ചെന്നൈ: സംസ്ഥാനത്തുടനീളം പഥസഞ്ചലനം നടത്താന്‍ ആര്‍എസ്എസിന് അനുമതി നല്കാന്‍ മദ്രാസ് ഹൈക്കോടതി തമിഴ്‌നാട് സര്‍ക്കാരിനോടു നിര്‍ദേശിച്ചു. പഥസഞ്ചലനത്തിന് കടുത്ത നിയന്ത്രണങ്ങളോടെ അനുമതി കൊടുത്ത സിംഗിള്‍ ബെഞ്ച് വിധി റദ്ദാക്കിയ ജസ്റ്റിസ് ആര്‍. മഹാദേവന്‍, ജസ്റ്റിസ് മുഹമ്മദ് ഷഫീഖ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് സംസ്ഥാന പോലീസ് മേധാവിക്ക് ഈ നിര്‍ദേശം നല്കിയത്.
വിജയദശമി, അംബേദ്കര്‍ ജയന്തി, ഗാന്ധിജയന്തി തുടങ്ങിയവയോടനുബന്ധിച്ച് സംസ്ഥാനത്തെ 52 കേന്ദ്രങ്ങളില്‍ പഥസഞ്ചലനത്തിനും പൊതുസമ്മേളനങ്ങള്‍ക്കും ആര്‍എസ്എസ് അനുമതി തേടിയെങ്കിലും ഡിഎംകെ സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരം പോലീസ് അനുമതി നിഷേധിച്ചിരുന്നു. ഇതിനെതിരേയുള്ള ഹര്‍ജിയില്‍ സിംഗിള്‍ ബെഞ്ച് നവംബര്‍ നാലിനു പുറപ്പെടുവിച്ച വിധിയില്‍ ഗ്രൗണ്ടുകളിലോ ഹാളുകളിലോ മാത്രമേ പരിപാടികള്‍ നടത്താവൂയെന്ന് നിര്‍ദേശിച്ചിരുന്നു. ഇതു ചോദ്യം ചെയ്ത് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ നല്കിയ അപ്പീലിലാണ് പതിവുപോലെ പഥസഞ്ചലനങ്ങള്‍ നടത്താമെന്ന് ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടത്.
ഒരു ജനാധിപത്യ സര്‍ക്കാര്‍ പൗരന്മാരുടെ ഭരണഘടനാ ദത്തമായ അഭിപ്രായ, ആവിഷ്‌കാര സ്വാതന്ത്ര്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കേണ്ടതുണ്ട്. പ്രതിഷേധങ്ങളും പഥസഞ്ചലനങ്ങളും ആരോഗ്യകരമായ ജനാധിപത്യത്തിന് അനിവാര്യമാണ്, കോടതി വ്യക്തമാക്കി. ഒരു ക്ഷേമ രാഷ്‌ട്രത്തില്‍ പൗരന്മാരുടെ അവകാശങ്ങളോട് ശത്രുതാ മനോഭാവം പുലര്‍ത്താന്‍ സര്‍ക്കാരിനാകില്ല. ഇനി ആര്‍എസ്എസ് തങ്ങള്‍ക്ക് അനുയോജ്യമായ മൂന്നു തീയതികള്‍ സര്‍ക്കാരിനെ അറിയിക്കണം. ഇതില്‍ ഏതെങ്കിലും ഒരു ദിവസം പഥസഞ്ചലനത്തിന് പോലീസ് അനുമതിയേകണം, ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.
രാജ്യത്ത് ആര്‍എസ്എസിന്റെ പഥസഞ്ചലനങ്ങളും സാംഘിക്കുകളും തടഞ്ഞ ഒരേയൊരു സംസ്ഥാനം തമിഴ്‌നാടാണെന്ന് ഹര്‍ജിക്കാരനായ ജി. സുബ്രഹ്മണ്യനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ എന്‍.എല്‍. രാജ ചൂണ്ടിക്കാട്ടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: