തിരുവനന്തപുരം: കണ്ണൂരിലെ ആയുര്‍വേദ റിസോര്‍ട്ടുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സമിതിയില്‍ പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗവും എല്‍ഡിഎഫ് കണ്‍വീനറുമായ ഇ.പി. ജയരാജനും സംസ്ഥാന കമ്മിറ്റി അംഗവും കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറിയുമായ പി. ജയരാജനും തമ്മില്‍ കൊമ്പുകോര്‍ത്തു. തനിക്കെതിരേ പി. ജയരാജന്‍ ഗൂഢാലോചന നടത്തുന്നതായി ഇ.പി. ജയരാജന്‍ ആരോപിച്ചു.ഇന്നലെ ചേര്‍ന്ന സംസ്ഥാന സമിതിയിലാണ് ഇരുവരും തമ്മില്‍ രൂക്ഷമായ വാഗ്വാദമുണ്ടായത്. കണ്ണൂര്‍ മൊറാഴയിലെ ആയുര്‍വേദ റിസോര്‍ട്ടുമായി ബന്ധപ്പെട്ട് താന്‍ ഉന്നയിച്ച ആരോപണം ഗൗരവമായി ചര്‍ച്ച ചെയ്യണമെന്ന് പി. ജയരാജന്‍ ആവശ്യപ്പെട്ടു. റിസോര്‍ട്ടിന്റെ മറവില്‍ ഇപി അനധികൃത സാമ്പത്തിക ഇടപാട് നടത്തിയെന്നും പി. ജയരാജന്‍ ആരോപിച്ചു.
ഇതോടെ പി. ജയരാജനെതിരേ ഇ പി രംഗത്തു വന്നു. തനിക്കെതിരേ ഉയര്‍ന്ന ആരോപണത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും റിസോര്‍ട്ടിന്റെ നിര്‍മാണഘട്ടം മുതലുള്ള എല്ലാ കാര്യങ്ങളും പി. ജയരാജന് അറിയാമായിരുന്നതായും ഇപി യോഗത്തില്‍ വിശദീകരിച്ചു. തനിക്കെതിരേ പാര്‍ട്ടിയില്‍ ബോധപൂര്‍വം നീക്കങ്ങള്‍ നടക്കുന്നുണ്ട്. കണ്ണൂരിലെ ആയുര്‍വേദ റിസോര്‍ട്ടുമായി തനിക്കു ബന്ധമില്ല. മകനും ഭാര്യക്കുമാണ് ബന്ധം. എല്ലാ കാര്യങ്ങളും പാര്‍ട്ടിയെ അറിയിച്ചാണ് ചെയ്തിരുന്നതെന്നും ഇ പി വിശദീകരിച്ചു. ഇതോടെ സംസ്ഥാന സമിതിയില്‍ ചേരിതിരിഞ്ഞ് ആരോപണ, പ്രത്യാരോപണങ്ങളായി. താന്‍ ഉന്നയിച്ച അതീവ ഗുരുതര ആരോപണങ്ങള്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ ഇ.പി. ജയരാജന്‍ നിഷേധിച്ചില്ലെന്നു പി. ജയരാജന്‍ പറഞ്ഞു.
വാഗ്വാദം രൂക്ഷമായതോടെ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ ഇടപെട്ടു. ആരാണ് ഗൂഢാലോചനയ്‌ക്ക് പിന്നിലെന്ന് വ്യക്തമാക്കാന്‍ ഇപിയോട് ആവശ്യപ്പെട്ടു. പി. ജയരാജനാണ് തനിക്കെതിരേ ഗൂഢാലോചന നടത്തിയതെന്നും ഇത് പാര്‍ട്ടിയെ നശിപ്പിക്കാനാണെന്നും അതിനാല്‍ പി. ജയരാജനെതിരേ അന്വേഷണം വേണമെന്നും ഇ.പി. ജയരാജന്‍ പറഞ്ഞു. ആരോപണം രേഖാമൂലം എഴുതി നല്കാന്‍ സംസ്ഥാന സെക്രട്ടറി ആവശ്യപ്പെട്ടു. ഏത് അന്വേഷണവും നേരിടാന്‍ താന്‍ തയ്യാറാണെന്ന് പി. ജയരാജനും പറഞ്ഞു.
ഇതോടെ ആരോപണത്തിലും ഗൂഢാലോചനയിലും രണ്ടു പേര്‍ക്കുമെതിരേ അന്വേഷണം നടത്താന്‍ സിപിഎം സംസ്ഥാന സമിതി തീരുമാനിച്ചു. ഗുരുതരമായ സാമ്പത്തിക ആരോപണമായതിനാല്‍ സംസ്ഥാന സെക്രേട്ടറിയറ്റ് വിഷയം അന്വേഷിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: