നാഗ്പൂര്‍: ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫിയിലെ ആദ്യ ടെസ്റ്റ് മത്സരത്തില്‍ ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. മൂന്നാം ദിവസം ചായയ്ക്കു മുന്നേ ഇന്ത്യ വിജയം കണ്ടു. ഒരു ഇന്നിംഗ്സിനും 132 റണ്‍സിനുമാണ് ഓസീസിനെതിരായ ഇന്ത്യയുടെ ജയം. രണ്ടാം ഇന്നിംഗ്സില്‍ 5 വിക്കറ്റ് വീഴ്ത്തിയ അശ്വിനാണ് ഓസീസിനെ തകര്‍ത്തത്. രണ്ടാം ഇന്നിംഗ്സില്‍ വെറും 93 റണ്‍സ് ഓസ്ട്രേലിയ പുറത്തായി.
ഓസീസ് ഉയര്‍ത്തിയ ഒന്നാം ഇന്നിംഗ്സ് സ്കോറായ 177നെതിരെ ഇന്ത്യ 400 റണ്‍സ് നേടി. 120 റണ്‍സെടുത്ത ക്യാപ്ടന് രോഹിത് ശര്‍മ്മയായിരുന്നു ആദ്യ ഇന്നിംഗ്സിലെ ടോപ് സ്കോറര്‍. 84 റണ്‍സെടുത്ത അക്ഷര്‍ പട്ടേലും 70 റണ്‍സെടുത്ത രവീന്ദ്ര ജഡേജയും 37 റണ്‍സെടുത്ത മുഹമ്മദ് ഷമിയും ഓസീസ് ബൗളര്‍മാരെ സധൈര്യം നേരിട്ടു.
ജഡേജയുടെ 5 വിക്കറ്റ് പ്രകടനത്തിന്റെ കരുത്തിലാണ് ഒന്നാം ഇന്നിംഗ്സില്‍ ഇന്ത്യന്‍ ഓസ്ട്രേലിയയെ 177 റണ്‍സിന് പുറത്താക്കിയത്. 25 റണ്‍സുമായി പുറത്താകാതെ നിന്ന മുന്‍ ക്യാപ്ടന് സ്റ്റീവന്‍ സ്മിത്ത് ആണ് രണ്ടാം ഇന്നിംഗ്സിലെ ഓസീസിന്റെ ടോപ് സ്കോറര്‍. സ്മിത്തിനെ കൂടാതെ മൂന്ന് ഓസീസ് ബാറ്റ്സ്മാന്മാര്ക്ക് കൂടിയേ രണ്ടക്കം കടക്കാന്‍ സാധിച്ചുള്ളൂ. 5 വിക്കറ്റെടുത്ത അശ്വിന് മികച്ച പിന്തുണ നല്കിയ ജഡേജ രണ്ടാം ഇന്നിംഗ്സില്‍ 2 വിക്കറ്റ് വീഴ്ത്തി. ഷമിക്കും 2 വിക്കറ്റുണ്ട്. അക്ഷര്‍ പട്ടേലിന് ഒരു വിക്കറ്റ് ലഭിച്ചു. അരങ്ങേറ്റക്കാരന്‍ സ്പിന്നര്‍ ടോഡ് മര്‍ഫിയുടെ 7 വിക്കറ്റ് പ്രകടനം മാത്രമാണ് ഓസ്ട്രേലിയക്ക് ആശ്വസിക്കാനായി ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: