ന്യൂദല്‍ഹി: രാജ്യത്തിന്റെ സാമ്പത്തിക കുതിപ്പിന് ഉത്തേജനം പകരുന്ന ദല്‍ഹി – മുംബൈ അതിവേഗപാതയുടെ ആദ്യഘട്ടം പൂര്‍ത്തിയായി. സോഹ്ന – ദൗസ ഭാഗത്തിന്റെ നിര്‍മ്മാണമാണ് പൂര്‍ത്തിയായത്. 246 കിലോമീറ്റര്‍ വരുന്ന ഈ ഭാഗത്തിന്റെ നിര്‍മാണത്തിന് 12,150 കോടി രൂപയാണ് ചെലവിട്ടത്. ഈ പാത തുറക്കുന്നതോടെ ദല്‍ഹിയില്‍ നിന്ന് ജയ്പൂരിലേക്കുള്ള യാത്രാസമയം അഞ്ച് മണിക്കൂറില്‍ നിന്ന് 3.5 മണിക്കൂറായി കുറയും. പാത പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും.
ദല്‍ഹി- മുംബൈ അതിവേഗ പാതയുടെ ആകെ നീളം 1,386 കിലോമീറ്ററാണ്. നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ ഇന്ത്യയിലെ തന്നെ ഏറ്റവും നീളം കൂടിയ അതിവേഗ പാതയാകുമിത്. എട്ട് വരി പാതയായാണ് നിര്‍മ്മാണം. ഭാവിയില്‍ 12 വരി വരെയായി ഉയര്‍ത്താം. ദല്‍ഹിയും മുംബൈയും തമ്മിലുള്ള യാത്രാദൂരം 1,424 കിലോമീറ്ററില്‍ നിന്ന് 1,242 കിലോമീറ്ററായി കുറയും. യാത്രാസമയം 24 മണിക്കൂറില്‍ നിന്ന് 12 മണിക്കൂറായി കുറയ്ക്കാനും പാത സഹായിക്കും. 2024ന് മുമ്പ് പാതയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
ദല്‍ഹി, ഹരിയാന, രാജസ്ഥാന്, മധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന അതിവേഗപാത കോട്ട, ഇന്‍ഡോര്‍, ജയ്പൂര്‍, ഭോപ്പാല്‍, വഡോദര, സൂറത്ത് തുടങ്ങിയ നഗരങ്ങളെ ബന്ധിപ്പിക്കും. 93 പിഎം ഗതിശക്തി ഇക്കണോമിക് നോഡുകള്‍, 13 തുറമുഖങ്ങള്‍, എട്ട് പ്രധാന വിമാനത്താവളങ്ങള്‍, എട്ട് മള്‍ട്ടി മോഡല്‍ ലോജിസ്റ്റിക് പാര്‍ക്കുകള്‍ എന്നിവയ്ക്കൊപ്പം നിര്‍മ്മാണം പുരോഗമിക്കുന്ന ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളങ്ങളായ ജെവാര്‍ എയര്‍പോര്‍ട്ട്, നവി മുംബൈ എയര്‍പോര്‍ട്ട്, ജെഎന്‍പിടി പോര്‍ട്ട് എന്നിവയ്ക്കും എക്സ്പ്രസ് വേ കരുത്താകും.
ദല്‍ഹി, ഹരിയാന, രാജസ്ഥാന്, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ നിന്നായി 15,000 ഹെക്ടര്‍ ഭൂമിയാണ് പാതയ്ക്കായി ഏറ്റെടുത്തത്. പാതയുടെ നിര്‍മ്മാണം പൂര്‍ത്തിയാകുമ്പോഴേക്കും 10 കോടി തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കും. 500 മീറ്റര്‍ ഇടവിട്ട് 2,000ലധികം മഴവെള്ള സംഭരണകേന്ദ്രങ്ങള്‍ സ്ഥാപിക്കും. 12 ലക്ഷം ടണ്‍ സ്റ്റീല്‍ പാതയ്ക്കായി ഉപയോഗിക്കേണ്ടിവരും. ഓട്ടോമേറ്റഡ് ട്രാഫിക് മാനേജ്മെന്റ് സംവിധാനം, 94 സ്ഥലങ്ങളില്‍ വഴിയോര വിശ്രമകേന്ദ്രങ്ങളും ഒരുക്കും
ദല്‍ഹി-മുംബൈ അതിവേഗപാത നിര്‍മ്മാണത്തിന് 25,000 ലക്ഷം ടണ്‍ ബിറ്റുമിന്‍ ഉപയോഗിച്ചെന്നും നാലായിരത്തിലധികം പരിശീലനം സിദ്ധിച്ച സിവില്‍ എന്‍ജിനീയര്‍മാര്‍ക്ക് ഒരേസമയം ജോലി ലഭിച്ചെന്നും കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി വ്യക്തമാക്കിയിരുന്നു. പാതയുടെ നിര്‍മ്മാണത്തിനിടെ രണ്ട് ലോക റിക്കാര്‍ഡുകളും സൃഷ്ടിക്കപ്പെട്ടു. 24 മണിക്കൂറിനുള്ളില്‍ ഏറ്റവും കൂടുതല്‍ അളവില്‍ കോണ്‍ക്രീറ്റ് മിശ്രിതം ഉപയോഗിച്ച് റോഡ് നിര്‍മ്മിച്ചതും നൂറു മണിക്കൂറിനുള്ളില്‍ ഏറ്റവും കൂടുതല്‍ അളവില്‍ ബിറ്റുമെന്‍ ഇട്ടതിനുമാണത്.
രണ്‍തമ്പോര്‍ വന്യജീവി സങ്കേതത്തിലൂടെ കടന്നുപോകുന്നതിനാല്‍ മൃഗങ്ങളുടെ സുരക്ഷയ്ക്ക് ഊന്നല്‍ നല്‍കിയാണ് നിര്‍മ്മാണം. മൃഗങ്ങള്‍ക്ക് കടന്നുപോകുന്നതിന് മൂന്ന് മേല്‍പ്പാലങ്ങളും അഞ്ച് അടിപ്പാതകളും ഉള്‍ക്കൊള്ളുന്ന ഇന്ത്യയിലെയും ഏഷ്യയിലെയും ആദ്യത്തെ അതിവേഗ പാതയാണിത്. പാതയുടെ നിര്‍മ്മാണം പൂര്‍ത്തിയായ ഭാഗത്തിന്റെ ചിത്രങ്ങളും ഗഡ്കരി സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. ഈ ചിത്രങ്ങളും ദൃശ്യങ്ങളും ഇതിനകം വൈറലായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: