിയ ഉപയോഗിക്കുന്നു.- വാര്‍ത്താ ഏജന്‍സിയായ പിടിഐ പുറത്തുവിട്ട പൊലീസ് സര്‍വ്വേ റിപ്പോര്‍ട്ടില്‍ പറയുന്നു.
സ്‌കൂളുകളുടെ പരിസരം ലഹരിമുക്തമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് സമീപമുള്ള തട്ടുകടകളിലും പെട്ടിക്കടകളിലും മറ്റുമായി പോലീസ് 18,301 ഇടങ്ങളില്‍ റെയ്ഡുകള്‍ നടത്തിയിരുന്നു. ഇതിനെ തുടർന്ന് 401 കേസുകളും പൊലീസ് രജിസ്റ്റര്‍ ചെയ്തു. റെയ്ഡില്‍ 462 പ്രതികളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 20.97 കിലോ കഞ്ചാവും 186.38 ഗ്രാം എംഡിഎംഎയും 1122.1 ഗ്രാം ഹാഷിഷും പൊലീസ് കണ്ടെത്തി.
‘നേരത്തെ ലഹരിമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട കേസുകള്‍ കോളേജുകളിലാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എന്നാല്‍ ഇപ്പോൾ സ്‌കൂളുകള്‍ കേന്ദ്രീകരിച്ചാണ് ലഹരി മരുന്ന് മാഫിയ പ്രവര്‍ത്തിക്കുന്നത്. അതില്‍പ്പെടുന്ന കുട്ടികളില്‍ ഭൂരിഭാഗം പേരും പെണ്‍കുട്ടികളാണ്,’ സംസ്ഥാന സര്‍ക്കാരിന്റെ ലഹരിവിരുദ്ധ ക്യാംപെയ്ന്റെ നോഡല്‍ ഓഫീസര്‍ കൂടിയായ എഡിജിപി എം.ആര്‍.അജിത്ത് കുമാര്‍ പറയുന്നു.
പെണ്‍കുട്ടികളെ ലഹരി റാക്കറ്റുകളിലേക്ക് വീഴ്‌ത്താനായി ലഹരി മരുന്ന് മാഫിയയ്‌ക്കായി ചില സ്ത്രീകളും പ്രവര്‍ത്തിക്കുന്നു. പെണ്‍കുട്ടികളുമായി സൗഹൃദം നടിച്ച ശേഷം അവരെ ലഹരി ഉപയോഗിക്കാനായി പ്രേരിപ്പിക്കുകയാണ് ഈ സ്ത്രീകള്‍. പലപ്പോഴും ആണ്‍കുട്ടികളെ ഉപയോഗപ്പെടുത്തിയും അവരുടെ കാമുകിമാരെ മയക്കുമരുന്ന് കെണിയിലേക്ക് വീഴ്‌ത്തുന്നുണ്ട്”- ഡിജിപി എം.ആര്‍.അജിത്ത് കുമാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: